'ഒരു ടേക്ക് കൂടിവേണം' മീര പറഞ്ഞു. 'ഞാൻ സമ്മതിച്ചില്ല'; ഉർവശി
Mail This Article
നടി ഉർവശിയും മീരാ ജാസ്മിനും മത്സരിച്ചഭിനയിച്ച ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’. ഉർവശിയുടെ അഭിനയ ജീവിതത്തിലെ തിരിച്ചുവരവിന് കാരണമായ ചിത്രം. അതിൽ പ്രേക്ഷകരെ ഏറെ രസിപ്പിച്ച സീനാണ് വെണ്ടയ്ക്ക കറി ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഉർവശി ഇംഗ്ലിഷിൽ പറയുന്നത്. ആ സീൻ സ്ക്രിപ്റ്റിൽ ഇല്ലായിരുന്നെന്നും സത്യൻ അന്തിക്കാട് എന്തെങ്കിലും കറി ഉണ്ടാക്കുന്നത് പൊട്ട ഇംഗ്ലിഷിൽ പറഞ്ഞാൽ മതി എന്നുപറഞ്ഞു ഷൂട്ട് ചെയ്യുകയായിരുന്നു എന്നും ഉർവശി ഓർത്തെടുക്കുകയാണിപ്പോൾ.
ആ സീൻ എടുത്തപ്പോൾ ഉർവശി ചെയ്‌യുന്നതുകണ്ട് വാപൊളിച്ചു നിന്ന മീര ജാസ്മിൻ, സീനിൽ തന്റെ റിയാക്ഷൻ ശരിയായില്ല ഒന്നുകൂടി എടുക്കാം എന്നു പറഞ്ഞെങ്കിലും താൻ സമ്മതിച്ചില്ല എന്ന് ഉർവശി പറയുന്നു. സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ വായിൽ തോന്നിയത് പറഞ്ഞതാണ്. പക്ഷേ ഒന്നുകൂടി പറയാൻ പറഞ്ഞാൽ വിഷമിച്ചു പോകും എന്നതുകൊണ്ടാണ് വീണ്ടുമെടുക്കാൻ സമ്മതിക്കാതിരുന്നതെന്ന് നടി പറയുന്നു. ഇതുപോലെ സിനിമയിൽ സംവിധായകർ തന്നോട് ഇഷ്ടമുള്ളത് കയ്യിൽനിന്നിട്ട് പറഞ്ഞാൽ മതി എന്നു പറയുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാകാറുണ്ടെന്നും ഉർവശി വ്യക്തമാക്കി.
‘‘അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ വെണ്ടയ്ക്ക കറി ഉണ്ടാക്കുന്നത് ഇംഗ്ലിഷിൽ പറയുന്ന സീനുണ്ട്. ഷോട്ടിന് വിളിച്ചപ്പോഴാണ് സംവിധായകൻ സത്യേട്ടൻ പറഞ്ഞത് ഉർവശി എന്തെങ്കിലും കറി വയ്ക്കുന്നത് ഇംഗ്ലിഷിൽ പറഞ്ഞോളൂ, പൊട്ട ഇംഗ്ലിഷിൽ പറഞ്ഞാൽ മതിയെന്ന്. ഞാൻ ചോദിച്ചു അതെങ്ങനെയാ പെട്ടെന്ന് കറി വയ്ക്കുന്നത് പറയുന്നേ, സത്യേട്ടൻ പറഞ്ഞു, അതൊക്കെ വരും മലയാളത്തിൽ ഒരു കറി ആലോചിച്ച് ഇംഗ്ലിഷിൽ അങ്ങ് പറ, എന്നിട്ട് സത്യേട്ടൻ, ടേക്ക് എന്നങ്ങു പ്രഖ്യാപിച്ചു. ഞാൻ ആകെ പേടിച്ചു പോയി സത്യേട്ടാ എന്തെങ്കിലും പറഞ്ഞുതാ, അദ്ദേഹം പറഞ്ഞു അതൊക്കെ അങ്ങ് വരും.
ഫിലിമിൽ ആണ് ആണ് ഷൂട്ട് ചെയ്യുന്നത്. ഇന്നത്തെപ്പോലെ കുറെ പരീക്ഷണം ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ അങ്ങനെ പെട്ടെന്ന് അങ്ങ് പറഞ്ഞതാ. എടുത്തു കഴിഞ്ഞപ്പോ മീര പറഞ്ഞു, അയ്യോ ഞാൻ ഉർവശി ചേച്ചിയെ നോക്കി അങ്ങ് നിന്നുപോയി. എന്റെ റിയാക്ഷൻ കൊള്ളില്ലായിരുന്നു നമുക്ക് ഒന്നുകൂടി എടുക്കണം എന്ന്. ഞാൻ പറഞ്ഞു ഒന്നുകൂടി എടുത്താൽ നിന്നെ ഞാൻ കൊല്ലും, കാരണം ഞാൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയാൻ വയ്യ, ഇനി അത് ഒന്നുകൂടി പറയണോ. നീ വേറെ ഷോട്ട് എടുത്തോ. അപ്പൊ സത്യേട്ടൻ പറഞ്ഞു പാവം മീരക്ക് വേണ്ടി നമുക്ക് ഒന്നുകൂടി എടുക്കാം. ഞാൻ പറഞ്ഞു പറ്റില്ല ആർക്കു വേണ്ടിയും ഞാൻ ഇനി എടുക്കില്ല. അപ്പൊ ഞാൻ എന്തോ പറഞ്ഞു എനിക്കിപ്പോ അറിയാനേ വയ്യ എന്ന്.’’ ഉർവശി ഓർത്തെടുക്കുന്നു.