ADVERTISEMENT

മഹാഭാരതയുഗത്തിലെ വീരോജ്വല കഥാപാത്രങ്ങള്‍. അവരില്‍ നിന്നും തുടങ്ങി വരും കാലങ്ങളിലെ അസാധാരണക്കാരായ കഥാപാത്രങ്ങളിലേക്ക് എത്തി നില്‍ക്കുന്ന സഞ്ചാരം. അവരൊക്കെയും പരസ്പരം എത്രമേല്‍ ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് അദ്ഭുതപ്പെടുത്തുന്ന ചലച്ചിത്രകാവ്യമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’. സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു കഥയില്‍ പ്രേക്ഷകന് ആകാംക്ഷയും കൗതുകവുമൊക്കെ പകരുന്ന കുറേ നിമിഷങ്ങളുണ്ട്. അശ്വത്ഥാമയായി അമിതാഭ് ബച്ചനും അര്‍ജുനനായി വിജയ് ദേവരകൊണ്ടയും എത്തുമ്പോള്‍ പുരാണത്തിലെ കര്‍ണന്റെ ഭാവങ്ങളെ ആവാഹിച്ച കഥാപാത്രമാണ് പ്രഭാസിന്റെ ഭൈരവ. അങ്ങനെ എങ്കില്‍ പ്രഭാസിന്റെ വളര്‍ത്തച്ഛനായി വേഷമിട്ട ദുല്‍ഖര്‍ സല്‍മാന്‍ പുരാണത്തിലെ ഏത് കഥാപാത്രമായാണ് എത്തിയിരിക്കുന്നതെന്ന രസകരമായ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്നത്.

ചിത്രത്തിലെ നായകനായി എത്തിയ ഭൈരവയുടെ വളര്‍ത്തച്ഛനായ ഒരു ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സ്‌ക്രീനില്‍ എത്തുന്നത്. ഭൈരവയെ അമാനുഷികതയുടെ ലോകത്ത് എല്ലാ വിദ്യകളും പഠിപ്പിക്കുന്നത് ക്യാപ്റ്റനാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ക്യാപ്റ്റനെപോലും ഭൈരവ തന്ത്രംകൊണ്ട് പരാജയപ്പെടുത്തുന്നുണ്ട്. പുരാണവുമായി താരതമ്യം ചെയ്യുമ്പോള്‍ ദുല്‍ഖറിന്റെ കഥാപാത്രം പരശുരാമനുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് എന്നാണ് ചില സോഷ്യല്‍ മീഡിയ പണ്ഡിതന്മാരുടെ വാദം. കാര്യ കാരണസഹിതം അവര്‍ വിശദീകരിക്കുന്നുമുണ്ട്.

കര്‍ണനെ മകനെപോലെ സ്‌നേഹിച്ച് ആയോധനകലകള്‍ പഠിപ്പിക്കുന്നത് പരശുരാമനാണ്. എന്നാല്‍ പിന്നീട് ഒരു ഘട്ടത്തില്‍ ബ്രാഹ്‌മണനെന്ന വ്യാജേന തന്റെ അരികില്‍ നിന്നും വിദ്യ അഭ്യസിച്ച കര്‍ണനെ പരശുരാമന്‍ തള്ളി പറയുന്നുമുണ്ട്. പുരാണത്തിലെ ഇത്തരം സന്ദര്‍ഭങ്ങളെ പുതിയ കാലത്തേക്ക് ചേര്‍ത്തുവച്ചതാണ് ദുല്‍ഖറിന്റെ ക്യാപ്റ്റൻ എന്ന കഥാപാത്രം എന്നതാണ് പ്രധാനവാദം. മറ്റൊരു വാദമാണ് രസകരം. ചിരഞ്ജീവിയായ പരശുരാമന്‍ എപ്പോഴും ചെറുപ്പം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവത്രെ. ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന് കാലഘട്ടങ്ങളുടെ വ്യത്യാസങ്ങള്‍ വന്നിട്ടും എവിടെയും ചെറുപ്പം നഷ്ടമായതായി കാണിക്കുന്നില്ല. ഇതും പരശുരാമന്റെ സൂചനകളാണെന്ന് ഇവര്‍ പറയുന്നു.

ഇനി കാര്യങ്ങള്‍ ഇങ്ങനെയൊക്കെ എങ്കില്‍ കല്‍ക്കിയുടെ രണ്ടാം പകുതിയില്‍ ദുല്‍ഖറിന്റെ അഴിഞ്ഞാട്ടം കാണാമെന്ന് പ്രവചിക്കുന്നവരുമുണ്ട്. കാരണം പുരാണത്തില്‍ കല്‍ക്കിയുടെ ഗുരുനാഥനാണ് പരശുരാമന്‍. അപ്പോള്‍ സ്വാഭാവികമായും ക്യാപ്റ്റൻ ചെയ്യാനേറെ കാര്യങ്ങളുണ്ടാവും. എന്തായാലും സിനിമ അവസാനിക്കുമ്പോള്‍ ദുല്‍ഖറിന്റെ കഥാപാത്രം ദുരൂഹതകള്‍ ഏറെ നിറഞ്ഞ കോംപ്ലക്‌സിനുള്ളിലാണുള്ളത്. അവിടേക്ക് ഇനി ഭൈരവ എത്തി പിതാവിനെ രക്ഷിക്കുമോ എന്നൊക്കെ രണ്ടാം പകുതിയില്‍ കണ്ടറിയണം.

കര്‍ണനു സമാനനായ ഭൈരവയുടെ വളര്‍ത്തച്ഛന്‍ മാത്രമാണ് ക്യാപ്റ്റൻ. അങ്ങനെ എങ്കില്‍ കര്‍ണന്റെ യഥാർഥ പിതാവായ സൂര്യന്‍ ആരായിരിക്കും എന്ന ചര്‍ച്ചയും മറ്റൊരു വശത്ത് നടക്കുന്നുണ്ട്. സാക്ഷാല്‍ മോഹന്‍ലാലോ മമ്മൂട്ടിയോ സൂര്യനായി എത്തി ‘കല്‍ക്കി’യുടെ രണ്ടാം പകുതി തൂത്തുവാരുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.

English Summary:

Unveiling Dulquer Salmaan's Character in 'Kalki 2898 AD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com