എഐയിലൂടെ ശങ്കർ കൊണ്ടുവരുന്നത് മൺമറഞ്ഞ മൂന്ന് താരങ്ങളെ
Mail This Article
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ 2’ ട്രെയിലർ, മലയാളി–തമിഴ് സിനിമാ പ്രേമികൾക്ക് ഗൃഹാതുരതയുടെ നിമിഷങ്ങളാകുന്നു. ‘ഇന്ത്യൻ’ സിനിമയുടെ ആദ്യ ഭാഗത്തിൽ സിബിഐ ഓഫിസർ കൃഷ്ണസ്വാമിയായി പ്രത്യക്ഷപ്പെട്ട നെടുമുടി വേണുവിനെയും അന്തരിച്ച തമിഴ് അഭിനേതാക്കളായ മനോബാല, വിവേക് എന്നിവരെയും ഇന്ത്യൻ 2 ട്രെയിലറിൽ കാണാം. ഇന്ത്യൻ സിനിമയ്ക്ക് ഈ അതുല്യ പ്രതിഭകൾ നൽകിയ സംഭാവനകൾക്കുള്ള ആദരസൂചകമായി ഈ താരങ്ങൾ ഉൾക്കൊള്ളുന്ന രംഗങ്ങൾ സിജിഐയിലൂടെയാണ് അണിയറക്കാർ പുനഃസൃഷ്ടിച്ചത്.
എഐ, സിജിഐ, ബോഡി ഡബിൾസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മണ്മറഞ്ഞ താരങ്ങളെ വീണ്ടുമെത്തിക്കുന്നത്. 2021ലായിരുന്നു വിവേകിന്റെ മരണം. 2019ൽ ഇന്ത്യൻ 2വിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. വിവേകിന്റെ രംഗങ്ങളെല്ലാം നേരത്തെ തന്നെ ചിത്രീകരിച്ചുവച്ചിരുന്നു. വിവേകിന്റെ കാര്യത്തിൽ വളരെ കുറച്ചു രംഗങ്ങളിൽ മാത്രമാകും വിഎഫ്എക്സ് ഉപയോഗിക്കുക.
2023ലായിരുന്നു മനോബാലയുടെ അന്ത്യം. ആരോഗ്യാവസ്ഥ മോശമായതിനാൽ മനോബാലയ്ക്ക് ഇന്ത്യൻ 2വിൽ അഭിനയിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ രംഗങ്ങളെല്ലാം പൂർണമായും വിഎഫ്എക്സിലാകും ചിത്രീകരിച്ചിരിക്കുന്നത്.
ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും. ഫെബ്രുവരി 2020ൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു.