ADVERTISEMENT

ബാബു ആന്റണിയെക്കുറിച്ച് ആക്‌ഷൻ കൊറിയോഗ്രാഫറായ അഷ്റഫ് ഗുരുക്കൾ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കറ തീർന്ന ഒരു കായിക അഭ്യാസിയുടെ കരുത്ത് ബാബു ആന്റണിയിലുണ്ടെന്ന് അഷ്റഫ് ഗുരുക്കൾ പറയുന്നു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ബാഡ് ബോയ്സ്’ സിനിമയുടെ ലൊക്കേഷൻ ചിത്രം പങ്കുവച്ചായിരുന്നു അഷ്റഫിന്റെ വാക്കുകൾ.

അഷ്റഫ് ഗുരുക്കളുടെ കുറിപ്പ് വായിക്കാം:

‘‘മലയാളി മറക്കാത്ത ബാബു ആന്റണി’’

ഗോപാലൻ ഗുരുക്കളിൽ തുടങ്ങി അഷ്‌റഫ്‌ ഗുരുക്കളിൽ എത്തി നിൽക്കുന്ന ബാബു ആന്റണി. 38 വർഷം മുൻപ് ഭരതന്റെ ചിലമ്പിലൂടെ ഒരു പുതുമുഖ വില്ലനായി തികഞ്ഞ ഒരു അഭ്യാസിയായി തന്നെ അഭിനയിക്കാൻ വന്നപ്പോൾ ആസിനിമയുടെ ഫൈറ്റ് മാസ്റ്റർ ഗോപാലൻ ഗുരുക്കൾ ആയിരുന്നു.

അന്ന് ഗുരുക്കളുടെ സഹായിയായി വന്നത് മലേഷ്യ  ഭാസ്കരൻ മാഷ്. പിന്നീട്‌ ബാബു ആന്റണിയുടെ കൂടുതൽ സിനിമയിലും മലേഷ്യ ഭാസ്കരൻ ആയിരുന്നു ഫൈറ്റ് മാസ്റ്റർ.

ദീർഘകാല ഇടവേള കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒട്ടും തന്നെ ആരാധകർക്കു കുറവില്ലാത്ത ഒരേയൊരു നടൻ അത് ബാബു ആന്റണി തന്നെ.

കഴിഞ്ഞ ദിവസം അബാം മൂവീസിന്‍റെ ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് സിനിമയുടെ ഷൂട്ടിങ് മലയാറ്റൂർ ഭാഗത്ത് നടക്കുമ്പോൾ തടിച്ചു കൂടിയ ജനവും ബസ്സിലും കാറിലും മറ്റു ഇതര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരും സെറ്റിൽ തലയെടുപ്പോടെ നിൽക്കുന്ന ബാബു ആന്റണിയെ കണ്ട് ‘ദേ ബാബു ആന്റണി, ദേ ബാബു ആന്റണി’ എന്ന് ആർത്തു വിളിക്കുന്നു! സെൽഫി എടുക്കലും പ്രായമുള്ളവർ പോലും ഈ ആക്ഷൻ കിങിന് ഹസ്തദാനം ചെയുന്നു.

കാരവനിൽ നിന്നും ഇറങ്ങി സെറ്റിൽ എത്തിയ സ്റ്റാർ നേരെ എന്റെ അരികിൽ വന്ന് കൈ തന്ന് ഹഗ് ചെയ്തു. പഴയ കാലസ്മരണകൾ ഒന്ന് അയവിറക്കി. കാലാവസ്ഥ അല്പം മോശം ആയതിനാൽ നാവടക്കു പണിയെടുക്കൂ! ബാബു സർ റെഡി ആണോ! ആക്‌ഷൻ...

ഞാൻ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ആയിരിക്കുമ്പോൾ കടൽ, സ്പെഷൽ സ്കോഡ്, ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ്, ബോക്സർ തുടങ്ങി കുറച്ച് സിനിമകൾ ഞാൻ ബാബു ആന്റണിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഇതിൽ മിക്ക സിനിമകളിലും ഞാൻ ഫൈറ്റ് സീനിൽ അഭിനയിച്ചിട്ടുണ്ട്, ‘കടൽ’ സിനിമയിൽ ഞാനും ബാബു ആന്റണിയും കടപ്പുറത്ത് സോളോ ഫൈറ്റും ചെയ്തിട്ടുണ്ട്.

രണ്ട് മൂന്ന് ദിവസം ആയി ‘ബാഡ് ബോയ്സി’ന്റെ ലൊക്കേഷനിൽ ആണ് ഞാനും ഫൈറ്റേഴ്സും. നാളെ രാത്രിയോടെ കഴിയും. കറ തീർന്ന ഒരു കായിക അഭ്യാസിയുടെ കരുത്ത് ഇന്നലത്തെ ഫൈറ്റിൽ ഞാൻ ബാബു ആന്റണിയിൽ കണ്ടു. വില്ലനും നായകനും ആയി ഒട്ടേറെ ഹിറ്റുകൾനൽകി മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ച ആ അദ്ഭുതത്തിനു വേണ്ടി ഫൈറ്റ് കൊറിയോഗ്രാഫ് ചെയ്യാൻ കഴിഞ്ഞത് ഞാൻ എന്ന നിലയ്ക്ക് എനിക്ക് വലിയ അഭിമാനം ആണ്.

English Summary:

Asharaf Gurukkal About Babu Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com