ശങ്കരാടിയ കാലം; നടൻ ശങ്കരാടിയുടെ ജന്മശതാബ്ദി
Mail This Article
ശങ്കരാടിയുടെ കണ്ണും കണ്ണടയും കഷണ്ടിയും മലയാളിയുടെ പൈതൃക സ്വത്താണ്. മലയാള സിനിമയുടെ സ്ക്രീൻ വിസ്തൃതമായ ഒരു വയലാണെങ്കിൽ അതിന്റെ നടവരമ്പിലൂടെ മുണ്ടിന്റെ കോന്തലയുമുയർത്തി നടന്നു വരുന്ന പ്രിയപ്പെട്ട കാരണവരാണ് ശങ്കരാടി. മണ്ണിൽ കാലുറപ്പിച്ചു നടന്ന നാട്യങ്ങളില്ലാത്ത നടൻ.
1962 ൽ തുടങ്ങി നാലു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിൽ ഏഴുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ച ശങ്കരാടി സ്വന്തം പേരായ ചന്ദ്രശേഖര മേനോൻ എന്ന പേരിൽ ഒരിടത്തും അറിയപ്പെട്ടില്ല. ചെറായിയിലെ ശങ്കരാടി തറവാട്ടു പേരിലാണ് അദ്ദേഹം പ്രശസ്തനായത്. ജീവിച്ചിരുന്നെങ്കിൽ ശങ്കരാടിക്ക് ഇന്നു 100 വയസ്സ് ആകുമായിരുന്നു. ഹാസ്യനടനായും സ്വഭാവനടനായുമെല്ലാം നിറഞ്ഞു നിന്ന അദ്ദേഹത്തിനു സമരതീക്ഷ്ണമായൊരു ഭൂതകാലവുമുണ്ടായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായി ജയിൽവാസം വരെ അനുഷ്ഠിച്ച ഒരു മനുഷ്യനാണ് തലമുറകളെ സ്വാഭാവികമായ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചത്. ഒഎൻവിയുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു ജന്മത്തിൽ രണ്ടു ജന്മം ജീവിച്ചയാൾ.
ജന്മി കുടുംബമായ പറവൂർ മേമന വീട്ടിൽ കണക്ക് ചെമ്പകരാമൻ പരമേശ്വരൻ പിള്ളയുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ച ശങ്കരാടി മഹാരാജാസ് കോളജിൽ നിന്നാണ് ഇന്റർമീഡിയറ്റ് പാസായത്. പിന്നീട് ബറോഡയിലെത്തി മറൈൻ എൻജിനീയറിങ്ങിന് ചേർന്നു. വിപ്ലവത്തിന്റെ അരുണശോഭ മനസ്സിൽ പതിയുന്നത് ഇക്കാലത്താണ്. ബറോഡ റെയിൽവേയിലെ മലയാളികളായ തൊഴിലാളി സുഹൃത്തുക്കളുടെ സഹകരണത്തോടെ മറ്റു തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളി യൂണിയൻ പ്രവർത്തനം തുടങ്ങി. ഇതേ കാരണത്താൽ അവസാന വർഷ പരീക്ഷയ്‌ക്ക് ഒരാഴ്‌ച മുൻപ് അറസ്‌റ്റ് ചെയ്യപ്പെട്ടു. ഒരു വർഷത്തെ ജയിൽ ശിക്ഷയായിരുന്നു കോടതി വിധിച്ചത്. ഇതോടെ പഠനവും മുടങ്ങി.പൂർത്തിയാക്കാൻ കഴിയാത്ത എൻജിനീയറിങ് മോഹവുമായി ബറോഡയിൽ നിന്നും നേരെ പോയത് ബോംബെയിലേയ്‌ക്കായിരുന്നു. അവിടെ മലയാളിയായ കെ.ജി. മേനോൻ പത്രാധിപരായിരുന്ന ‘ദ് ലിറ്റററി റിവ്യൂ’ എന്ന ഇംഗ്ലിഷ് മാസികയിൽ പത്രാധിപസമിതി അംഗമായി.
നാലു വർഷത്തെ ബോംബെ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങി വന്ന ശങ്കരാടി എറണാകുളത്തെ പൂക്കാരൻ മുക്കിലെ നാടകക്കൂട്ടായ്മയിൽ അംഗമായി.പി.ജെ. ആന്റണി, വൈലോപ്പിള്ളി രാമൻകുട്ടി, പോഞ്ഞിക്കര ഗംഗാധരൻ, വക്കച്ചൻ തുടങ്ങിയവരുൾപ്പെട്ട സുഹൃദ്സംഘം.
ജീവിതത്തിലെ സംശുദ്ധി ശങ്കരാടിയുടെ അഭിനയത്തിലുമുണ്ട്. ക്യാമറ മുന്നിലുണ്ടെന്ന തോന്നലുളവാക്കാത്ത വിധം അത്രയും സ്വാഭാവികമായിരുന്നു ആ മികവ്. പ്രസിദ്ധനായ ഒരു സിനിമാനടനാണ് എന്ന ഭാവപ്രകടനങ്ങളൊന്നുമില്ലാതെ ഖദർമുണ്ടും ഷർട്ടുമിട്ട്, ബീഡിയും വലിച്ച് നടക്കുന്ന വിശുദ്ധനായ ഗ്രാമീണനായിരുന്നു എന്നും ശങ്കരാടിയെന്ന സത്യൻ അന്തിക്കാടിന്റെ നിരീക്ഷണം കിറുകൃത്യം.
ഒരുപാടു പ്രത്യേകതകൾ ശങ്കരാടിക്കുണ്ടായിരുന്നു. സുഹൃത്തുക്കൾക്ക് അദ്ദേഹം പതിവായി കത്തെഴുതി. ടെലിഫോൺ സജീവമായിരുന്ന കാലത്തും അദ്ദേഹം കത്തുകളെഴുതിക്കൊണ്ടിരുന്നു. സാധാരണ പോസ്‌റ്റ് കാർഡിലാണെഴുതുക. വിലാസത്തിനു തൊട്ടു മുകളിൽ ചുവന്ന മഷിയിൽ ‘ഇംപോർട്ടന്റ് ’ എന്നെഴുതും. നിർമാതാവിന് ഒരു ഭാരവും ശങ്കരാടി എന്ന നടനുണ്ടാക്കാറില്ല. ഒരു ഫാനും ബാത്റൂമും ഉള്ള മുറി വേണമെന്നു മാത്രം.കമ്യൂണിസ്റ്റുകാരനാണെങ്കിലും തികഞ്ഞ ഭക്തൻ. രാവിലെ ഒറ്റത്തോർത്തെടുത്ത് പ്രാർഥനയ്ക്കു ശേഷം മുറിയിൽ ഉലാത്തുന്ന ശങ്കരാടിയാണ് നടൻ ജഗദീഷിന്റെ ഓർമ. വൈകിട്ട് ഈ പരമഭക്തൻ രണ്ട് സ്മാൾ കഴിക്കും.ആർക്കും ഒരു ശല്യവുമില്ല.
‘‘ എല്ലാവരും ബീഡി കത്തിച്ച് ചുണ്ടിലേക്ക് വയ്ക്കുമ്പോൾ ശങ്കരാടിച്ചേട്ടൻ കത്തിച്ച ബീഡിയിലേക്ക് ചുണ്ട് കൊണ്ടു വരികയാണ് പതിവ്.അതൊരു രസമുള്ള കാഴ്ചയായിരുന്നു ’’ ജഗദീഷ് പറയുന്നു.
സത്യൻ അന്തിക്കാടിന്റെ സന്ദേശത്തിലെ കുമാരപിള്ള സാർ യഥാർഥത്തിൽ ശങ്കരാടിയുടെ ജീവിതത്തിന്റെ നേരടരാണ്. ചിത്രത്തിൽ കമ്യൂണിസ്‌റ്റ് താത്വികാചാര്യന്റെ വേഷം ശങ്കരാടിയുടെ ജീവിതവുമായുള്ള അന്തർധാര വ്യക്തമാക്കുന്നതായിരുന്നു. കമ്യൂണിസ്‌റ്റാശയം തീവ്രമായി പ്രകടിപ്പിക്കുകയും രഹസ്യമായി ക്ഷേത്രസന്ദർശനം നടത്തുകയും ചെയ്യുന്ന ഒരാൾ. ശങ്കരാടിയിൽ നിന്നാണ് ആ കഥാപാത്രത്തെ സത്യൻ കണ്ടെത്തുന്നത്. രാഷ്ട്രീയത്തിൽ കിട്ടാത്ത പേരും പ്രശസ്തിയും രാഷ്ട്രീയക്കാരനായി വേഷമിട്ട കഥാപാത്രങ്ങളിലൂടെ ശങ്കരാടിക്ക് ലഭിച്ചു. നിർമാല്യത്തിലെ വെളിച്ചപ്പാടായി എം.ടി ആദ്യം പരിഗണിച്ചത് ശങ്കരാടിയെയായിരുന്നു. എന്നാൽ ആ വേഷത്തിൽ തന്നേക്കാൾ തിളങ്ങുക പി.ജെ.ആന്റണിയായിരിക്കുമെന്ന് നിർദേശിച്ച് പിൻവാങ്ങിയത് ശങ്കരാടി തന്നെയായിരുന്നു.
കഷണ്ടി ശങ്കരാടിയുടെ വ്യക്തിപരമായ ദുഃഖമായിരുന്നു. നാടോടിക്കാറ്റിന്റെ എഴുത്തുമായി സത്യനും ശ്രീനിവാസനും മദ്രാസിലെ വുഡ്‌ലാൻഡ്സ് ഹോട്ടലിൽ താമസിക്കുന്ന സമയം.ഒരു ദിവസം ഹോട്ടലിലെത്തിയ ശങ്കരാടി സിനിമയിൽ തനിക്ക് മുടിയുള്ള കഥാപാത്രം വേണമെന്ന ആവശ്യമുന്നയിച്ചു.എത്ര നാളായി സത്യാ...ഈ കഷണ്ടിയും വച്ച്....മേക്കപ്പ്മാൻ പാണ്ഡ്യനോട് പറഞ്ഞ് ഒരു വിഗ് എനിക്കും ശരിയാക്കണം എന്നായിരുന്നു കൊച്ചുകുട്ടികളെപ്പോലെ ശങ്കരാടിയുടെ ആവശ്യം. എന്നാൽ ശ്രീനിവാസൻ ശങ്കരാടിയെ അദ്ദേഹത്തിന്റെ കഷണ്ടിയുടെ ഭംഗിയെക്കുറിച്ച് ബോധ്യപ്പെടുത്തി. ചേട്ടന്റെ ഐശ്വര്യമാണ് ഈ കഷണ്ടിയെന്ന ശ്രീനിവാസന്റെ വാദം അംഗീകരിച്ച് ഒടുവിൽ ശങ്കരാടി തലകുലുക്കി പിൻവാങ്ങി.
പ്രശസ്തമാണ് ശങ്കരാടിയുടെ പിശുക്ക്. കല്യാണവും കഴിച്ചിട്ടില്ല....സിനിമയിലെ ഈ പൈസയെല്ലാം എന്തു ചെയ്യുന്നുവെന്ന് പലരും അദ്ദേഹത്തോട് ആദ്യകാലത്ത് ചോദിക്കാറുണ്ടായിരുന്നു. മദ്രാസിൽ സത്യൻ അന്തിക്കാടും ശ്രീനിവാസനും താമസിക്കുന്ന കാലത്ത് പുലർച്ചെ നാലുമണിക്ക് എസ്ഡിടി കോൾ വരുമ്പോൾ ശ്രീനിവാസൻ പുതപ്പിനുള്ളിൽ കിടന്ന് പറയും.സത്യാ...ശങ്കരാടിച്ചേട്ടൻ വിളിക്കുന്നുണ്ട്...ഫോണെടുക്ക് ...അന്ന് രാത്രി 10 മുതൽ പുലർച്ചെ 5 വരെ എസ്ടിഡി നിരക്ക് കുറവായിരുന്നു.അതു നോക്കിയായിരുന്നു ചേട്ടന്റെ ‘ബജറ്റ് കോൾ ’
50 വയസ്സ് പിന്നിട്ട ശേഷമായിരുന്നു ശങ്കരാടിയുടെ വിവാഹം. എറണാകുളം എളംകുളം ചെറുപറമ്പത്ത് വീട്ടിൽ ശാരദയെ വിവാഹം കഴിച്ചത് 1982 ലായിരുന്നു. പാർട്ടി പ്രവർത്തനവും അഭിനയവുമായി കഴിയാനാഗ്രഹിച്ച അദ്ദേഹത്തെ വിവാഹജീവിതത്തിലേയ്‌ക്ക് നയിച്ചത് തോപ്പിൽ ഭാസിയുടെ പ്രേരണയായിരുന്നു. 2001 ഒക്ടോബർ ഒൻപതിനായിരുന്നു വൈപ്പിൻ ചെറായിയിലെ വീട്ടിൽ ശങ്കരാടിയുടെ നിര്യാണം. ജീവിതകാലം മുഴുവൻ സിനിമ ഷൂട്ടിങ്ങുമായി ഹോട്ടൽ മുറികളിൽ താമസിച്ചതു കൊണ്ട് സ്വന്തം വീട്ടിൽ ഏതോ വാടകമുറിയുടെ ഓർമ മനസ്സിൽ പേറിയാണ് അദ്ദേഹം അന്ത്യകാലവും ചെലവഴിച്ചത്. എന്നാണ് നമ്മൾ ഇവിടെ നിന്ന് ചെക്കൗട്ട് ചെയ്യേണ്ടതെന്ന് ഇടയ്ക്കിടെ ഭാര്യ ശാരദയോട് ചോദിക്കുമായിരുന്നു.
ജന്മദേശമായ ചെറായിയിലും കർമ മണ്ഡലമായ കൊച്ചിയിലും ശങ്കരാടിക്കു സ്മാരകങ്ങളൊന്നുമില്ല. ചെറായിയിലെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് ശങ്കരാടി പതിവായി പോകുന്ന റോഡിന് ശങ്കരാടി റോഡ് എന്ന് പേരു നൽകിയിരുന്നു. ശങ്കരാടിയുടെ മരണശേഷം വൈകാതെ ഭാര്യ ശാരദയും ഈ ലോകത്തു നിന്നു മടങ്ങി.
എന്നാൽ ശങ്കരാടി പുതിയ കാലത്തെ റീലുകളും ട്രോളുകളിലുമിരുന്ന് താത്വികമായ അവലോകനങ്ങൾ നടത്തി നമ്മളോട് സംവദിക്കുന്നു. തടിച്ച ഫ്രെയിമുകളുള്ള കറുത്ത കണ്ണടയ്ക്കുള്ളിൽ വലിയ ഉണ്ടക്കണ്ണുകൾ നമ്മെ അടിമുടി നോക്കുന്നു. പുതിയ കാലത്തിന്റെ അപചയങ്ങളിലേക്ക് അത് മൂർച്ചയേറിയ ഓർമപ്പെടുത്തലുകളായി വന്നു വീഴുന്നു. വിഘടനവാദികളും പ്രതിക്രിയാവാദികളും ആ കാഴ്ച കണ്ട് ആഹ്ലാദിക്കട്ടെ.