മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി അധിക്ഷേപിച്ചെന്ന് പരാതി; മാപ്പ് പറഞ്ഞ് സിദ്ദീഖ്
Mail This Article
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രതിനിധികളെ സുരക്ഷാ ജീവനക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ്. തന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാൻ കാരണമായതെന്നും ഇനി ഇങ്ങനെയൊന്നുണ്ടാകാതെ ശ്രദ്ധിക്കാമെന്നും സിദ്ദീഖ് പറഞ്ഞു.
ഞായറാഴ്ചയാണ് കലൂരിലെ കൺവൻഷൻ സെന്ററിൽ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനു തുടക്കം കുറിച്ചത്. രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗം നടക്കുന്ന ഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ അനുവദിക്കുമെന്ന് ‘അമ്മ’യിൽ നിന്നു തന്നെ മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, വളരെ മോശമായ രീതിയിലായിരുന്നു സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം.
കൺവൻഷൻ സെന്ററിന്റെ പുറത്തു റോഡിൽ വച്ചു തന്നെ മാധ്യമങ്ങളെ ബൗൺസർമാരെ ഉപയോഗിച്ചു തടയുകയും മണിക്കൂറോളം സമയം പെരുമഴയത്തു നിർത്തുകയും ചെയ്തു.
ഒടുവിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചപ്പോഴാണ് ഉള്ളിൽ കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി അപമാനിക്കുന്ന തരത്തിലാണ് തങ്ങളോട് പെരുമാറിയതെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർ രംഗത്തെത്തി. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിരുന്നു.