സർപ്രൈസ് ആയി ദുൽഖർ; ‘കൽക്കി’ കലക്കിയെന്ന് പ്രേക്ഷകർ
Mail This Article
പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എ.ഡി’ക്കു വമ്പൻ റിപ്പോർട്ട്. ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.
അശ്വഥാത്മയായി എത്തുന്ന അമിതാഭ് ബച്ചനാണ് സിനിമയുടെ കരുത്ത്. ഭൈരവ എന്ന കഥാപാത്രമായി പ്രഭാസും എത്തുന്നു. മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍ എന്നിവർക്കും മികച്ച വേഷം തന്നെയാണ് നാഗ് നൽകിയിരിക്കുന്നത്. സുപ്രീം യാസ്കിൻ എന്ന ക്രൂര വില്ലനായി കമൽഹാസൻ എത്തുന്നു.
ദുൽഖര്‍ സൽമാൻ, വിജയ് ദേവരകൊണ്ട, മൃണാൾ ഠാക്കൂർ തുടങ്ങി സൂപ്പർതാരങ്ങളുടെ നീണ്ട നിര തന്നെ അതിഥിയായി എത്തുന്നുണ്ട്.
തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പംതന്നെ എല്ലാ തരം സിനിമാ പ്രേമികളെയും ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും കല്‍ക്കി. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.