ADVERTISEMENT

മലയാള സിനിമയിൽ നന്മമരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന പോസ്റ്റിന് സംവിധായകൻ രതീഷ്  രഘുനന്ദനൻ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന തനിക്ക് ഇരുചെവിയറിയാതെ പണം അക്കൗണ്ടിലേക്ക് അയച്ചു തന്ന ആളാണ് ജയസൂര്യയെന്ന് രതീഷ് കുറിച്ചു. ആ സമയത്ത് ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ആളായിരുന്നു താനെന്നും നടക്കാതെ പോയ സിനിമയുടെ ചർച്ച നടത്തിയ സൗഹൃദത്തിലാണ് കോവിഡ് കാലത്ത് വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് പണം അക്കൗണ്ടിൽ ഇട്ടു തന്ന് ജയസൂര്യ സഹായിച്ചതെന്നും സംവിധായകൻ പറഞ്ഞു. 

‘നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. വിജയ് ബാബു നിർമാതാവ്. പ്രി–പ്രൊഡക്‌ഷൻ തുടങ്ങി ദിവസങ്ങൾക്കകം കോവിഡും ലോക്‌ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി ‘‘എങ്ങനെ പോകുന്നെടാ കാര്യങ്ങൾ?’’, ഇങ്ങനെയൊക്കെ പോകുന്നുവെന്നു ഞാൻ പറഞ്ഞു. ‘‘ഇത്തിരി പൈസ അക്കൌണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ’’. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല.  ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല.’ രതീഷിന്റെ കമന്റ് ഇപ്രകാരമായിരുന്നു. 

സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന ഒരു ഫെയ്സ്ബുക്ക് പേജിലാണ് മലയാള സിനിമയിൽ നന്മമരമായി  നടിക്കുന്ന നടൻ ജയസൂര്യ ആണെന്ന തരത്തിൽ കുറിപ്പ് വന്നത്. ‘മലയാളത്തിൽ  നന്മമരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, മൺവെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാൻ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ ട്രാൻസ്ജെൻഡർസ് ആയി പോയി ഫോട്ടോസ് എടുത്തു.  ഇനി കത്തനാർ ഇറങ്ങുമ്പോൾ കേരളത്തിലെ പള്ളീലച്ചൻമാരുമായി അടുത്ത സെൽഫി പ്രതീക്ഷിക്കാം.’ രതീഷിന്റെ കമന്റിന് ആസ്പദമായ കുറിപ്പ് ഇതായിരുന്നു.

ജയസൂര്യയ്ക്കു കയ്യടിയും അഭിനന്ദനങ്ങളുമായി പ്രേക്ഷകരുമെത്തി. നല്ലതു പറഞ്ഞതിനും നല്ല കാര്യങ്ങൾ ചെയ്യുന്നതിനും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ജയസൂര്യയെന്നും ഇനിയെങ്കിലും അദ്ദേഹത്തെക്കുറിച്ച് തിരുത്തി പറയണമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

ഉടൽ എന്ന സിനിമയുമായി മലയാള സിനിമാ രംഗത്ത് ഇടംപിടിച്ച സംവിധായകനാണ് രതീഷ് രഘുനന്ദനൻ. രതീഷിന്റെ രണ്ടാമത്തെ ചിത്രമായ തങ്കമണിയിൽ ദിലീപ് ആയിരുന്നു നായകനായി അഭിനയിച്ചത്. 

English Summary:

Ratheesh Raghunandan Says Jayasuriya is a Life-Saver: A Story of Unexpected Kindness During COVID

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com