മലയാളത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ: കമൽഹാസന് പറയുന്നു
Mail This Article
മലയാളത്തിന്റെ പ്രിയ നടൻ അന്തരിച്ച നെടുമുടി വേണുവിനെക്കുറിച്ചോർത്ത് വികാരാധീനനമായി കമലഹാസൻ. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ‘ഇന്ത്യൻ 2’ ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ ചിത്രത്തിന്റെ ആദ്യഭാഗത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ നെടുമുടി വേണു അഭിനയിച്ചിരുന്നു. കേരളത്തിലടക്കം വലിയ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 28 വർഷങ്ങൾക്ക് ശേഷമാണ് എത്തുന്നത്.
അസുഖബാധിതനായതിനാൽ നെടുമുടിയുടെ ചില ഭാഗങ്ങൾ എഐ സഹായത്തോടെയാണ് സംവിധായകൻ ശങ്കർ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിലെ യാത്രയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കമലഹാസൻ നെടുമുടി വേണുവിനേയും അനുസ്മരിച്ചത്. 50 വർഷം മുമ്പ് തന്റെ വിഷ്ണുവിജയം എന്ന സിനിമ 15 പ്രിന്റുകളാണ് കേരളത്തിൽ എത്തിയതെങ്കിൽ ഇന്ന് ഇന്ത്യൻ 2വിന്റെ 630 പ്രിന്റുകളാണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
‘‘എന്റെ സിനിമാ ജീവിതത്തിൽ ഞാൻ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. 'ഇന്ത്യൻ 2'വും അതുപോലെ പ്രതീക്ഷിക്കാതെ ഉണ്ടായ യാത്രയാണ്. അറിയാവുന്ന വിദ്യകളെല്ലാം ഞങ്ങൾ ഇതിൽ പയറ്റിയിട്ടുണ്ട്. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് വിശ്വസിക്കുന്നു. ഇവിടെ നിൽക്കുമ്പോൾ നെടുമുടി വേണുവിനെ ഞാൻ മിസ് ചെയ്യുന്നു. ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. ഈ സിനിമ ചെയ്യാൻ പറ്റില്ലേ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സിനിമ ആഘോഷമാകുമ്പോൾ ഒരുമിച്ചിരുന്ന് സന്തോഷത്തിൽ പങ്കുചേരാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്.
സിനിമയിൽ അത്ര മൂവിങ്ങായ സീനൊന്നുമല്ല നെടുമുടി വേണുവിന്റേതെങ്കിലും കാണുമ്പോൾ അദ്ദേഹം നമുക്കൊപ്പം ഉള്ളതായി നിങ്ങൾക്കും അനുഭവപ്പെടും. ഇപ്പോൾ അദ്ദേഹം ഒപ്പം ഉള്ളതായി എന്റെ മനസും പറയുന്നു. ഇവിടെ ആയതുകൊണ്ട് പറയുകയല്ല, മലയാളത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ നെടുമുടി വേണുവാണ്’’, കമലഹാസൻ പറഞ്ഞു. ചിത്രത്തിന് ഒരു മൂന്നാം ഭാഗമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ 2വിന്റെ ഒടുവിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യഭാഗത്ത് എ.ആർ.റഹ്മാനായിരുന്നു സംഗീതം നിര്‍വഹിച്ചത് എങ്കിൽ രണ്ടാം ഭാഗത്ത് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ശങ്കർ, അഭിനേതാവ് സിദ്ധാർഥ് തുടങ്ങിയവരും കൊച്ചിയിലെ ചടങ്ങിന് എത്തിയിരുന്നു.