ADVERTISEMENT

സിനിമാ തിയറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിയറ്ററില്‍ എത്തിയ നടന്‍ ഗോകുല്‍ സുരേഷ് ആണ് പ്രേക്ഷകര്‍ക്ക് അത്തരമൊരു സര്‍പ്രൈസ് നൽകിയത്. സിനിമാ താരങ്ങള്‍ റിലീസിനോട് അനുബന്ധിച്ചു തിയറ്ററുകള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. എന്നാല്‍ ടിക്കറ്റുകള്‍ വില്‍ക്കാനായി ഗോകുല്‍ എത്തിയപ്പോള്‍ ആവേശം കൊണ്ട് എല്ലാവരും ചുറ്റുംകൂടി. തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍ 

ജൂണ്‍ 21ന് പ്രദർശനത്തിനെത്തിയ ഡിസ്‌ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി'ക്ക് തിയറ്ററുകളില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമായതിനാല്‍ നവയുഗ സിനിമാപ്രേമികളും നിരൂപകരും ആവേശത്തോടെയാണ് സിനിമയെ ഏറ്റെടുത്തത്. 'ഗഗനചാരി' ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലൊസാഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വച്ചു നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു. 

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായക നിർമിച്ച ചിത്രമാണ് 'ഗഗനചാരി'. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി.ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സുര്‍ജിത്ത്.എസ്.പൈ ആണ് 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശങ്കര്‍ ശര്‍മ സംഗീതമൊരുക്കി. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English Summary:

Gokul Suresh at theatre for Gaganachari promotion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com