ആ സിനിമയുടെ ഫസ്റ്റ്ലുക്കിൽ നഗ്നയായി പ്രത്യക്ഷപ്പെട്ട മല്ലിക; കുറിപ്പ് വൈറൽ
Mail This Article
സിനിമയിൽ താൻ ചെയ്ത ബോൾഡ് വേഷങ്ങളെ വിമർശിച്ചവരിൽ കൂടുതലും സ്ത്രീകളായിരുന്നുവെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്ത്. ധീരമായ നിലപാടുകൾ എടുക്കുന്നതിനെ പരസ്പരം വിലയിരുത്തി സമയം കളയുന്നതിനു പകരം അത്തരം തീരുമാനങ്ങൾ എടുക്കാനുള്ള ആർജവത്തെ ആഘോഷിക്കുകയാണ് വേണ്ടതെന്ന് മല്ലിക പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മല്ലിക സ്വന്തം നിലപാട് വ്യക്തമാക്കിയത്. കരിയറിൽ ഏറ്റവും വിവാദം സൃഷ്ടിച്ച ‘ഹിസ്’ എന്ന സിനിമയിലെ ചിത്രങ്ങൾക്കൊപ്പമാണ് മല്ലിക ഷെരാവതിന്റെ പോസ്റ്റ്.
മല്ലിക ഷെരാവത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘എന്റെ അഭിനയ ജീവിതത്തിലുടനീളം, സ്‌ക്രീനിൽ ധീരമായ തിരഞ്ഞെടുപ്പുകൾ നടത്തിയതിന്റെ പേരിൽ പലപ്പോഴും പരിഹാസങ്ങളും ധാർമിക പരിശോധനയും ഞാൻ നേരിട്ടിട്ടുണ്ട്. സാമ്പ്രദായിക അതിരുകൾക്കപ്പുറത്തേക്ക് ചുവടു വച്ചതിന് ഞാൻ എപ്പോഴും ജഡ്ജ് ചെയ്യപ്പെട്ടു. സദാചാരം കളിക്കുന്നവരെ വിമർശിക്കുന്ന സ്ത്രീകളെ പുരുഷാധിപത്യ മാനദണ്ഡങ്ങളെ ധിക്കരിക്കുന്ന അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും പെരുമാറ്റത്തിന്റെ പേരിലും നിരന്തരം ലക്ഷ്യം വയ്ക്കാറുണ്ട്.
സ്ത്രീത്വത്തെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങളെ വെല്ലുവിളിക്കുന്ന റോളുകൾ അല്ലെങ്കിൽ വിവാദ വിഷയങ്ങൾ ഉൾപ്പെട്ട വേഷങ്ങൾ ഞാൻ ഏറ്റെടുത്തപ്പോൾ, ഏറ്റവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് പലപ്പോഴും സ്ത്രീകളാണെന്ന് ഞാൻ കണ്ടെത്തി! ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ മറ്റു സ്ത്രീകളെ സംരക്ഷിക്കുകയും കൈ പിടിച്ചുയർത്തുകയും ചെയ്യുന്ന ഒരു സ്ത്രീയാണെന്ന് എനിക്ക് തോന്നുന്നു. ധീരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ പരസ്പരം വിലയിരുത്തി സമയം കളയുന്നതിനു പകരം, പരമ്പരാഗത പിന്തിരിപ്പൻ വേലിക്കെട്ടുകളിൽ നിന്ന് മോചനം നേടാനെടുക്കുന്ന ആർജവത്തെ ആഘോഷിക്കുകയാണ് വേണ്ടത്.’’
മല്ലിക ഷെരാവത്തിന്റെ വാക്കുകൾ സമൂഹമാധ്യമത്തിൽ ചർച്ചയായി. ഹവായ് ഫൈവ്–ഒ എന്ന അമേരിക്കൻ വെബ് സീരീസിന്റെ പുതിയ സീസണിൽ ഒരു അഫ്ഗാൻ കഥാപാത്രത്തെയാണ് മല്ലിക അവതരിപ്പിക്കുന്നത്. താരത്തിന്റെ സ്ഥിരം ഗ്ലാമർ വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ സീരീസിലേത്.