ADVERTISEMENT

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്കി’ലെ ഉർവശിയുടെ അഭിനയത്തെ പ്രശംസിച്ച് എം. പത്മകുമാർ. ഒരു അഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുകയും പ്രേക്ഷകരെ കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതിന്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ഉള്ളൊഴുക്കിലെ ഉർവശിയുടെ അഭിനയമെന്ന് പത്മകുമാർ പറയുന്നു.

‘‘ഉർവശി എന്ന അഭിനേത്രിയെ ഞാനാദ്യം കാണുന്നത് ‘ഇൻസ്പെക്ടർ ബൽറാം’ സിനിമയുടെ സെറ്റിലാണ്. ഞാൻ ആ സിനിമയിൽ ഐ.വി.ശശി എന്ന ഇതിഹാസ സംവിധായകന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. ഉർവശി ശശിയേട്ടന്റെ 'പൊടി'യായിരുന്നു. പൊടിമോളെന്നാണ് ഉർവശിയെ വീട്ടിൽ വിളിക്കുക. അന്ന് മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരുന്നെങ്കിലും താരജാഡ ഒട്ടുമില്ലാതെ, ഏറ്റവും താഴെയുള്ള അസിസ്റ്റന്റായ എന്നോടു വരെ കലഹിച്ചും കുസൃതി കാണിച്ചും സെറ്റിൽ ഓടി നടന്ന ഉർവശിയാണ് അന്നും ഇന്നും എന്റെ മനസ്സിൽ.

പിന്നെയും ശശിയേട്ടന്റെ തന്നെ പല സിനിമകളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായി. പിന്നെ ഉർവശി നിർമാതാവായി, മനോജ് കെ.ജയന്റെ ഭാര്യയായി, പിന്നീട് എപ്പോഴോ അവർ പിരിഞ്ഞു, കുറച്ചുകാലം സിനിമ ഉർവശിയിൽ നിന്നും ഉർവശി സിനിമയിൽ നിന്നും വേറിട്ടു നിന്നു. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങി വന്ന ഉർവശിക്ക് മറ്റൊരു രൂപവും ഭാവവും ദൗത്യവും ഉണ്ടായിരുന്നു. കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കുള്ള ആ കൂടുമാറ്റങ്ങളിൽ ഏറ്റവും ഒടുവിലത്തേതായി പ്രേക്ഷകർ കണ്ടത് ‘ഉള്ളൊഴുക്കി’ലെ ലീലാമ്മയെയായിരുന്നു. 

ഒരു അഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോകുകയും പ്രേക്ഷകരെ കൂടെക്കൂട്ടുകയും ചെയ്യുന്നു എന്നതിന്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ലീലാമ്മയും ഉർവശിയും. ലീലാമ്മ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്നു പറയുമ്പോൾ ഒരു അഭിനേത്രിക്ക് തന്റെ കഥാപാത്രത്തിനായി അതിൽ കൂടുതലായി എന്താണു നൽകാനുണ്ടാവുക!

'ഉള്ളൊഴുക്ക്' എന്ന സിനിമയെ പറ്റി പറയുമ്പോൾ ക്രിസ്റ്റോ ടോമിയെയും പാർവതി തിരുവോത്തിനെയും പ്രശാന്ത് മുരളിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. പക്ഷേ സിനിമ കണ്ടിറങ്ങുമ്പോൾ എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെ ഉർവശി എന്ന ശശിയേട്ടന്റെ പഴയ പൊടിമോൾ ഉയർന്നു തന്നെ നിൽക്കുന്നു.’’–പത്മകുമാറിന്റെ വാക്കുകൾ.

English Summary:

M Padmakumar Praises Urvashi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com