സഹനടിയുമായി അവിഹിത ബന്ധം: നടൻ രാജ് തരുണിനെതിരെ മുൻകാമുകി
Mail This Article
തെലുങ്ക് നടന്‍ രാജ് തരുണിനെതിരേ ആരോപണവുമായി മുന്‍ പങ്കാളി. താനുമായി ലിവിങ് ടുഗദറില്‍ ആയിരിക്കുന്ന സമയത്ത് തന്നെ നടി മാൽവി മൽഹോത്രയുമായി രാജ് പ്രണയത്തിലായെന്നും തന്നെ വഞ്ചിച്ചുവെന്നും ചൂണ്ടിക്കാട്ടി ലാവണ്യ എന്ന യുവതിയാണ് രംഗത്തുവന്നിരിക്കുന്നത്.
പതിനൊന്ന് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. എന്നാല്‍ രാജ് തരുണ്‍ ഞാനുമായുള്ള ബന്ധം പരസ്യമാക്കാന്‍ തയാറായില്ല. ഞാനുമായി പ്രണയത്തിലുള്ളപ്പോൾ തന്നെ മുംബൈ സ്വദേശിയായ ഒരു നടിയുമായി അദ്ദേഹം പ്രണയത്തിലായി. ഞങ്ങള്‍ അമ്പലത്തില്‍ വച്ച് രഹസ്യമായി വിവാഹിതരായതാണ്. നിയമപരമായി വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്ന് രാജ് ഉറപ്പുതന്നിരുന്നുവെന്നും എന്നാൽ സഹനടിയുമായി ബന്ധം തുടങ്ങിയതോടെ തന്നെ ഒഴിവാക്കുകയാണ് ചെയ്തതെന്ന് ലാവണ്യ ആരോപിക്കുന്നു.
മൂന്ന് മാസമായി രാജ് തരുൺ ഫ്ലാറ്റിലേക്കു വരാറില്ല. താൻ പരാതി നല്‍കും എന്ന് അറിയിച്ചതോടെ നടി മാൽവിയുമായി ബന്ധപ്പെട്ട വ്യക്തികൾ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നും ലാവണ്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഹൈദരാബാദിലെ നർസിംഗി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
അതേ സമയം ലാവണ്യയുടെ പരാതിയില്‍ പ്രതികരണവുമായി രാജ് തരുണ്‍ രംഗത്ത് വന്നു. തനിക്കെതിരേയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും നിരാശാജനകമാണെന്നും രാജ് തരുണ്‍ പറയുന്നു.
‘‘ലാവണ്യ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ്. എനിക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്‍റെ പ്രശസ്തി കാരണമാണ് ഞാന്‍ പൊലീസില്‍ പോകാതിരുന്നത്. അവൾ മറ്റൊരാളുമായി ഡേറ്റിങ് നടത്തുകയാണ്. അതിന് തെളിവുകളുണ്ട്. മാത്രമല്ല പല തവണയായി ചോദിക്കുന്ന പൈസയും നൽകിയിട്ടുണ്ട്, പകരം അവൾ എന്നെ ചതിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്.
എന്‍റെ ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് അവൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങിയത്. നേരത്തെ മയക്കുമരുന്ന് കേസിൽ ലാവണ്യ അറസ്റ്റിലായിരുന്നു. ഞാൻ എത്രയും വേഗം നിയമപരമായി മുന്നോട്ട് പോകും. എന്നെ പിന്തുണയ്ക്കാൻ മാധ്യമങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു.’’ -രാജ് തരുണിന്റെ വാക്കുകൾ.