സൂപ്പര്‍ഹിറ്റുകളുടെ മണിമുഴക്കം
Mail This Article
മഹാപാരമ്പര്യത്തിന്റെ പിന്‍ബലമുളള ഉദയായും മഞ്ഞിലാസും സുപ്രിയായും മെറിലാന്റും സെന്‍ട്രലും സെഞ്ച്വറിയും കത്തിനിന്ന സിനിമാ ഭൂപടത്തില്‍ കാര്യമായ പശ്ചാത്തല മികവൊന്നും അവകാശപ്പെടാനില്ലാതെ സ്വന്തം പ്രയത്‌നം കൊണ്ട് മാത്രം ഉയര്‍ന്നു വന്ന ഒരു നിര്‍മാതാവുണ്ടായി. അറുപതിലേറെ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. 1977 ല്‍ തുടങ്ങിയ ചലച്ചിത്രസപര്യ 2013 വരെ തുടര്‍ന്നു.
നടന്‍ മധു സംവിധാനം ചെയ്ത ധീരസമീരേ യമുനാതീരേയായിരുന്നു അദ്ദേഹം നിര്‍മിച്ച ആദ്യചിത്രം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് അവസാന ചിത്രവും. എന്തായിരുന്നു എം.മണി എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ സാധിക്കില്ല. പക്ഷേ പലതുമായിരുന്നു അദ്ദേഹം. സമകാലികര്‍ക്കും പിന്നാലെ വന്നവര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ അനായാസം നടപ്പിലാക്കിയ പ്രായോഗികമതി. അനുഭവങ്ങളുടെ ഉള്‍ക്കരുത്തില്‍ വലിയ ഉയരങ്ങളിലേക്ക് നടന്നു കയറിയ ഒരാള്‍.
മലയാള സിനിമയിലെ നെടും തൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രിയദര്‍ശനും സുരേഷ്‌ഗോപിയും ഷാജി കൈലാസും മണി സര്‍ എന്ന് അഭിസംബോധന ചെയ്യുന്ന ജീവിച്ചിരുന്ന ഏക നിര്‍മാതാവ്. ഇപ്പോള്‍ അദ്ദേഹം കഥാവശേഷനാകുമ്പോള്‍ അവശേഷിക്കുന്നത് മലയാള സിനിമാ ചരിത്രത്തില്‍ അദ്ദേഹം ബാക്കിവച്ചു പോയ നിര്‍ണായകമായ ചില സിനിമകളാണ്.
സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മിച്ച സിനിമകളുടെ ടൈറ്റിലില്‍ 'നിര്‍മാണം എം.മണിയെന്നാണ്' കാണാന്‍ സാധിക്കുക. എന്നാല്‍ അരോമാ റിലീസ് എന്ന വിതരണക്കമ്പനിയിലുടെ ചലച്ചിത്ര ജീവിതം ആരംഭിച്ച അദ്ദേഹം വ്യാപകമായി അറിയപ്പെട്ടിരുന്നത് അരോമാ മണി എന്നായിരുന്നു. അപ്പോഴും പല തലമുറകളില്‍ പെട്ട സിനിമാ പ്രവര്‍ത്തകര്‍ ഭയഭക്തി ബഹുമാനത്തോടെ മണി സര്‍ എന്ന് തന്നെ വിശേഷിപ്പിച്ചു.
ചലച്ചിത്ര വ്യവസായത്തിന്റെ അലകും പിടിയും മനസിലാക്കിയ ഒരാളായിരുന്നു എം.മണി. എങ്ങനെ ചിലവ് ചുരുക്കി ഭേദപ്പെട്ട സിനിമകള്‍ ഒരുക്കാമെന്ന് അദ്ദേഹം ചിന്തിച്ചു. ഉളളടക്കത്തിനാണ് അദ്ദേഹം എന്നും ഊന്നല്‍ നല്‍കിയിരുന്നത്. സാന്ദര്‍ഭികമായി ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുളള അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയാം.
പ്രിയനെ പ്രിയനാക്കിയ മണി സര്‍
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ നോവലിസ്റ്റ് കാനം ഇ.ജെ.യുടെ കൃതിയെ അടിസ്ഥാനമാക്കി കടത്ത് എന്ന സിനിമയൊരുക്കുന്നു. മണിയാണ് നിര്‍മാതാവ്. പടത്തിന് തിരക്കഥയെഴുതാനായി അദ്ദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തുളള പ്രിയദര്‍ശന്‍ എന്ന യുവാവിനെയാണ്. തിരക്കഥ സംവിധായകന് ഇഷ്ടമായി. സിനിമ പൂര്‍ത്തിയാകുകയും ചെയ്തു.
തിയറ്ററില്‍ അടുത്ത സൃഹൃത്തുക്കള്‍ക്കൊപ്പം പടം കാണാന്‍ ചെന്ന യുവാവ് ഞെട്ടി. തിരക്കഥാകൃത്തിന്റെ ക്രെഡിറ്റ് സംവിധായകന്‍ വിശ്വംഭരന്. യുവാവ് കാര്യം തിരക്കിയപ്പോള്‍ സംവിധായകന്റെ വിശദീകരണം വന്നു.
‘‘കാനത്തെ പോലെ പ്രശസ്തനായ ഒരാളുടെ കഥയ്ക്ക് ആരും അറിയാത്ത ഒരു കൊച്ചു പയ്യന്‍ തിരക്കഥ എഴുതിയാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ?’’ അതുകൊണ്ടാണ് അത് എന്റെ പേരില്‍ വച്ചത്'
വിശ്വംഭരനെ പോലെ അന്നത്തെ ഒരു അതികായകനോട് ഏറ്റുമുട്ടാന്‍ ശേഷിയില്ലാത്ത പ്രിയന്‍ വേദനയോടെ മടങ്ങി പോന്നു. പ്രിയന്‍ തന്റെ സങ്കടം മണിയെ ചെന്നു കണ്ട് അറിയിച്ചു. വിഷമിക്കണ്ട വഴിയുണ്ടാക്കാമെന്ന് മണി പറഞ്ഞപ്പോള്‍ താത്കാലികമായ ഒരു ആശ്വാസവചനം എന്ന് മാത്രമേ പ്രിയന്‍ വിചാരിച്ചുളളു. എന്നാല്‍ അധികം വൈകാതെ മണി വാക്ക് പാലിച്ചു. അദ്ദേഹം സ്വയം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കാന്‍ പ്രിയനെ ക്ഷണിച്ചു. ചിത്രം കുയിലിനെ തേടി. പറഞ്ഞുറപ്പിച്ച പ്രതിഫലവും ടൈറ്റില്‍ ക്രെഡിറ്റും നല്‍കി. സിനിമ ഹിറ്റായി. പിന്നാലെ എങ്ങനെ നീ മറക്കും? എന്റെ കളിത്തോഴന്‍. എന്നീ സിനിമകള്‍ക്കും തിരക്കഥയൊരുക്കാന്‍ പ്രിയന് അവസരം നല്‍കി. അതും ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിച്ചതോടെ പ്രിയദര്‍ശന്‍ മലയാളത്തിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തുക്കളുടെ നിരയിലേക്ക് ഉയര്‍ന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയന്‍ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നു. ബോളിവുഡിലടക്കം വിജയക്കൊടി നാട്ടി. എം.മണിയുടെ ഒരു പടത്തിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാനായി പ്രിയന്‍ വന്നു. എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ സ്വീകരിച്ച മണി ഉടന്‍ തന്നെ പ്രൊഡക്‌ഷൻ ബോയിയെ വിളിച്ച് ''ടേയ്...ഡയറക്ടര്‍ക്ക് ഇരിക്കാന്‍ ചെയര്‍ കൊണ്ടു വാടേയ്'' എന്ന് പറഞ്ഞു. ബോയ് കൊണ്ടു വന്ന കസേര അദ്ദേഹം തന്നെ പ്രിയദര്‍ശന്റെ മുന്നിലേക്ക് നീക്കിയിട്ടു കൊടുത്തു. കഴിവുളളവരെ എന്നും തിരിച്ചറിയുകയും മാനിക്കുകയും അവരെ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്ത നിര്‍മാതാവായിരുന്നു അദ്ദേഹം.
സിബി മലയിലിന്റെ ആക്‌ഷന്‍ സിനിമ
സെന്റിമെന്‍സിന് മൂന്‍തൂക്കമുളള കുടുംബചിത്രങ്ങള്‍ മാത്രം ഒരുക്കിയ പശ്ചാത്തലമുളള സിബി മലയിലിനെ കൊണ്ട് എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ 'ആഗസ്റ്റ് 1' എന്ന ആക്‌ഷൻ സിനിമ ചെയ്യിക്കുമ്പോള്‍ പലരും വിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു. അവരോട് അരോമാ മണി ഒന്നേ പറഞ്ഞുളളു.
'സിബിക്ക് ഏതും പറ്റും..'
ആഗസ്റ്റ് 1 വന്‍ഹിറ്റായെന്ന് മാത്രമല്ല മലയാളത്തിലെ മികച്ച ആക്‌ഷൻ സിനിമകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. എല്ലാറ്റിലുമുപരി തന്റെ അതുവരെയുളള സിനിമകളില്‍ നിന്ന് വിഭിന്നമായ പുതിയ മേക്കിങ് സ്‌റ്റൈല്‍ കൊണ്ട് സിബി വിമര്‍ശകരുടെ നാവടപ്പിച്ചു. മണിയുടെ പ്രവചനങ്ങള്‍ അവിടെയും യാഥാര്‍ഥ്യമായി.
കോട്ടയം കുഞ്ഞച്ചന്‍ എന്ന റിസ്‌ക്
പൊന്നും കുടത്തിന് പൊട്ട് അടക്കമുളള ആദ്യകാല സിനിമകള്‍ ഒന്നടങ്കം പരാജയപ്പെട്ട് തീര്‍ത്തും പ്രതീക്ഷ നഷ്ടപ്പെട്ട സംവിധായകനായിരുന്നു ഒരു ഘട്ടത്തില്‍ ടി.എസ്.സുരേഷ്ബാബു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ അദ്ദേഹത്തെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കുക എന്ന സാഹസം അക്കാലത്ത് ഒരു നിര്‍മ്മാതാവിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതായിരുന്നു. എന്നാല്‍ അരോമ മണി എല്ലാ മുന്‍വിധികളും മാറ്റി വച്ച് കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ സംവിധാനച്ചുമതല സുരേഷ്ബാബുവിനെ ഏല്‍പ്പിച്ചു. പ്രവചനങ്ങളെല്ലാം അട്ടിമറിച്ചു കൊണ്ട് പടം മെഗാഹിറ്റായെന്ന് മാത്രമല്ല സുരേഷ്ബാബുവിന്റെ തലവര മാറ്റിക്കുറിക്കുകയും ചെയ്തു.
ചക്കരയുമ്മ പോലുളള പടങ്ങളില്‍ തുടക്കമിട്ട എസ്.എന്‍.സ്വാമിയെ കൊണ്ട് ഇരുപതാം നൂറ്റാണ്ട് പോലെ ഒരു മെഗാ ആക്ഷന്‍ ത്രില്ലര്‍ എഴുതിക്കുകയും മലരും കിളിയും പോലുളള ലൈറ്റ് വെയിറ്റ് സിനിമകളില്‍ ഹരിശ്രീ കുറിച്ച കെ.മധുവിനെ സംവിധാനച്ചുമതല ഏല്‍പ്പിക്കുകയും ചെയ്തപ്പോള്‍ നെറ്റിചുളിച്ചവര്‍ ഏറെ. എന്നാല്‍ അവരുടെ യഥാര്‍ഥ ടേസ്റ്റ് എന്താണെന്ന് ദീര്‍ഘദൃഷ്ടിയുളള മണി തിരിച്ചറിഞ്ഞു.
സൂപ്പര്‍ഹിറ്റായ സിബിഐ
ഇതേ ടീമില്‍ തന്നെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഒരുക്കുമ്പോഴും വലിയ റിസ്‌ക് ഫാക്ടര്‍ അതിലുണ്ടായിരുന്നു. ഒന്നാമത് സിബിഐ ഇന്നത്തെ പോലെ അത്ര ജനകീയമായിട്ടില്ല. രണ്ട് സേതുരാമയ്യര്‍ എന്ന ബ്രാഹ്‌മണനായി ഒരു അന്വേഷണോദ്യോഗസ്ഥന്‍ വന്നാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്നെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നു. ആരെയും കൂസാത്ത ഏത് റിസ്‌കും എടുക്കാന്‍ മടിക്കാത്ത മണി അതൊന്നും കേട്ട ഭാവം നടിച്ചില്ല. ചരിത്രവിജയമായിരുന്നു ആ പരീക്ഷണവും. പിന്നീട് സിബിഐ സീരിസ് തന്നെയുണ്ടായി ആ സംരംഭം റിക്കോഡ് സൃഷ്ടിച്ചു.
ഏകലവ്യന്‍ എന്ന സിനിമയിലൂടെ സൂരേഷ് ഗോപി ഒരു സോളോ ഹീറോ എന്ന നിലയില്‍ വിജയം കൊയ്തപ്പോള്‍ അതാരു ഒറ്റപ്പെട്ട വിജയമെന്ന് കരുതി അവഗണിച്ചവര്‍ ഏറെ. എന്നാല്‍ സുരേഷ്-ഷാജി-രൺജി ടീമിന്റെ ഫയര്‍ തിരിച്ചറിഞ്ഞ മണി ആ കോംബോയില്‍ അടുത്ത പടം പ്ലാന്‍ ചെയ്തു. കമ്മീഷണര്‍.
സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കി മാറ്റിയ ആ സിനിമ ഷാജി കൈലാസിനെ സൂപ്പര്‍ ഡയറക്ടറാക്കി ഉയര്‍ത്തി.
മോഹന്‍ലാലിന്റെ തിരിച്ചു വരവ്
മോഹന്‍ലാലിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന കാലം. അദ്ദേഹത്തിന് ശക്തമായ ഒരു തിരിച്ചു വരവ് അനിവാര്യമാണെന്ന് ഫിലിം ഇന്‍ഡസ്ട്രി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ആര്‍ക്കും ഒരു വലിയ വിജയം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. തുളസീദാസ് ലാലിന്റെ ഡേറ്റുമായി വന്നപ്പോള്‍ ആശങ്കകള്‍ ഒന്നുമില്ലാതെ മണി പടം നിര്‍മിച്ചു. മിസ്റ്റര്‍ ബ്രഹ്‌മചാരി. പടം എട്ടുനിലയില്‍ പൊട്ടി. അതോടെ അത്തരം പരീക്ഷണങ്ങള്‍ ആരും മതിയാക്കും. എന്നാല്‍ മണി പിന്‍മാറിയില്ല. എന്നും സ്വയം വിശ്വസിച്ചിരുന്ന മണിക്ക് ലാലിനും അനല്‍പ്പമായ വിശ്വാസമുണ്ടായിരുന്നു. നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ തിളങ്ങുന്ന മുത്താണ് മോഹന്‍ലാല്‍ എന്ന് അടുപ്പമുളളവരോട് അദ്ദേഹം പറഞ്ഞിരുന്നു. ഒന്നുമല്ലാതിരുന്ന കാലത്ത് എങ്ങനെ നീ മറക്കും? പോലുളള ഹിറ്റുകള്‍ ലാലിന് കൊടുത്തയാളാണ് അദ്ദേഹം. ഇരുപതാം നൂറ്റാണ്ട് പോലെ വേറെയുമുണ്ട് ഉദാഹരണങ്ങള്‍ മുന്നില്‍.
ബ്രഹ്‌മാചാരി വീണ അതേ വര്‍ഷം തന്നെ ടി.എ.ഷാഹിദിന്റെ തിരക്കഥയില്‍ ബാലേട്ടന്‍ എന്ന പടം മോഹന്‍ലാലിനെ നായകനാക്കി മണി നിര്‍മിച്ചു സംഭവം സൂപ്പര്‍ഹിറ്റ്. മോഹന്‍ലാല്‍ വീണ്ടും ശക്തമായി തിരിച്ചു വന്നു. തൊട്ടടുത്ത വര്‍ഷം അതേ ടീമില്‍ തന്നെ മാമ്പഴക്കാലം എന്ന മറ്റൊരു സൂപ്പര്‍ഹിറ്റ് കൂടി മണി നിര്‍മിച്ചു.
അവിടന്നങ്ങോട്ട് നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രഭാവം മങ്ങിത്തുടങ്ങുകയായിരുന്നു. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് കഴിഞ്ഞില്ല. പുതുതായി നിര്‍മിച്ച പടങ്ങളെല്ലാം കനത്ത പരാജയത്തിന്റെ രുചിയറിഞ്ഞു.
കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കിയ ലോകനാഥന്‍ ഐ.പി.എസ് മുതല്‍ കനകസിംഹാസനം, കളേഴ്‌സ്, ദ്രോണ എന്നിങ്ങനെ പരാജയങ്ങളുടെ ഒരു പരമ്പര തന്നെ നേരിടേണ്ടി വന്നു. 2004 ന് ശേഷം അരോമയുടെ ബാനറില്‍ ഒരു മേജര്‍ ഹിറ്റുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സിനിമ തന്നെപ്പോലുളളവരുടെ നിയന്ത്രണത്തില്‍ നിന്ന് അകന്ന് പോകുന്നു എന്ന തിരിച്ചറിവു കൊണ്ടാവാം മലയാളത്തിലെ ഏറ്റവും സജീവമായ ബാനറുകളിലൊന്നിന്റെ അധിപന്‍ ക്രമേണ നിര്‍മ്മാണരംഗത്തു നിന്നും മെല്ലെ അകന്നു തുടങ്ങി.2013 ല്‍ നിര്‍മ്മിച്ച ആര്‍ട്ടിസ്റ്റായിരുന്നു ഈ ബാനറില്‍ പുറത്തു വന്ന അവസാന ചിത്രം.
കലാമൂല്യമുളള സിനിമകളും...
തിയറ്ററുകളില്‍ ആളെ നിറയ്ക്കാന്‍ കെല്‍പ്പുളള സിനിമകളിലായിരുന്നു എന്നും അരോമ മണിയുടെ ഫോക്കസ്. എന്നാല്‍ ഇതിനിടയില്‍ കലാമൂല്യമുളള സിനിമകള്‍ ഒരുക്കാനും അദ്ദേഹം മടിച്ചില്ല. ലാഭനഷ്ടങ്ങളെക്കുറിച്ചുളള ആകുലതകള്‍ ഇല്ലാതെ ഗ്രാമീണ പശ്ചാത്തലത്തിലുളള രണ്ട് പത്മരാജന്‍ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.
കളളന്‍ പവിത്രനും തിങ്കളാഴ്ച നല്ല ദിവസവും. രണ്ടും സാമ്പത്തികമായി നഷ്ടം വരുത്തി വച്ചുവെങ്കിലും റിലീസ് ഘട്ടത്തില്‍ തന്നെ നല്ല സിനിമകളായി പ്രകീര്‍ത്തിക്കപ്പെട്ടു. പുരസ്‌കാരങ്ങളും ലഭിച്ചു. കാലാന്തരത്തില്‍ മലയാളത്തിലെ ക്‌ളാസിക് സിനിമകളുടെ പട്ടികയില്‍ ഈ രണ്ട് ചിത്രങ്ങളും അവിസ്മരണീയമായ സ്ഥാനം പിടിക്കുകയും ചെയ്തു.ശ്രീനിവാസന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ അദ്ദേഹത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനാക്കി.
ഇന്ന് അരോമാ മണി ജീവിതത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും മടങ്ങുമ്പോള്‍ ഏത് റിസ്‌കും ഏറ്റെടുത്ത് വ്യത്യസ്തമായ ചലച്ചിത്രാനുഭവങ്ങള്‍ സമ്മാനിച്ചിരുന്ന ഒരു കാലഘട്ടം കൂടിയാണ് വിടവാങ്ങുന്നത്.