ചെക്കോവിന്റെ ഓർമകളിൽ ലീവ് മി എലോൺ
Mail This Article
ഓർമകളുടെ വലിയൊരു കൊടുങ്കാറ്റ് എപ്പോഴും അയാളെ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ഭാര്യയെ തൊഴിച്ചുകൊന്ന ഓർമയിൽ മിന്നൽച്ചുഴിയിൽ അകപ്പെട്ട പോലെ നടുങ്ങി അയാൾ. ചൂതുകളിയിൽ പണം സമ്പാദിച്ചപ്പോൾ ആ കൊടുങ്കാറ്റിനെ ഉന്മാദമാക്കിയെടുത്തു.
വിലകുറഞ്ഞ മദ്യം സ്വബോധം കെടുത്തിയപ്പോൾ അനുഭവിച്ച കൊടുങ്കാറ്റിന്റെ പേര് അയാൾക്കറിയില്ല. പാർക്കിലെ ഇലകൊഴിഞ്ഞ മരത്തിനു കീഴിലെ പച്ചനിറത്തിലുള്ള ബെഞ്ചിൽ പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് നിവർത്തിവച്ചിരുന്ന കയ്യിലാരോ പണം കൊണ്ടുവന്നു വച്ചത്. അതുമൊരു കാറ്റായിരുന്നു. കൊടുങ്കാറ്റല്ല, ഇളംകാറ്റ്. വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു കാറ്റ് അയാളെ ചുറ്റിപ്പിണഞ്ഞത്.
പിന്നെ ഇരുകാറ്റുകളും കൂടെയിരുന്ന് ഒരുപാടു നേരം, പല ദിവസങ്ങളിൽ, ഒരുപാട് വിശേഷങ്ങൾ. അതിൽ ഒരു മനുഷ്യന്റെ ജീവിതം മുഴുവനുമുണ്ടായിരുന്നു, സങ്കടവും സന്തോഷവും കോപവും അഹങ്കാരവും ധൂർത്തും ദുരന്തവും പതനവുമെല്ലാം. മുക്കാൽ മണിക്കൂർ നേരത്തെ ‘നാടകീ’യതയിൽ മുസാട്ടോവ് എന്ന റഷ്യൻ കഥാപാത്രം യാക്കോബ് എന്ന തനി മലയാള വേഷത്തിലേക്ക് പുനരവതരിക്കുന്നു.
വിശ്വപ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആന്റൺ ചെക്കോവിന്റെ എ ഫാദർ എന്ന ചെറുകഥയെ ആസ്പദമാക്കി തൃശൂർ രംഗചേതന അവതരിപ്പിച്ച ലീവ് മി എലോൺ എന്ന നാടകം നെടുകെ കീറിയ മനുഷ്യജീവിതത്തെ നോക്കിക്കാണലാണ്. 100 വർഷം മുൻപേ ചെക്കോവ് വരച്ചിട്ട ആ ജീവിതം ഇപ്പോഴും ഏതു നാട്ടിലും ഏതു മനുഷ്യനിലും കാണാം.അതുതന്നെയാണല്ലോ വിശ്വപ്രസിദ്ധ രചനകളുടെ സൗന്ദര്യം.
14 പേജ് മാത്രം വരുന്ന ചെറുകഥയെ അതേപടി പുനരാവിഷ്കരിച്ചിരിക്കുകയല്ല സംവിധായകൻ കെ.വി.ഗണേഷ്. കഥയിലെ സിനിമാറ്റിക് ആയ വിഷ്വലുകളെ അതിനേക്കാൾ നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയായ ഗണേഷ്. യുവത്വം ആവോളം ആസ്വദിച്ച് വാർധക്യത്തിൽ ഒറ്റപ്പെടുന്ന കഥാപാത്രത്തിന്റെ മനോനിലയാണ് നാടകം. ചെറുകഥയിലെന്ന പോലെ നാടകത്തിലും സദാ മദ്യലഹരിയിൽ മുങ്ങിക്കുളിച്ചയാളാണ് നായകനായ യാക്കോബ്. മകനോടുള്ള മാപ്പുപറച്ചിലും സങ്കടം പറച്ചിലുമായാണ് ചെറുകഥ പുരോഗമിക്കുന്നതെങ്കിൽ നാടകത്തിൽ ആ കഥാപാത്രം മകനാണോ സുഹൃത്താണോ അതോ പേരറിയാത്തൊരു വെറും ചെറുപ്പക്കാരനാണോയെന്നതൊന്നും ചിന്തനീയമല്ല.
മദ്യലഹരി പോലെ എല്ലാം കൂടിക്കുഴഞ്ഞുകിടക്കുന്നു. അതുമല്ലെങ്കിൽ ആ യുവാവ് ദൈവമാകാം, സ്വപ്നമാകാം.. ആ കഥാപാത്രം എന്തുമാകാം.. ആരുമാകാം. അല്ലെങ്കിലും പലപ്പോഴും എവിടെനിന്നോ ഒഴുകിവരുന്ന അലിവിന്റെ കുളിർകാറ്റല്ലേ പലപ്പോഴും ജീവിതം. സിനിമാ, ഹ്രസ്വചിത്ര നടൻ കൂടിയായ പ്രേംപ്രകാശ് ലൂയീസാണ് യാക്കോബായി അരങ്ങത്തെത്തുന്നത്. ഇടക്കാലത്ത് ഒന്നോ രണ്ടോ നാടകങ്ങളിൽ അഭിനയിച്ചതൊഴിച്ചാൽ 25 വർഷത്തിനുശേഷം നാടകത്തിലേക്കുള്ള ഈ മടങ്ങിവരവ് ആഘോഷമാക്കി മാറ്റുന്നുണ്ട് പ്രേം. വേദനയും സന്തോഷവും അഹങ്കാരവും പതനവും ലഹരിയുമെല്ലാം കൂടിക്കലർന്നൊരു കഥാപാത്രത്തെ കണ്ണെടുക്കാൻ സമ്മതിക്കാതെ കാഴ്ചക്കാരെ അനുഭവിപ്പിക്കന്നു ഈ നടൻ. ഒരു പക്ഷേ ഈ നാടകത്തെ ഒറ്റയ്ക്കു മുന്നോട്ടുനയിച്ച നടനെന്നു വേണം പറയാൻ.
ഈ കൊടുങ്കാറ്റിനെ ഉമ്മവച്ച് ഒതുക്കിയ ഇളംകാറ്റെന്ന പോലെയെത്തിയ ചെറുപ്പക്കാരൻ റിന്റൺ ആന്റണിയുടെ അഭിനയം ഒരു സൗമ്യ സംഗീതം പോലെ മനോഹരം. അധികമൊന്നും സംസാരിക്കാത്ത ആ കഥാപാത്രത്തിന്റെ ബോഡി ലാംഗ്വേജു തന്നെയാണ് കാഴ്ചയുടെയും അനുഭവത്തിന്റെയും സൗകുമാര്യം. മനോവേദന ആഴത്തിലിറങ്ങുമ്പോൾ, ഞാനൊന്ന് ഒറ്റയ്ക്കിരിക്കട്ടെ.
ലീവ് മി എലോൺ എന്ന് യാക്കോബിന്റെ കഥാപാത്രം പറയുന്നുണ്ട്. ഈ ഒറ്റയാകലാണ് പരമമായ സത്യം എന്നറിയുന്നതോടെ ശ്വാസവും നിലയ്ക്കുന്നു. യാക്കോബിന്റെ ഒന്നാം ഭാര്യയും രണ്ടാം ഭാര്യയുമായി (റോസി, അമ്മിണി) സുജാത ജനനേത്രി രംഗത്തെത്തുന്നു. രംഗചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ ഭാഗമായാണ് ലീവ് മി എലോൺ അരങ്ങേറിയത്. തുടർച്ചയായ അവതരണത്തിലെ 684 –ാം നാടകമായിരുന്നു ഇത്.