ADVERTISEMENT

സിനിമയെക്കുറിച്ച് മോശം റിവ്യൂ പറയുന്ന പ്രവണത സ്വന്തം സഹപ്രവർത്തകരുടെ ഇടയിലുമുണ്ടെന്ന് തുറന്നു പറഞ്ഞ് രമേശ് പിഷാരടി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും എന്നാൽ ഒരു സംഘടനയിൽ നിന്ന് ഇതുപോലുള്ള അഭിപ്രായങ്ങൾ പറയുമ്പോൾ, സംഘടനയ്ക്കാണ് അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്നും രമേശ് പിഷാരടി പറയുന്നു. ‘ഈ അടുത്ത ഇടയ്ക്ക് നമ്മുടെ ഒരു അംഗം ഒരു സിനിമ കാണുകയും ആ സിനിമയെപ്പറ്റി ഒരു റിവ്യൂ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതി ഇടുകയും ചെയ്തു. രണ്ട് നടന്മാരുടെ സ്കിറ്റ് കണ്ടു. അത് വളരെ മോശമായിരുന്നു എന്നായിരുന്നു ആ പോസ്റ്റ്. ആ അംഗം ഈ സംഘടനയിൽ നിന്നും മൂന്ന് നാല് ലക്ഷം രൂപയിൽ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അതിനുശേഷം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരങ്ങളോടും മറ്റും സംസാരിക്കാൻ ചെല്ലുമ്പോൾ, ചിലർ ഈ സ്ക്രീൻഷോട്ട് കാണിച്ചിട്ട് ‘‘ഇവനെയൊക്കെ സഹായിക്കാൻ വേണ്ടിയല്ലേ ഞാൻ വരേണ്ടത്’’ എന്ന് ഞങ്ങളോട് ചോദിക്കുകയാണ്. അത്തരം ചില സന്ദർഭങ്ങളിൽ ഞങ്ങൾക്ക് ഉത്തരമില്ലാതെ പോകുന്നു.’–രമേശ് പിഷാരടിയുടെ വാക്കുകൾ. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ (മാ)യുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ.

ചില ക്ഷേത്രങ്ങളിൽ നമ്മുടെ പ്രോഗ്രാം ബുക്ക് ചെയ്യുമ്പോൾ ആറും ഏഴും ദിവസം നീണ്ടുനിൽക്കുന്ന ഉത്സവങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ ലാസ്റ്റ് ദിവസം പ്രോഗ്രാം ബുക്ക് ചെയ്തു കിട്ടുന്നയാൾക്ക് കോളാണ്. ആ കാലത്തുള്ള പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും അതിന് മുൻപുള്ള ദിവസങ്ങളിൽ തന്നെ ഒരു വിധപ്പെട്ട എല്ലാ ഗ്രൂപ്പുകാരും അവിടെ അവതരിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ലാസ്റ്റ് ദിവസം കളിക്കുന്നതിന് വലിയ ബാധ്യതയാണ്. അതുപോലെതന്നെയാണ് ഇവിടെയും. ഇവിടെ സംസാരിക്കാവുന്നതും കാര്യങ്ങൾ അറിയാവുന്നതും പറയാവുന്നതും ആയ കാര്യങ്ങൾ എല്ലാം തന്നെ എനിക്ക് മുൻപ് നിന്നവരെല്ലാം തന്നെ പ്രസംഗിച്ചു തീർത്തതിനുശേഷം ആണ് മൈക്ക് എന്നിലേക്ക് എത്തുന്നത്. പുതിയൊരു കാര്യം പറയുക എന്നത് ഇനി വളരെ ശ്രമകരമായ ജോലിയാണ്.

ഒരു കാലഘട്ടം വരെയുള്ളവരുടെ, പ്രത്യേകിച്ചും ഇവിടെ ഇപ്പോഴുള്ള എന്റെ ഉൾപ്പെടെയുള്ള മിക്ക ആളുകളുടെയും ബാല്യ കൗമാരങ്ങളിൽ കേട്ടിട്ടുള്ള മോട്ടിവേഷൻ ക്ലാസുകളിൽ എപ്പോഴും പറയാറുള്ളതാണ് ‘അർഹിക്കാത്തത് ആഗ്രഹിക്കരുത്’ എന്ന്. ഇന്നാണ് അത്, ‘കുന്നിക്കുരുവോളം ആഗ്രഹിച്ചാലെ കുന്നോളം കിട്ടുകയുള്ളൂ’ എന്നതിലേക്ക് എത്തിയത്. കലയിലേക്ക് വരുന്ന സമയത്ത് ‘ദേ മാവേലി കൊമ്പത്തിൽ’ അഭിനയിക്കണമെന്ന് ആഗ്രഹിച്ചാൽ, ആ ആഗ്രഹം ശരിക്കും നമുക്ക് അർഹിക്കാത്തതാണോ, അതോ അതു കൂടുതലാണോ എന്ന് ചിന്തിക്കുന്ന അവസ്ഥയിലാണ് ഞാൻ ഒക്കെ ഉണ്ടായിരുന്നത്. അവിടെ നിന്നുമാണ്‌ സ്റ്റേജ് ഷോകളിലും ടിവി ഷോകളിലും സിനിമകളിലും ഒക്കെ പങ്കെടുത്ത് നമ്മളും നമ്മുടെ സംഘടനയും ഇന്ന് ഇപ്പോൾ ഇവിടെ എത്ര രാജകീയമായാണ് ഒത്തുകൂടിയിരിക്കുന്നത്. ആ ഒരു രാജകീയമായ ഒത്തുകൂടലിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അതിന് കൂടെ നിന്നവരോട് നന്ദി പറയുന്നു.

രണ്ടാമതും തിരഞ്ഞെടുപ്പില്ലാതെ ഈ ഭരണസമിതിയെ വീണ്ടും തുടരാൻ അനുവദിച്ചു. അത് നല്ലതും വലിയതുമായ ഒരു തീരുമാനമാണ്. രാഷ്ട്രീയത്തിൽ ഭരണം നിർവഹിക്കുന്നത് ഭരണകർത്താക്കൾ ആണ് എന്നൊക്കെ പറയാറുണ്ട്. സംഘടനയിൽ അതിന്റെ പേര് ഭാരവാഹികൾ എന്നാണ്, അതൊരു ഭാരമാണ്. അത് കൃത്യമായി ചുമക്കാനും അതിനെ മുന്നിലേക്കു കൊണ്ടുപോകാൻ പറ്റുന്നവരും അതിന്റെ തലപ്പത്ത് ഉണ്ടാവുക എന്നു പറയുന്നത് വലിയ കാര്യമാണ്. ഒരു ഉദാഹരണം പറഞ്ഞാൽ നമ്മളിലെല്ലാം ഈ അധികാരം വികേന്ദ്രീകരിച്ചാൽ നമുക്ക് പലർക്കും പലതും ഒക്കെ ആകാൻ സാധിക്കും. ഇക്കാര്യം ഞങ്ങൾ ഇടയ്ക്ക് സംസാരിക്കാറുണ്ട്. കോവിഡ് വളരെ അധികം വ്യാപിച്ചു നിൽക്കുന്ന സമയത്ത് നമ്മൾ ഒരു യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ സഹായത്തിനായി ലുലു ഗ്രൂപ്പിനോട് സംസാരിക്കാനുള്ള തീരുമാനമുണ്ടായി. അങ്ങനെ നമ്മൾ ലുലുവുമായി ബന്ധപ്പെട്ട ആൾക്കാരോട് സംസാരിച്ചു. അന്ന് ലുലു ഗ്രൂപ്പിലെ യൂസഫലി സാർ സംഘടനയിലുള്ള നമുക്ക് എല്ലാവർക്കുമായി ഒരു കിറ്റ് തന്നു. സംഘടനയ്ക്ക് പുറത്തുനിന്നുമുള്ള അത്തരം സഹായങ്ങൾ, സംഘടനയുടെ തലപ്പത്ത് ഉണ്ടായിരിക്കുന്ന ആളുകളുടെ ആത്മബന്ധങ്ങളുടെ ഭാഗമായി നമുക്ക് കിട്ടുന്നതാണ്. സംഘടനയ്ക്കു വേണ്ടി പുറത്തിറങ്ങി നടന്നു സംസാരിക്കാനും, ഫണ്ട് സ്വരൂപിക്കാനും ഒക്കെ നമുക്കൊരു കൂട്ടായ്മ തന്നെ വേണം. 

ഉദാഹരണത്തിന് തിരുവല്ല ഷോ. ആ ഷോയിൽ നിന്ന് ഫണ്ട് സമാഹരിക്കാനും ആ ഫണ്ട് നമ്മുടെ സംഘടനയിലെ പല ആളുകൾക്കു വേണ്ടി ഉപയോഗിക്കാനും നമുക്ക് പറ്റിയത് വലിയ കാര്യമാണ്. അത്തരത്തിൽ നിസ്വാർത്ഥമായി നമുക്ക് വേണ്ടി പ്രവർത്തിക്കാനും, സംഘടനയെ മുന്നിലേക്ക് കൊണ്ടു പോകുവാനും എല്ലാം കെൽപ്പുള്ള ആളുകളാണ് ഇപ്പോൾ നയിക്കുന്നത്. അവർക്കൊപ്പം നിൽക്കാൻ കഴിയുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്. 

നാദിർഷ ഇക്കയുടെയും ഷാജൻ ചേട്ടന്റെയും ഒക്കെ കോമ്പിനേഷൻ വളരെ നല്ലതാണ്. നാദിർഷ ഇക്ക പോലും ചിലപ്പോൾ വൈകാരികമായി ചില കാര്യങ്ങളെ സമീപിക്കും. അത് നിങ്ങൾ അറിയുന്നില്ല എന്നുമാത്രം. ഭരണകർത്താക്കൾക്ക് എന്നും വേദന മാത്രം എന്നത് യാഥാർഥ്യമാണ്. യേശുവിനെ കുരിശിൽ കിടത്തി ക്രൂശിച്ച ഒരു നാടാണ്. മാത്രമല്ല ഒരു പ്രവാചകനും കട്ടിലിൽ കിടന്ന് മരിച്ചിട്ടുമില്ല. നല്ലതു ചെയ്ത എല്ലാവരെയും തല്ലിക്കൊന്ന ചരിത്രമേ എല്ലാ പുരാണത്തിലും നാം വായിച്ചിട്ടുള്ളൂ. എല്ലാ ദൈവങ്ങൾക്കും തട്ട് കിട്ടിയിട്ടേ ഉള്ളൂ എന്നത് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാവും. ചിലപ്പോൾ ചില നല്ല കാര്യങ്ങൾ ചെയ്താൽ ചില മോശം വർത്തമാനങ്ങളോ മോശമായ അഭിപ്രായങ്ങളോ ഒക്കെ കേൾക്കേണ്ടി വരുന്നു. അപ്പോൾ അദ്ദേഹം വൈകാരികമായി സംസാരിക്കാറുണ്ട്. എന്നാൽ നാളിതുവരെ അങ്ങനെ ഒന്നുപോലും ഉണ്ടാവാതെ, വളരെ പക്വമായി കാര്യങ്ങളെ ശ്രദ്ധിക്കുന്ന ഒരാളാണ് ഷാജോൺ ചേട്ടൻ. അതുകൊണ്ടുതന്നെ ആ ഒരു കോംബോ എപ്പോഴും നല്ലതാണ് എന്ന് ഞാൻ പറയും. ഇനിയും വളരെ നന്നായി മുന്നോട്ടു പോകാൻ നമുക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ചെറിയ കാര്യങ്ങള്‍ കൂടി പറയാം. നമുക്കെല്ലാം ജനാധിപത്യമായ അവകാശങ്ങൾ ഉണ്ട്. ചില അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്കും നിരൂപണങ്ങൾ പറയുന്നതിനും എല്ലാം നമുക്ക് അവകാശങ്ങൾ ഉണ്ട്. ഇപ്പോൾ നടക്കാൻ പോകുന്ന ഒരു ഷോയുമായി ബന്ധപ്പെട്ട അഡ്വാൻസ് വാങ്ങുന്നതിനായി എഗ്രിമെൻറ് ചെയ്യാൻ പോയ ഒരു കഥ ഉണ്ട്. എഗ്രിമെൻറ് ഒപ്പിടാനായി സതീശൻ ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങൾ ഒപ്പിടാൻ ചെന്നപ്പോൾ ഒരു വലിയ ഓഡിറ്റോറിയം നിറച്ച് അവിടെ ആളുകളാണ്. സ്റ്റേജിൽ വച്ചിട്ടാണ് എഗ്രിമെൻറ് ഒപ്പിടേണ്ടത്. അതറിഞ്ഞപ്പോൾ സ്റ്റേജിൽ വച്ച് ഒപ്പിടണമെങ്കിൽ ഇപ്പോൾ അഡ്വാൻസ് കിട്ടണം എന്നുപറയേണ്ടി വന്നു. അങ്ങനെ ഞങ്ങൾ എയർപോർട്ടിന് അടുത്തുള്ള ഒരിടത്ത് പോയി വണ്ടി നിർത്തി ഏതാണ്ട് ഒരു മണിക്കൂർ റോഡ്സൈഡിൽ കാത്തുനിന്നു. ഞാനും ഷാജോൺ ചേട്ടനും നാദിർഷിക്കയും കൂടിയാണ് അവിടെ നിന്ന് കാര്യങ്ങൾ സംസാരിച്ചത്. അഡ്വാൻസിന്റെ കാര്യം തീരുമാനമായതോടെ സ്റ്റേജിൽ കയറി പൈസ വാങ്ങി എഗ്രിമെൻറ് ഒപ്പിട്ടു നൽകി. 

അങ്ങനെ ഒരു ഷോയ്ക്ക് ഒരു പത്ത് ദിവസം മുമ്പ് സംഘടന സംഘടനയിലെ എല്ലാവരും ഒത്തുകൂടുമെങ്കിൽ അതിനു മുൻപ് കുറഞ്ഞത് ഒരു പത്തുപതിനഞ്ച് ദിവസം മീറ്റിങ്ങുകളും വിലപേശലുകളും മറ്റും ഉണ്ടാവാറുണ്ട്. അതിനുശേഷമാണ് അവർ പറയുന്ന ഓരോ വിലയേറിയ താരങ്ങളെയും ആ പറഞ്ഞ ഡേറ്റിലേക്ക് എത്തിക്കുന്നതിലേക്കുള്ള യാത്രകളും ഫോൺവിളികളും അധ്വാനങ്ങളും നടത്തുന്നത്. അതുകൊണ്ടുതന്നെ അതിനോടൊപ്പം ഉണ്ടാകുന്ന ചെറിയ ചില കാര്യങ്ങൾ കൂടി പറയാം. ഈ അടുത്ത് ഇടയ്ക്ക് നമ്മുടെ ഒരു അംഗം ഒരു സിനിമ കാണുകയും ആ സിനിമയെപ്പറ്റി  ഒരു റിവ്യൂ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതി ഇടുകയും ചെയ്തു. ‘‘ഇന്ന് രണ്ട് നടന്മാരുടെ സ്കിറ്റ് കണ്ടു. അത് വളരെ മോശമായിരുന്നു’’ എന്നായിരുന്നു ആ പോസ്റ്റ്. ആ അംഗം ഈ സംഘടനയിൽ നിന്നും മൂന്ന് നാല് ലക്ഷം രൂപയിൽ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. 

അതിനുശേഷം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നമ്മൾ ആളുകളോട് സംസാരിക്കാൻ ചെല്ലുമ്പോൾ, ചിലർ ഈ സ്ക്രീൻഷോട്ട് കാണിച്ചിട്ട് ‘‘ഇവനെയൊക്കെ സഹായിക്കാൻ വേണ്ടിയല്ലേ ഞാൻ വരേണ്ടത്’’ എന്ന് ഞങ്ങളോട് ചോദിക്കുകയാണ്. അത്തരം ചില സന്ദർഭങ്ങളിൽ ഞങ്ങൾക്ക് ഉത്തരമില്ലാതെ പോവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അല്ല പറയുന്നത്, അത് അവകാശം തന്നെയാണ്. പക്ഷേ ഈ സന്ദർഭത്തിൽ നമുക്ക് പറയാൻ ഉത്തരമില്ല എന്നത് വലിയ പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഈ സംഘടനയോട് കുറച്ച് ദയ ഉള്ളവരായിരിക്കാൻ ശ്രമിക്കണം എന്ന് ആഗ്രഹിക്കുകയാണ്. നമ്മളോടൊപ്പം കൂടെ നിന്ന് നമ്മെ സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഒരു മര്യാദ കാണിക്കാൻ ശ്രമിക്കണം എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. 

സംഘടനാപരമായ കാര്യങ്ങളൊക്കെ പറയുന്നതിനേക്കാൾ ഉപരി ചെയ്ത് കാണിക്കുന്നതിനാണ് ശ്രമിക്കുന്നത്. പ്രസംഗത്തിലൂടെ കൂടുതൽ പറയുന്നില്ല. അതിനായി ഇനിയും പരിശ്രമിക്കുകയും ചെയ്യും. ‘മാ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വന്നിട്ടുള്ള അഷറഫ് പൊന്നാനിയുമായുള്ള ഒരു ചെറിയ കഥ കൂടി പറയാം. അഷറഫ് ഇക്ക താമസിക്കുന്നത് മലപ്പുറം ഭാഗത്താണ്. ഒരു പത്ത് പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് നടന്ന കഥയാണ്. സ്മാർട്ട് ഫോണുകൾ വന്ന് തുടങ്ങുന്ന കാലം. ഒരു സ്മാർട്ട് ഫോൺ വേണമെന്ന് ആഗ്രഹത്തോടെ കൂടി അതിന്റെ ബിസിനസ് ചെയ്യുന്ന അഷ്റഫ് ഇക്കയോട് കാര്യം പറഞ്ഞു. ഗൾഫിൽ നിന്നും കൊണ്ടുവരുന്ന ഫോണാണ്, വിലക്കുറവുണ്ട് അത് തരാം എന്നു പറഞ്ഞ് ഇക്ക എനിക്കുവേണ്ടി മലപ്പുറത്ത് നിന്നും തൃശൂരിലേക്ക് വന്നു. 

ഞാൻ എറണാകുളത്തു നിന്നും തൃശ്ശൂരിലേക്ക് ഫോൺ വാങ്ങാനായി പോയി. തൃശൂര് ഒല്ലൂര് ടോളിന്റെ അടുത്ത് വച്ചാണ് ഫോൺ കൈമാറുന്നത്. അന്ന് എന്റെ കയ്യിൽ ഉള്ളത് വലിയ സിമ്മും പുത്തൻ ഫോണിന് വേണ്ടത് കട്ട് ചെയ്ത ചെറിയ സിമ്മും ആയിരുന്നു. നാട്ടിലെത്തി സിം മുറിച്ചിടാം എന്ന് കരുതിയെങ്കിലും ഫോൺ കിട്ടിയതിന്റെ സന്തോഷത്തിൽ അത് എത്രയും പെട്ടെന്ന് ആക്ടിവേറ്റ് ആക്കണം ആഗ്രഹം വന്നു. പിറ്റേദിവസം ഞായറാഴ്ചയാണ്, എന്റെ നാട്ടിലാണെങ്കിൽ സിം മുറിക്കുന്ന സംവിധാനമൊന്നും വന്നിട്ടുമില്ല. അന്ന് എല്ലാ കടകളിലും സിം മുറിക്കുന്നതിനുള്ള സൗകര്യം ഇല്ല എന്ന് അറിയാവുന്ന അഷ്റഫ് ഇക്ക എനിക്ക് വേണ്ടി സിം കട്ടർ കൂടി കൊണ്ടുവന്നിരുന്നു. 

അതു കണ്ട് സന്തോഷിച്ച് നിന്ന എന്റെ മുന്നിൽ വച്ച് ഇക്ക സിം കട്ടർ ഉപയോഗിച്ച് സിം രണ്ടായി മുറിച്ചു. ഒരു കഷ്ണം ഹൈവേയിലേക്ക് തെറിച്ചു പോയി. ആ കാലത്ത് ഒരു പുതിയ സിം ആക്ടിവേറ്റ് ആകാൻ ഏതാണ്ട് ഒരാഴ്ച പിടിക്കുന്ന കാലമാണ്. അതോടെ ആ ആഗ്രഹം അവിടെ വച്ച് അവസാനിച്ചു. അങ്ങനെ ഒരാഴ്ച എന്നെ ഫോൺ ഇല്ലാതെ ആക്കിയ ദീർഘവീക്ഷകൻ ആണ് അഷ്റഫ് പൊന്നാനി. ഇപ്പോൾ നമ്മുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വന്നിട്ടുണ്ട്. അദ്ദേഹവുമായി കുറച്ച് ബിസിനസുകൾ ഒക്കെ സംസാരിക്കാനുണ്ട്. 

ഇപ്പോൾ സംഘടനയിലുള്ള ചെറുപ്പക്കാരുടെ എണ്ണം കൂടി വരികയാണ്. ഒരു മാസത്തേക്ക് ഡൈ നിരോധിച്ചാൽ ഇപ്പോൾ നമ്മുടെ ഇടയിലുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുതിയ ആളുകൾ സംഘടനയിലേക്ക് വരുന്നത് കുറയുന്നുണ്ട്. അതുപോലെ തന്നെ നമുക്കിടയിലുള്ള ചിലർ നമ്മളിൽ നിന്നും വിട്ടു പോകുന്നുമുണ്ട്. വരുമാനമുണ്ടാക്കാനുള്ള സ്രോതസ്സുകൾ കുറയുകയാണ്. ഷോകളുടെ എണ്ണവും താരതമ്യേന ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആത്മാർഥമായി നമ്മളെല്ലാം ഒരുമിച്ചു നിന്നു തന്നെ ഇനി മുന്നോട്ടു പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പരമാവധി ധനം സമാഹരിക്കുന്നതിനായി പരിശ്രമിക്കണം. അതിലൂടെ മാത്രമേ നമുക്ക് നമ്മളിൽ തന്നെയുള്ള എല്ലാവരെയും സഹായിക്കാൻ പറ്റുകയുള്ളൂ. പണമില്ലാത്ത അവസ്ഥയിൽ സംഘടനയുടെ പ്രവർത്തനങ്ങളും കുറയും. നല്ല പ്രവർത്തനങ്ങളുമായി ഇനിയും ഒട്ടേറെക്കാലം മുന്നോട്ടു പോകണം എന്ന് തന്നെയാണ് ആത്മാർഥമായി ആഗ്രഹിക്കുന്നത്.’’

English Summary:

Ramesh Pisharody's Speech At Mimicry Artist Association Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com