ADVERTISEMENT

നാൽപ്പത്തിരണ്ടു വർഷം മുൻപ് താനും രഘുനാഥ്‌ പാലേരിയും ഒരുമിച്ച് കണ്ട സ്വപ്നമാണ് ദൈവദൂതൻ എന്ന സിനിമ എന്ന് സംവിധായകൻ സിബി മലയിൽ. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആ സ്വപ്നം സിനിമയായപ്പോൾ തിയറ്ററിൽ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്ത നിരാശയുണ്ടാക്കി എന്നും സിബി മലയിൽ പറഞ്ഞു.  24 വർഷങ്ങൾക്ക് ശേഷം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സിനിമയുടെ പുതിയ പതിപ്പ് റിലീസ് ചെയ്യാനിരിക്കെ അതിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

‘42 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട സ്വപ്നമാണ് ദേവദൂതൻ. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ അന്ന് എന്റെ കൂടെ ഉണ്ടായിരുന്നത് രഘുനാഥ്‌ പാലേരി എന്ന എന്റെ പ്രിയസുഹൃത്ത് മാത്രമായിരുന്നു. ‌ഞങ്ങൾ ഒരുമിച്ചാണ് ഈ സ്വപ്നം നെയ്തെടുത്തത്.  പക്ഷേ ഞങ്ങൾക്ക് ഇന്നും അജ്ഞാതമായ കാര്യകാരണങ്ങളാൽ ആ സിനിമ അന്ന് സംഭവിച്ചില്ല. പിന്നീട് 18 വർഷങ്ങൾക്കുശേഷം ഞങ്ങളുടെ ആ സ്വപ്നത്തിന് ചിറകുമുളപ്പിക്കാൻ ഞങ്ങളുടെ കൂടെ കൂടിയ ആളാണ് സിയാദ് കോക്കർ. സിയാദ് ഈ സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹിച്ചു ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ പിന്നീട് ഞങ്ങളോടൊപ്പം ചേർന്നതാണ് പ്രിയ മോഹൻലാൽ, വിദ്യാസാഗർ, സന്തോഷ് അങ്ങനെയുള്ള കലാകാരന്മാർ.  പക്ഷേ ആ സിനിമ തിയേറ്ററിലേക്ക് എത്തിയപ്പോൾ ഞങ്ങൾ ആഗ്രഹിച്ചത് പോലെ വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല എന്നുള്ളത് ദുഃഖകരമായിരുന്നു. 1982–83 കാലഘട്ടത്തിൽ ഞാൻ കഥ എഴുതുമ്പോൾ ഏകദേശം ഒരു വർഷക്കാലം  ആ സ്ക്രിപ്റ്റിൽ മാത്രം വർക്ക് ചെയ്തിരിക്കുകയായിരുന്നു. അന്ന് സംഭവിക്കാതെ പോയ ആ സിനിമ രണ്ടായിരത്തിൽ ചെയ്യുമ്പോൾ ഒരു വർഷക്കാലം വീണ്ടും എന്റെ കുടുംബത്തെ പോലും കാണാൻ പോകാതെ ഒരു വീട് എടുത്തു താമസിച്ചു റീ വർക്ക് ചെയ്യുകയായിരുന്നു. അത്രമാത്രം സമർപ്പണത്തോടെ ഞാൻ ചെയ്ത മറ്റൊരു സിനിമയും ഇല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും. അതും പക്ഷേ വലിയ നിരാശ സമ്മാനിച്ചു. എനിക്കും സിയാദിനും രഘുവിനും ഒക്കെ ആ കാര്യത്തിൽ വലിയ സങ്കടം ഉണ്ടായി. ഇന്ന് 24 വർഷങ്ങൾക്കുശേഷം ആ സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം.’ സിബി മലയിൽ പറഞ്ഞു. 

‘അന്ന് കാലം തെറ്റി പിറന്ന സിനിമ എന്ന് പറയുമ്പോൾ ഇന്ന് ഇതാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തേണ്ട കാലം എന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ടായിരത്തിൽ ഈ സിനിമ ഇറങ്ങുമ്പോൾ  ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഈ സിനിമയെ കുറിച്ച് വലിയ താൽപര്യത്തോടെ ചർച്ച ചെയ്യുന്നത് കാണുമ്പോൾ ഈ സിനിമയ്ക്കായി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടം ആളുകളുണ്ട് എന്ന തോന്നന്നുന്നു. അതിനാലാണ് ഇന്ന് ഈ സിനിമ റീ മാസ്റ്റർ ചെയ്ത് റീ എഡിറ്റഡ് ഫോർ കെ ‌അറ്റ്മോസ് വേർഷനിലേക്ക് കൊണ്ടുവരുന്നത്. സിയാദിന്റെ മകൾ ഉൾപ്പെടെയുള്ള കുറച്ചു ചെറുപ്പക്കാരുടെ അകമഴിഞ്ഞ പരിശ്രമമാണ് ഇതിന്റെ പിന്നിലുള്ളത്. അവരെല്ലാവരും കൂടി ചേർന്ന് ഇതിന്റെ ഒരു പ്രവർത്തനം പാതിവഴിയിൽ എത്തുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടെന്ന് എന്നെ അറിയിക്കുന്നത്. അത് പോയി കണ്ടപ്പോഴാണ് ഞാൻ  നിർദ്ദേശിച്ചത് ഇത് റീ എഡിറ്റ് ചെയ്ത് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത കഥയിൽ ഒരു പുതിയ മാറ്റം വരുത്തി പുതിയ വേർഷൻ സിനിമ പുറത്തിറക്കാമെന്ന്. ആദ്യകാലത്ത് ഈ സിനിമ ചെയ്യുമ്പോൾ ഇതിന്റെ കൂടെ സഞ്ചരിച്ച ഒരുപാട് പേരുണ്ട്. പ്രിയ അഭിനേതാവും എന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ മുരളിയും,  ഇതിന്റെ സൗണ്ട് മിക്സിങ് നടത്തിയ എച്ച് ശ്രീധറും. അവർ രണ്ടുപേരും ഇന്ന് നമ്മോടൊപ്പം ഇല്ല. ശ്രീധർ എന്നോട്  പറഞ്ഞത് ഇത്രയും പെർഫെക്റ്റ് ആയിട്ടുള്ള ഒരു സൗണ്ട് ട്രാക്ക് ഞാൻ കേട്ടിട്ടില്ല എന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഉറക്കമൊഴിച്ച് രാവും പകലും ഇരുന്നാണ്  ഇതിന്റെ മിക്സിങ് ചെയ്തത്.  പക്ഷേ നമ്മുടെ തിയേറ്ററുകളിൽ അന്ന് വ്യാപകമായി ഡിടിഎസ് സംവിധാനം ഇല്ലാത്തതുകൊണ്ട് എല്ലാ പ്രേക്ഷകർക്കും അതിന്റെ പരിപൂർണ്ണമായ ആസ്വാദനം കിട്ടിയില്ല എന്നുള്ളത് സങ്കടകരമാണ്.  ഇന്ന് വീണ്ടും സിനിമ റിലീസ് ചെയ്യുമ്പോൾ സാങ്കേതിക തികവുള്ള ഒരുപാട് തീയേറ്ററുകൾ നമ്മൾക്കുണ്ട്. ഒരു വ്യാപകമായ റിലീസിലേക്ക് അല്ല നമ്മൾ ഇപ്പോൾ പോകുന്നത്. ഇത്തരം സാങ്കേതിക സംവിധാനങ്ങളുള്ള തിയേറ്ററുകളിൽ മാത്രമായിരിക്കും ഇത് റിലീസ് ചെയ്യപ്പെടുക. അതോടൊപ്പം തന്നെ എന്നോടൊപ്പം പ്രവർത്തിച്ച ഭൂമിദാസൻ എന്റെ സിനിമയുടെ ഏറ്റവും ബലമായി കൂടെ ഉണ്ടായിരുന്ന ആളാണ്. ഇത്രത്തോളം താളബോധമുള്ള ഒരു എഡിറ്റർ വേറെയില്ല, ഭൂമി നന്നായിട്ട് മൃദംഗം വായിക്കുന്ന ആളാണ് അതുകൊണ്ടുതന്നെ താളബോധം അദ്ദേഹത്തിന് ജന്മസിദ്ധമായിട്ട് ഉണ്ട്.  ഇന്നിവിടെ ഇല്ലാത്ത മറ്റൊരാൾ കൂടിയുണ്ട് ഈ സിനിമയുടെ ആത്മാവ് എന്ന് പറയുന്ന സംഗീതത്തിന്റെ സൃഷ്ടാവായ വിദ്യാസാഗർ ആണ് അത്. സാധാരണ നമ്മൾ ഒരു സിനിമയുടെ പൂർത്തീകരണം നടക്കുമ്പോഴാണ് സംഗീത സംവിധായകനെ കാണിക്കുന്നതും കഥ പറയുന്നതും പാട്ടുകൾ ചെയ്യിക്കുകയും ചെയ്യുന്നത് പക്ഷേ ഇതിന്റെ തിരക്കഥ ഫസ്റ്റ് റൈറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ ഞാൻ വിദ്യാസാഗറിനൊപ്പം ഇരുന്ന് അദ്ദേഹത്തിന്റെ ഇൻപുട്ട് എല്ലാം സ്വീകരിച്ചാണ് ഇതിന്റെ രണ്ടാം എഴുത്തിലേക്ക് പോകുന്നത്. ഇത് കമ്പോസ് ചെയ്യാൻ വേണ്ടി അദ്ദേഹം ഇവിടെ വന്നപ്പോൾ ഇവിടെ എറണാകുളത്ത് ഒരു വീട്ടിലാണ് താമസിച്ചത്. എനിക്ക് അന്ന് ബോംബെയിലേക്ക് പോകേണ്ടി വന്നു.  ഈ സിനിമയിൽ ജയപ്രദ ചെയ്ത വേഷത്തിലേക്ക് അന്ന് ഞങ്ങൾ കണ്ടിരുന്നത് രേഖ എന്ന നടിയെയാണ്. അവരുമായിട്ട് അന്നൊരു മീറ്റിംഗ് തീരുമാനിച്ചിരുന്നു. വിദ്യസാഗർ വന്നപ്പോൾ കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ട് ഞങ്ങൾ റൂമിലേക്ക് പോയി. ഞാൻ പോയി പെട്ടിയൊക്കെ പാക്ക് ചെയ്ത് തിരിച്ച് അദ്ദേഹത്തിന്റെ അടുത്ത് എത്തിയപ്പോൾ വിദ്യ പറഞ്ഞു സിബി ഒരു പാട്ട് റെഡി ആയിട്ടുണ്ട് ഒന്ന് കേട്ടിട്ട് പോകൂ എന്ന്. അങ്ങനെ അദ്ദേഹം ഒരു ട്യൂൺ മൂളി അന്ന് എന്നെ അത് വല്ലാതെ ആകർഷിച്ചു അപ്പോൾ തന്നെ തിരുമേനി പറഞ്ഞു ഞാനൊരു നാലുവരി എഴുതിയിട്ടും ഉണ്ട് എന്ന്.  അങ്ങനെ തിരുമേനിയും വിദ്യാസാഗറും കൂടി ആദ്യത്തെ പാട്ട് നാലുവരി പാടി.  അതാണ് "കരളേ നിൻ കൈപിടിച്ചാൽ" എന്ന പാട്ട്. ഒരു നിമിഷ നേരം കൊണ്ട് സൃഷ്ടിച്ച പാട്ടാണ് അത്.  പിന്നെ എന്തരോ മഹാനുഭാവലു എന്ന പാട്ട് വിദ്യാഭ്യാസാർ ഒരു മാസക്കാലം ഇരുന്നു  നോട്ടേഷൻഎഴുതിയതാണ്, അതിനുശേഷം ആണ് അതിന്റെ റെക്കോർഡിങ്ങിലേക്ക് പോയത്. അങ്ങനെ സംഗീതത്തിന്റെ ആത്മാവ് പൂർണമായും നിറഞ്ഞുനിൽക്കുന്ന ഒരു സിനിമയാണ് ഇത്. അത് സാധ്യമായത് വിദ്യാസാഗർ എന്ന മാന്ത്രികനായ സംഗീതജ്ഞനിലൂടെയാണ്. അതിന് ഏറ്റവും ഉചിതമായ വരികൾ എഴുതിത്തന്നത് പ്രിയ തിരുമേനിയുമാണ്. എല്ലാവരെയും സ്നേഹത്തോടെ ഞാൻ ഈ അവസരത്തിൽ ഓർക്കുകയാണ്.’ സിബി പറഞ്ഞു. 

‘ഈ സിനിമ ഒരു വലിയ പ്രോജക്ട് ആക്കി മാറ്റാൻ കാരണം മോഹൻലാൽ എന്ന് പറയുന്ന മലയാളത്തിലെ പ്രിയപ്പെട്ട അഭിനേതാവ് ആണ്.  അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ് ഈ സിനിമയുടെ വലിയ ശക്തിയും ബലവുമായി തീർന്നത്.  വീണ്ടും 24 വർഷങ്ങൾക്ക് ശേഷം ഈ പുതിയ വേർഷൻ ട്രെയിലർ ലോഞ്ചിനായി അദ്ദേഹം നമ്മുടെ ഒപ്പം ഇവിടെ എത്തിയതിൽ അദ്ദേഹത്തോടുള്ള നന്ദിയും സ്നേഹവും ഞാൻ അറിയിക്കുകയാണ്.  എല്ലാവരെയും ഞാൻ ഈ സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിലേക്ക് ക്ഷണിക്കുന്നു. മലയാള സിനിമയിലെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ദൃശ്യ ശ്രവ്യ അനുഭവമായിരിക്കും ദേവദൂതന്റെ ന്യൂ വേർഷൻ എന്ന് ഞാൻ പറയുന്നു എല്ലാവർക്കും എന്റെ നന്ദി.’ സിബി മലയിൽ കൂട്ടിച്ചേർത്തു. 

ദേവദൂതൻ റീമാസ്‌റ്റെഡ് റീ എഡിറ്റഡ് ഫോർ കെ അറ്റ്മോസ് വേർഷൻ ഈ മാസം 26നാണ്  തിയറ്ററിലെത്തുന്നത്. ഇതിനു മുന്നോടിയായി നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽ മോഹൻലാലും സിനിമയുടെ മറ്റ് അണിയറക്കാരും പങ്കെടുത്തിരുന്നു. 

English Summary:

Director Sibi Malail said that the film 'Daivadoothan' is a dream that he and Raghunath Paleri saw together 42 years ago.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com