ADVERTISEMENT

സുഷിൻ ശ്യാമിനെപ്പോലെ ഒരു പുതുതലമുറ സംഗീത സംവിധായകൻ കെ.എസ്. ചിത്രയെ കൊണ്ട് മാലിക്കിലെ ‘തീരമേ തീരമേ അലകടലാഴമേ…’ എന്ന ഗാനം പാടിക്കുന്നതുപോലെ സൗന്ദര്യമുണ്ട് ക്രിസ്റ്റോ ടോമിയെന്ന നവാഗതനായ സംവിധായകൻ ഉർവശിയെന്ന അഭിനേത്രിയെ വീണ്ടെടുക്കുമ്പോൾ. ‘ഉള്ളൊഴുക്കി’ലെ ലീലാമ്മ ഒരേ സമയം ഉർവശിയെന്ന ചലച്ചിത്ര പ്രവർത്തകയ്ക്കുള്ള സംവിധായകന്റെ സമർപ്പണവും നടിയെന്ന നിലയിൽ ഉർവശിയുടെ ശക്തമായ തിരിച്ചുവരവിനും സാക്ഷിയാകുന്നു. 

നായികയായും പ്രതിനായികയായും സ്വാഭവനടിയായും മലയാള സിനിമയിൽ ഉർവശിയെ പോലെ നിറഞ്ഞാടിയ മറ്റൊരു അഭിനേത്രി വേറെയില്ല. മലയാളത്തിനൊപ്പം തമിഴിലും കന്നഡയിലും  തെലുങ്കിലും സാന്നിധ്യമറിയിച്ച നടിയാണ് ഉർവശി. മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (തുടർച്ചയായി മൂന്നു തവണ) രണ്ട് തവണ തമിഴനാട് സർക്കാരിന്റെ പുരസ്കാരവും ഉർവശി നേടിയിട്ടുണ്ട്. 

നായികയായി നിറഞ്ഞുനിൽക്കുമ്പോൾ തന്നെ ചെറിയ ക്യാരക്ടർ റോളുകളോ കാമിയോ റോളുകളോ ചെയ്യാൻ ഉർവശി ഒരിക്കലും മടി കാണിച്ചിട്ടില്ല. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകൻമാരുടെ നായിക പേരെടുത്തു നിൽക്കുമ്പോഴും താരതമ്യേന താരമൂല്യം കുറഞ്ഞ നടൻമാരുടെ നായികയാകാനും ഉർവശി വിമുഖത കാണിച്ചിട്ടില്ല. ഇത് സാക്ഷ്യപ്പെടുത്തുന്നത് ഉർവശിയുടെ സഹപ്രവർത്തകനായ ജഗദീഷ് തന്നെയാണ്. കരിയറിൽ കയറ്റിറക്കങ്ങളും ഇടവേളകളും ഉണ്ടായിട്ടുണ്ട് ഉർവശിക്ക്. ശക്തമായ തിരിച്ചുവരവുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ സമീപ ഭൂതകാലത്തിൽ പലപ്പോഴും ഉർവശിയെന്ന അഭിനേത്രിയെ മലയാള സിനിമ നന്നായി ഉപയോഗിച്ചിട്ടില്ലെന്നു പറയാം. ചില കാമിയോ റോളുകളിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഉർവശിക്കു മികച്ച സ്ക്രീൻ സ്പേസ് കൊടുക്കുന്ന മുഴുനീള വേഷങ്ങൾ നന്നേ കുറവായിരുന്നു. 2018-ൽ പുറത്തിറങ്ങിയ എന്റെ ഉമ്മാന്റെ പേരിലെ ഐഷയുടെ വേഷം ഉർവശിയുടെ കയ്യിൽ സുരക്ഷിതമായിരുന്നു. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോയ കഥാപാത്രത്തെ ഉർവശി മികവുറ്റതാക്കി. സമീപകാലത്തെ ഉർവശിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. 

ullozhukk-urvashi

ഉള്ളൊഴിക്കിലെ കുട്ടനാട്ടുകാരി ലീലാമ്മയിലേക്ക് എത്തുമ്പോൾ ഉർവശി ഒരിക്കൽ കൂടി അഭിനേത്രി എന്ന നിലയിൽ ഗ്രാഫ് ഉയർത്തുന്നു. ഒട്ടേറെ അടരുകളുള്ള കഥാപാത്രമാണ് ലീലാമ്മ. മലയാളത്തിൽ വളരെ വിരളമായിട്ടാണ് രണ്ടു സ്ത്രീ കഥാപാത്രങ്ങൾക്കിടിയിലുള്ള ആത്മസംഘർഷങ്ങളെ അടയാളപ്പെടുത്തി കണ്ടിട്ടുള്ളത്.  ഉള്ളൊഴുക്ക് അത്തരത്തിലുള്ള മനോഹരമായ ഒരു ശ്രമം കൂടിയാണ്. ഉർവശിയേയും പാർവതിയേയും ആ ശ്രമത്തിന്റെ ഭാഗമാക്കാനുള്ള സംവിധായകന്റെ തീരുമാനം ഉചിതവും ധീരവുമായി. കോമ്പിനേഷൻ സീനുകളിൽ ഇരുവരും മത്സരിച്ച് അഭിനയിക്കുന്നുണ്ട്. പൊതുവെ വളരെ ലൗഡായിട്ടുള്ള അഭിനേത്രിയാണ് ഉർവശി. 

ullozhukku-trailer

ഉള്ളൊഴുക്കിൽ ഉർവശിയുടെ സൂക്ഷമ ചലനങ്ങളിലൂടെ ലീലാമ്മയെ പകർത്തനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ഉർവശിയുടെ സ്വതസിദ്ധമായ ലൗഡ്നസ് നിലനിർത്തുമ്പോഴും അവരുടെ സൂക്ഷമ ചലനങ്ങൾക്കും മൗനങ്ങൾക്കും ഇടർച്ചകൾക്കുമൊക്കെ കൃത്യമായ സ്പേസ് നൽകിയാണ് ലീലാമ്മയെന്ന കഥാപാത്രത്തെ സംവിധായകൻ വികസിപ്പിച്ചെടുക്കുന്നത്. അഭിനേത്രിയെന്ന നിലയിൽ ഇനിയും ഒട്ടെറെ അങ്കങ്ങൾക്കു ബാല്യമുണ്ടെന്ന് അടിവരയിടുന്ന പ്രകടനമാണ് ഉർവശിയുടേത്. പ്രേക്ഷകരുടെ ഉള്ള് ഉലക്കുന്നുണ്ട് ഉർവശിയുടെ കഥാപാത്രം. ഇനിയും ഉർവശിയിലെ നടിക്കു വെല്ലുവിളി ഉയർത്തുന്ന പരീക്ഷണ വിധേയമാക്കുന്ന കഥാപാത്രങ്ങൾ പിറവിയെടുക്കട്ടെ, ഉള്ളൊഴുക്ക് അങ്ങനെയൊരു ഓർമപ്പെടുത്താലും മുന്നറിയിപ്പ് കൂടിയാകുന്നു എഴുത്തുകാർക്കും സംവിധായകർക്കും. 

രണ്ട് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഒരു സിനിമ മലയാളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു എന്നത് ഒരു അപൂർവതയാണ്. വളരെ പോസ്റ്റീവായ സ്വാഗതം ചെയ്യേണ്ട ഒരു ട്രെൻഡാണ് അത്. 2024 എല്ലാ അർഥത്തിലും മലയാള സിനിമയുടെ സുവർണ വർഷമെന്നു കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും. ആൺ ആഘോഷങ്ങളുടേത് മാത്രമാകുന്ന സമീപകാല മലയാള സിനിമയിൽ പ്രതീക്ഷയുടെ തോണിയാകുന്നുണ്ട് ഉള്ളൊഴുക്ക്. ഒരുപാട് വള്ളപാടുകൾക്ക് മുന്നിലാണ് ക്രിസ്റ്റോ ടോമി തുഴയെറിയുന്നത്. ക്രാഫ്റ്റിലും കാസ്റ്റിങിലും മികച്ച ടെക്നിഷ്യൻമാരെ തിരഞ്ഞെടുക്കുന്നതിലുമെല്ലാം ക്രിസ്റ്റോ കയ്യടി അർഹിക്കുന്നുണ്ട്. അതിലൊക്കെ ഉപരിയായി ഉർവശിയെന്ന അഭിനേതാവിന്റെ പൊട്ടൻഷ്യലിനെ പൂർണമായും ഫലപ്രദമായും ചൂഷണം ചെയ്തു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ്. 

English Summary:

Special Article About Urvashi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com