വിവാഹത്തിൽ വെറുപ്പും വിദ്വേഷവും; കമന്റ് ബോക്സ് പൂട്ടി സൊനാക്ഷി സിന്‍ഹ
Mail This Article
ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ നടി സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരായി. വിവാഹവാർത്ത പ്രചരിച്ചത് മുതൽ നിരവധി അഭ്യൂഹങ്ങൾ ഈ ദമ്പതികളെ കുറിച്ച് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സൊനാക്ഷിക്കെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉടലെടുക്കുന്നത്. നടിക്കു നേരെ ട്രോൾ ആക്രമണവും കടുത്തതോടെ വിവാഹവാർത്ത പങ്കുവച്ചുള്ള പോസ്റ്റിന്റെ കമന്റ് വിഭാഗം പൂട്ടേണ്ടി വന്നു.
സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും ഒരുപോലെ സ്നേഹത്തിന്റെയും ആശംസകളുടെയും സന്ദേശങ്ങളാണ് ആദ്യമൊക്കെ പോസ്റ്റിനു ലഭിച്ചത്. എന്നാൽ പിന്നീട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിമർശന കമന്റുകൾ നിറയുകയായിരുന്നു. ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും വൻ പിന്തുണ ഉണ്ടായിരുന്നിട്ടും, ദമ്പതികളെ അവഹേളിക്കുന്ന പരാമർശങ്ങളും അനാവശ്യ വിമർശനങ്ങളും കൂടിയതോടെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.
നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുമൊക്കെ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മുന്നോടിയായി ശത്രുഘ്‌നന്‍ സിന്‍ഹയും ഭാര്യ പൂനവും സഹീറിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയുണ്ടായി.
വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി സിന്‍ഹ മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവ് ഇഖ്ബാലും വ്യക്തമാക്കിയിരുന്നു. ‘‘തീര്‍ച്ചയായും അവര്‍ മതപരിവര്‍ത്തനം നടത്തുകയില്ല. അവരുടേത് ഹൃദയങ്ങളുടെ ഒരുമിക്കലാണ്. അതില്‍ മതത്തിന് പ്രസക്തിയില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദു മതവിശ്വാസികള്‍ ഭഗവാന്‍ എന്നും ഇസ്‌ലാം മതവിശ്വാസികള്‍ അള്ളാഹു എന്നും വിളിക്കുന്നു. ആത്യന്തികമായി നമ്മളെല്ലാവരും മനുഷ്യരാണ്. സൊനാക്ഷിക്കും സഹീറിനും എന്റെ എല്ലാ അനുഗ്രങ്ങളുമുണ്ടാകും.’’-ഇഖ്ബാലിന്റെ വാക്കുകൾ.