ADVERTISEMENT

അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തോട് അനുബന്ധിച്ചു നടന്ന മെഹന്ദി ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ ബോളിവുഡ് താരനിര. സഞ്ജയ് ദത്ത്, രൺവീർ സിങ്, അനന്യ പാണ്ഢെ, ജാൻവി കപൂർ, ഷനയ കപൂർ, വീർ പഹരിയ, ഗായകൻ കൈലാഷ് ഖേർ, തെന്നിന്ത്യൻ സംവിധായകൻ അറ്റ്ലി, ഭാര്യ പ്രിയ തുടങ്ങിയ താരങ്ങൾക്കൊപ്പം ക്രിക്കറ്റ് താരം മഹേഷ് സിങ് ധോണി, ഭാര്യ സാക്ഷിയും ചടങ്ങിനെത്തി. 

atlee-ranveer

കേരള സ്റ്റൈൽ സ്വർണക്കരയുള്ള മുണ്ടും ഓഫ് വൈറ്റ് ജുബയും ധരിച്ചായിരുന്നു അറ്റ്ലി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു അറ്റ്ലിയുടെ ഭാര്യ പ്രിയ ധരിച്ചത്. എപ്പോഴും ദീപിക പദുക്കോണിനൊപ്പം പ്രത്യക്ഷപ്പെടാറുള്ള രൺവീർ സിങ് മെഹന്ദി ചടങ്ങിനെത്തിയത് ഒറ്റയ്ക്കായിരുന്നു. ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. 

jhanvi-kapoor

ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂർ ആയിരുന്നു ചടങ്ങിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. സുഹൃത്ത് ശിഖർ പഹരിയയ്ക്കൊപ്പമാണ് ജാൻവി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അനന്ത്–രാധിക വിവാഹത്തിന്റെ സംഗീത് ചടങ്ങിൽ ഒരുമിച്ചു നൃത്തം ചെയ്ത ജാൻവിയുടെയും ശിഖറിന്റെയും വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. 

ananya-pandey

ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിലാണ് രാജ്യം ഉറ്റുനോക്കുന്ന ആഡംബര വിവാഹം നടക്കുന്നത്. 

വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ ഗായകൻ ജസ്റ്റിൻ ബീബറിനെ അംബാനി മുംബൈയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. വിവാഹ ചടങ്ങിലും വൻതാരനിരയെത്തുമെന്നാണ് സൂചന.  നൂറിലധികം പ്രൈവറ്റ് എയർക്രാഫ്ടുകളാണ് അതിഥികൾക്കായി അംബാനി കുടുംബം തയാറാക്കിയിരിക്കുന്നത്.

English Summary:

Anant Ambani and Radhika Merchant's star-studded mehndi ceremony featuring Bollywood celebrities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com