‘അക്കാര്യത്തിൽ മോഹൻലാലിനെപ്പോലെ തന്നെയാണ് ജയഭാരതിയും’
Mail This Article
1960 കാലഘട്ടത്തിലാണ് മലയാള സിനിമയിൽ പുതിയൊരു നായികാ വസന്തത്തിന് തുടക്കം കുറിക്കുന്നതെന്ന് പഴയകാല ചലച്ചിത്രനിരൂപകനും, സിനിമ ചരിത്രകാരനുമായ ശ്രീ. ചേലങ്ങാടു ഗോപാലകൃഷ്ണന്റെ ഒരു പ്രസ്താവ്യം ഉണ്ടായിരുന്നു. മലയാളത്തിൽ അന്നേവരെയുണ്ടായ നായികാ സങ്കൽങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് സ്ത്രീ സൗന്ദര്യത്തിന്റെ പുതിയൊരു ഭാവതലവുമായി കടന്നു വന്ന ഷീലയേയും, ശാരദയേയും, ജയഭാരതിയേയും കുറിച്ചായിരുന്നു ഗോപാലകൃഷ്ണന്റെ ഈ അക്ഷരഭാഷ്യം.
1962–ലായിരുന്നു ഷീലയുടെ രംഗപ്രവേശമെങ്കിൽ പിന്നീട് മൂന്നു വർഷം കഴിഞ്ഞു തെലുങ്കാനയിൽ നിന്നായിരുന്നു ശാരദയുടെ കടന്നു വരവ്. ഈ രണ്ട് അഭിനേത്രിമാരുടെ ചുറ്റും മലയാള സിനിമ ചുറ്റിക്കറങ്ങുമ്പോഴാണ് 1966ൽ പെൺമക്കൾ എന്ന ചിത്രത്തിലൂടെ മനം മയക്കുന്ന സൗന്ദര്യവുമായി ജയഭാരതിയുടെ രംഗപ്രവേശം. അനന്യവും സവിശേഷവുമായ ജയഭാരതിയുടെ മുഖകമലവും ആകാരവടിവും അന്നത്തെ കോളേജുകുമാരന്മാരുടെ മനസ്സിനെ ഹരം കൊള്ളിക്കുന്നതായിരുന്നു.
ആദ്യത്തെ ഒന്നുരണ്ടു ചിത്രങ്ങളിൽ നായികയുടെ അനിയത്തി വേഷമായിരുന്നെങ്കിലും തുടർന്ന് വന്ന കെ.എസ്. സേതുമാധവന്റെ പുനർജന്മവും ഭരതന്റെ രതിനിർവേദവും കൂടി വന്നപ്പോൾ യുവമാനസങ്ങൾ ഒന്നടങ്കം ജയഭാരതി എന്ന അഭിനേത്രിയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി. ആ രണ്ടു ചിത്രങ്ങളിലും രതിസ്പർശമുള്ള കഥാപാത്രങ്ങളാണെങ്കിലും ജയഭാരതി യാതൊരു വൈമനസ്യവും കൂടാതെ സ്വാഭാവികാഭിനയത്തിന്റെ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അതോടെ അന്നേവരെ മലയാള സിനിമയിൽ കാണാത്ത സ്ത്രീ സൗന്ദര്യത്തിന്റെ തിരപ്രവേശനമെന്നുള്ള ഒരു വിശേഷണ വാക്യം കൂടി ജയഭാരരതിയെപ്പറ്റി ഗോപാലകൃഷ്ണന്റെ വകയായി രേഖപ്പെടുത്തിയിരുന്നു. അതോടെ ഒരു വ്യാഴവട്ടക്കാലം മലയാള സിനിമയിൽ എല്ലാത്തരം േവഷങ്ങളും ചെയ്യാൻ കഴിവുള്ള ഒരേ ഒരു നായികായായി ജയഭാരതി മാറുകയായിരുന്നു.
തുടർന്ന് ഒത്തിരി മികച്ച കഥാപാത്രങ്ങളാണ് ജയഭാരതിയെ തേടി എത്തിയത്. ഇതാ ഇവിടെ വരെ, മരം, അവൾ വിശ്വസ്തയായിരന്നു, രാജഹംസം, വാടകയ്‌ക്കൊരു ഹൃദയം, സിന്ദൂരച്ചെപ്പ്, അയൽക്കാരി, രക്തമില്ലാത്ത മനുഷ്യൻ, അസ്തമയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള പരകായ പ്രവേശം പോലെ കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ ജയഭാരതി എന്ന അഭിനേത്രിക്ക് കഴിഞ്ഞു.
ഈ സമയത്താണ് ഞങ്ങൾ ചിത്രപൗർണമി സിനിമാവാരിക തുടങ്ങുന്നത്. അതിന്റെ ജോലികളുമായി ഓടി നടക്കുമ്പോഴാണ് ഒരു എക്സ്ക്ലൂസീവായ വാർത്ത കിട്ടുന്നത്. പ്രശസ്ത നായകനാടൻ വിൻസന്റും ജയഭാരതിയുടെ അനുജത്തിയും തമ്മിൽ വിവാഹിതരാവുന്നു എന്നതായിരുന്നു ആ വാർത്ത. ഞങ്ങളുടെ സുഹൃത്തും സാഹിത്യകാരനും, പത്രപ്രവർത്തനുമൊക്കെയായ വിജയൻ കരോട്ടാണ് ആ വാർത്ത അയച്ചു തന്നത്. മറ്റു വാരികകളിൽ വരുന്നതിനു മുൻപു തന്നെ ഫ്രണ്ട് പേജിൽ തന്നെ ഞങ്ങളതു കൊടുക്കുകയും ചെയ്തു. മറ്റാർക്കും കിട്ടാത്ത ആ വാർത്ത് എവിടുന്നു കിട്ടിയെന്ന ചർച്ചയായിരുന്നു അന്ന് സിനിമാ ലോകത്തു നടന്നത്.
ആ വാര്‍ത്ത വന്നു കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ മദ്രാസിൽ നിന്ന് ഞങ്ങൾക്ക് ഒരു വക്കീൽ നോട്ടീസ് വന്നു. റജിസ്ട്രേഡ് ലെറ്ററാണ്. ഞങ്ങളത് പൊട്ടിച്ചു വായിച്ചപ്പോഴാണ് പ്രശസ്ത നടിയായ ജയഭാരതിയുടെ വക്കീൽ നോട്ടീസാണെന്ന് മനസ്സിലായത്. ജയഭാരതിയുടെ അനിയത്തിയും സിനിമാ നടൻ വിൻസെന്റുമായുള്ള വ്യാജ വിവാഹവാർത്ത കൊടുത്തതിന്റെ പേരിലുള്ള വക്കീൽ നോട്ടീസായിരുന്നു അത്. ഒരു വിവാഹവാർത്ത വന്നതിന് എന്തിനാണ് ഇങ്ങനെ വക്കീൽ നോട്ടീസ് അയയ്ക്കുന്നത് ? ഞങ്ങളെ വിളിച്ചു ചോദിച്ചാൽ പോരെ നിജസ്ഥിതി അറിയാമല്ലോ. അതുകൊണ്ടു തന്നെ അതത്ര സീരീയസ്സായി ഞങ്ങൾ എടുത്തില്ല. എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോൾ നോക്കാമെന്നുള്ള പത്രക്കാരുടെ ധാര്‍ഷ്ട്യം ഞങ്ങളെയും പിടികൂടിയിരുന്നു.
ഈ വാർത്ത വന്നു മൂന്നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ കെ. എസ് സേതുമാധവൻ സംവിധാനം ചെയ്യുന്ന ‘കലിയുഗ’ത്തിന്റെ ചിത്രീകരണം ആലുവാ പാലസ്സിൽ തുടങ്ങുന്നതായി ഞങ്ങൾ അറിഞ്ഞു. സത്യന്റെ മരണശേഷം ഒഴിഞ്ഞു കിടക്കുന്ന ആ സിംഹാസനത്തിലേക്ക് നടൻ സുധീറിനെ അവരോധിച്ചു കൊണ്ടുള്ള ചിത്രമായിരുന്നത്. സത്യന്റെ രൂപവും ഭാവവും വേഷഭൂഷാദികളും നൽകി മഞ്ഞിലാസും സേതു സാറും കൂടി ഒരു പരീക്ഷണം നടത്തുകയായിരുന്നു. ജയഭാരതിയായിരുന്നു അതിലെ നായിക. പടമിറങ്ങിയപ്പോൾ സത്യന്റെ സിംഹാസനം ഒരു പാഴ്ശ്രമമായി പരിണമിക്കുകയായിരുന്നു.
മിക്ക ചിത്രങ്ങളുടെയും ഷൂട്ടിങ് ലൊക്കേഷനിൽ പോയി റിപ്പോർട്ടുകൾ ശേഖരിക്കുക അന്ന് ഞങ്ങളുടെ ഒരു പതിവു ശീലമായിരുന്നു. പതിവു പോലെ ഞാനും സെബാസ്റ്റ്യൻ പോളും കൂടി കലിയുഗത്തിന്റെ ലൊക്കേഷനായ ആലുവാ പാലസ്സിലെത്തിയപ്പോൾ ആദ്യം കണ്ടത് ജയഭാരതിയെയായിരുന്നു. ഭാരതിയും, കെപിഎസി ലളിതയും കൂടി പാലസ്സിന്റെ കടവിൽ നിന്ന് കുളിച്ചുകയറി വരുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഞങ്ങൾ ഒട്ടും കൂസാതെ തന്നെ ജയഭാരതിയുടെ അടുത്തേക്ക് ചെന്നു. ഞങ്ങളെ ആദ്യമായി കാണുന്നതു കൊണ്ട് ചിത്രപൗർണമിയുടെ ആൾക്കാരാണെന്ന് അവർക്കറിഞ്ഞു കൂടായിരുന്നു.
ഞങ്ങൾ അവരുടെ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ജയഭാരതി പാലസ്സിന്റെ താഴത്തെ മുറിയിലേക്ക് പോകാനായി നടന്നപ്പോൾ ഞങ്ങൾ അടുത്തു ചെന്നു. കൂടെ അവരുടെ അകമ്പടിയായി ലളിതയുമുണ്ട്. ഞങ്ങളെ കണ്ടപ്പോൾ ജയഭാരതി അപരിചിത ഭാവത്തിൽ നോക്കുന്നതു കണ്ടു സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഞങ്ങൾ മിത്രങ്ങളല്ല ശത്രുക്കളാണ്
മനസ്സിലാകാത്ത ഭാവത്തിൽ ജയഭാരതി സംശയത്തോടെ ഞങ്ങളെ നോക്കി.
ഞങ്ങൾ ചിത്രപൗർണമിയുടെ ആൾക്കാരാണ്, ഞാൻ പറഞ്ഞു.
ചിത്രപൗർണമി എന്നു കേട്ടപ്പോൾ ഭൂമികുലുക്കവും ഉരുൾപൊട്ടലും ഒന്നിച്ചുണ്ടാകുന്നതു പോലുള്ള ഒരു പ്രത്യേക സ്വരമാണവരിൽ നിന്ന് ഉണ്ടായത്. അവർ ദേഷ്യത്തിൽ നടന്നുകൊണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ടു മുറിയിലേക്ക് നടക്കുകയാണ്. ഞങ്ങളും കൂസാതെ പുറകെ ചെന്നു. അന്നത്തെ ജയഭാരതിയുടെ പെർഫോമൻസ് ഇപ്പോഴും എന്റ മനസ്സിൽ മായാതെ കിടപ്പുണ്ട്. നല്ലൊരു അഭിനേത്രിയാണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവടയാളമായിരുന്നത്. ഞങ്ങൾ മുറിയിലേക്ക് ചെല്ലുന്നതു കണ്ട് അവരുടെ മുഖത്ത് വല്ലാത്ത ദേഷ്യവും വെറുപ്പും കത്തിപ്പടർന്നു.
ഒരനുനയത്തിൽ ഉണ്ടായ സത്യാവസ്ഥ ഞങ്ങൾ നിരത്തിയപ്പോൾ ജയഭാരതി അൽപം ഒന്നു തണുത്തു കൊണ്ട് പറഞ്ഞു. ‘‘എന്നെപ്പറ്റി നിങ്ങൾ എന്തു വേണമെങ്കിലും എഴുതിക്കോളൂ. ഞാനൊരു ആർട്ടിസ്റ്റായതുകൊണ്ടു അതു കേൾക്കാൻ വിധിക്കപ്പെട്ടവളാണ്. പക്ഷേ വീട്ടിലിരിക്കുന്ന എന്റെ സിസ്റ്ററെക്കുറിച്ച് എഴുതാൻ നിങ്ങളോട് ആരാണ് പറഞ്ഞതാണ്. ഇങ്ങനെയുള്ള ഫേക്ക് ന്യൂസ് കിട്ടുമ്പോൾ നിങ്ങൾ എന്നെ വിളിച്ചു ചോദിക്കണം. അതൊന്നും ചോദിക്കാതെ ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്ന വിധത്തിലുള്ള ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുന്നത് വളരെ തെറ്റാണ്.’’
അവരുടെ സംസാരത്തിൽ ദേഷ്യവും സങ്കടവും ഒരേയളവിൽ കൂട്ടു പിണഞ്ഞു കിടന്നു. അവർ പറഞ്ഞതിൽ സത്യമുണ്ടെന്നു തോന്നിയപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. വിജയൻ കരോട്ടു ഇങ്ങനെ ഒരു ന്യൂസ് അയച്ചു തരാൻ കാരണം എന്താണെന്ന് ഞങ്ങൾ തിരക്കാമെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു. ‘‘ഇങ്ങനെയുള്ള ഗോസിപ്പുകൾ പലതും വരും, എന്നെപ്പറ്റിയാണെങ്കിൽ എന്നെ വിളിച്ചു ചോദിക്കണം. ഏതായാലും ഞാൻ ഇപ്പോൾ കേസിനൊന്നും പോകുന്നില്ല. അടുത്ത ലക്കത്തിൽ തന്നെ നല്ലൊരു തിരുത്തു കൊടുത്താൽ മതി.’’
ഈ സംഭവത്തോടെ പുതിയൊരു സൗഹൃദത്തിനു തുടക്കം കുറിക്കുക കൂടിയായിരുന്നു. ഇതെ തുടർന്നാണ് ഞങ്ങൾ ഐ.വി. ശശിയെക്കൊണ്ടു ചെയ്യിച്ച ‘ഈ മനോഹര തീര’ത്തിലും' 'അനുഭവങ്ങളെ നന്ദി'യിലും ജയഭാരതി നായികയായി വരാൻ നിമിത്തമായത്. സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ തൊട്ടു നിൽക്കാനും, ആരുടെയും മുഖത്തുനോക്കി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും ഒട്ടും മടിയില്ലാത്ത ഒരു വ്യക്തിത്വത്തിനുടമാണ് ജയഭാരതി എന്ന് എനിക്കു അപ്പോൾ തോന്നി. ഇത്തരത്തിലുള്ള സ്വഭാവവിശേഷങ്ങൾ കൊണ്ട് ജീവിതത്തിൽ പല പ്രതിസന്ധികളും അവർക്ക് നേരിടേണ്ടതായും വന്നിട്ടുണ്ട്.
ഏറെ വർഷങ്ങൾക്കു ശേഷം ഞാന്‍ തിരക്കഥാകാരനായി വന്ന സമയത്ത് ജയഭാരതി അഭിനയം മതിയാക്കി വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നതുകൊണ്ട് എന്റെ ഒരു സിനിമയിലും അവരെ അഭിനയിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. പിന്നീട് ആറേഴു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ജയഭാരതിയുടെ സാന്നിധ്യം ഉപയോഗിക്കാനുള്ള അവസരം എനിക്കു വന്നു ചേർന്നത്. ഞാനും ജോഷിയും കൂടി ചെയ്യുന്ന ജനുവരി ഒരു ഓർമയിൽ മോഹൻലാലിന്റെ പ്രൗഢയായ അമ്മ വേഷം ആർക്കു കൊടുക്കുമെന്നുള്ള ചർച്ചയിലാണ് പെട്ടെന്ന് എന്റെ മനസ്സിേലക്ക് ജയഭാരതി കടന്നു വന്നത്. ഞാനതു ജോഷിയോട് സൂചിപ്പിച്ചപ്പോൾ എന്റെ സെലക്ഷൻ അയാൾക്കും ഇഷ്ടമായി.
ഞാനുടനെ ജയഭാരതിയെ മദ്രാസിലേക്ക് വിളിച്ചു. ഏറെ വർഷങ്ങൾക്കു ശേഷമുള്ള കണ്‍മഷമില്ലാത്ത ഒരു സൗഹൃദത്തിന്റെ വിളിയായിരുന്നു അത്. ഞാൻ ക്യാരക്ടറിനെക്കുറിച്ചും മോഹൻലാലിന്റെ അമ്മയുടെ വേഷമാണെന്നുമൊക്കെ പറഞ്ഞപ്പോൾ ആറേഴു വർഷമായി അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്ന അവർ ആ കഥാപാത്രം ചെയ്യാനായി സമ്മതം മൂളുകയായിരുന്നു. നമ്മുടെ പല നടികളും വേഷം മോശമാണെങ്കിലും പ്രതിഫലം കൂടുതൽ കിട്ടിയാൽ അഭിനയിക്കാൻ തയാറാകുമെങ്കിലും ജയഭാരതിയെ അതിൽ നിന്നൊക്കെ വിഭിന്നമായിട്ടാണ് എനിക്കു തോന്നിയത്.
1986 ഒക്ടോബറിൽ കൊടൈക്കനാലിൽ വച്ചായിരുന്നു ജനുവരി ഒരു ഓർമയുടെ ഷൂട്ടിങ്. മോഹൻലാലുമായി ആദ്യമായിട്ട് അഭിനയിക്കാൻ പോവുകയാണ്. കൈക്കുഞ്ഞായ മകൻ കൃഷുമായി കാറിൽ നിന്നിറങ്ങി ഹോട്ടൽ മുറിയിലേക്ക് കയറി വന്ന ആ രംഗം എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. പെട്ടെന്ന് ജയഭാരതിയെ കണ്ടപ്പോൾ അന്നുകണ്ട ആ നായികയുടെ രൂപഭംഗിക്കും സൗന്ദര്യത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് എനിക്കു തോന്നിപ്പോയി. ജയഭാരതിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നത് കാണാനായി ആദ്യദിവസം തന്നെ ഞാൻ ലൊക്കേഷനിൽ പോയി. അമ്മയും മകനും തമ്മിലുള്ള സെന്റിമെന്റ്സ് സീനിൽ ജയഭാരതിയുടെ ഇരുത്തം വന്ന അഭിനയം വളരെ പ്രശംസനീയമായിരുന്നു.
പിന്നീട് പതിനൊന്നു വർഷങ്ങൾക്കു ശേഷമാണ് ഞാൻ എഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘എഴുപുന്നതരകനി’ലും ജയഭാരതി അഭിനയിക്കാനായി ഞാൻ വിളിക്കുന്നത്. അതിൽ മമ്മൂട്ടിയുടെ ആന്റിയുടെ വേഷമായിരുന്നു അവർക്ക്. അഭിനയിക്കാൻ ലൊക്കേഷനിലെത്തിയാൽ മോഹൻലാലിനെപ്പോലെ തന്നെയാണ് ജയഭാരതിയും. സംവിധായകനോ നിർമാതാവിനോ ഒന്നും ഒരു തലവേദനയും ഉണ്ടാവാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. താൻ വലിയ നായിക താരമായിരുന്നെന്ന അഹങ്കാരമോ, ആ ഷോട്ടിൽ അഭിനയിക്കില്ല, ആ വസ്ത്രം ധരിക്കില്ല എന്നുള്ള അനാവശ്യമായ വാശിപിടുത്തമോ ഒന്നും ജയഭാരതി കാണിക്കാറില്ല. ഇതുകൊണ്ടു തന്നെ ആയിരിക്കും ജയഭാരതിയെ സ്വർണത്തിന് സുഗന്ധം പോലെയെന്ന് സിനിമലോകവും പ്രേക്ഷകരും ഒരു പോലെ പ്രകീർത്തിക്കുന്നത്.