ADVERTISEMENT

പ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമകൾക്കു രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാകുന്നതും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങൾക്കു തുടർച്ചകളുണ്ടാകുന്നതും ഇപ്പോൾ പതിവാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ആലോച്ചിരുന്നതായും തിരക്കഥയും റെഡിയായിരുന്നുവെന്നും സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലിലേക്ക് ഈ പ്രൊജക്റ്റുമായി റീച്ച് ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നും അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞിരുന്നു. തിരക്കുകളും സാങ്കേതിക കാരണങ്ങൾ കൊണ്ടും മോഹൻലാലിനോട് നേരിട്ട് കഥ പറയാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും അതിനാൽ രണ്ടാം ഭാഗം ഏറെക്കൂറെ അസാധ്യമായി കഴിഞ്ഞിരിക്കുന്നുവെന്നുമാണ് അന്ന് സിബി പ്രതികരിച്ചത്.  

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ദേവദൂതൻ റീ-റീലിസുമായി ബന്ധപ്പെട്ടു നടത്തിയ ട്രെയിലർ ലോഞ്ചിലും തുടർന്നു നടന്ന പത്ര സമ്മേളനത്തിലും ഇരുവരും ഒന്നിച്ചു വേദി പങ്കിട്ടിരുന്നു. ഇത് ഒരു പുതിയ തുടക്കമാകുമോ എന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സിബി മലയിലും മോഹൻലാലും വീണ്ടും ഒന്നിക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളി കളയാനാവില്ല. ദശരഥത്തിനു രണ്ടാം ഭാഗം ഉണ്ടായാലും അത്ഭുതപ്പെടാനില്ല. കലൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തുടർന്നു സംസാരിച്ച മോഹൻലാലും ചില പോസ്റ്റീവ് സൂചനകൾ നൽകിയിരുന്നു. ദേവദൂതനു ആശംസയറിച്ച് സംസാരിച്ച ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ പ്രിയപ്പെട്ട സിബി മലയിൽ ചിത്രങ്ങളായി എടുത്തു പറഞ്ഞത് സദയവും ദശരഥവുമാണെന്നത് ശ്രദ്ധേയമായി. ചടങ്ങിൽ അവസാനം സംസാരിച്ച മോഹൻലാൽ ആന്റണിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ എടുത്ത് പറഞ്ഞു സദയത്തെയും ദശരഥത്തെയും കുറിച്ച് പ്രത്യേകം പരമാർശിച്ചു സംസാരിച്ചിരുന്നു. 

മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് ഹിറ്റ് കൂട്ടുകെട്ടിൽ പിറവിയെടുത്ത ഇമോഷനൽ ഡ്രാമയായിരുന്നു ‘ദശരഥം’. മൂന്നരപതിറ്റാണ്ടിനു മുമ്പ്  കൃതിമബീജസങ്കലനം കേന്ദ്രം പ്രമേയമാക്കി നിർമിച്ച ധീരമായ സിനിമ. സിബി മലയലിന്റെ ക്രാഫ്റ്റും ലോഹിതദാസിന്റെ ശക്തമായ തിരക്കഥയും ജോൺസന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സ്ക്രീനിൽ മത്സരിച്ച് അഭിനയിച്ച മോഹൻലാലും രേഖയും മുരളിയും സുകുമാരിയും ചിത്രത്തെ മികവുറ്റതാക്കി. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഒട്ടേറെ അടരുകളുള്ള രാജീവ് എന്ന കഥാപാത്രം മോഹൻലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും ഹൃദ്യമായ ആർദ്രമായ ക്ലൈമാക്സ് സീനുകളിലൊന്നാണ് ‘ദശരഥ’ത്തിലേത്. ‘ആനി മോനേ സ്നേഹിക്കുന്നതു പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ’ എന്ന രംഗത്തിലെ മോഹൻലാലിന്റെ പറച്ചിലും ശബ്ദവിന്യാസവും അതിനോടുള്ള സുകുമാരിയുടെ കണ്ണുകൾകൊണ്ടുള്ള പ്രതികരണവും അവർ പരസ്പരം സംസാരിക്കുന്ന ഹൃദയത്തിന്റെ ഭാഷയുമൊക്കെ ആർക്കാണ് മറക്കാൻ കഴിയുക. ‘മന്ദാരചെപ്പുണ്ടോ മാണിക്ക്യകല്ലുണ്ടോ’ എന്ന എവർഗ്രീൻ ഗാനത്തിനും ആരാധകർ ഏറെയാണ്. 

ദേവദൂതന്റെ റീമാസ്റ്റർ ചെയ്തു റീ എഡിറ്റ് ചെയ്ത പുതിയ പതിപ്പ് ജൂലൈ 26നു വീണ്ടും പ്രേക്ഷകർക്കു മുന്നിൽ എത്തുമ്പോൾ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സിബി മലയിലുമായി അദ്ദേഹം വീണ്ടും കൈകോർക്കുമോ എന്നു കാത്തിരുന്നു കാണാം. മോഹൻലാലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ നല്ല സിനിമകൾ സംഭവിക്കുന്നതാണല്ലോ. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം 2007-ൽ റീലിസായ ഫ്ലാഷാണ്.

English Summary:

Dasharatham Sequel Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com