മമ്മൂട്ടിയുടെ പ്രതിഫലം കൂടാതെ ‘ടർബോ’ സിനിമയുടെ ബജറ്റ്: വെളിപ്പെടുത്തി വൈശാഖ്
Mail This Article
‘ടർബോ’ സിനിമയുടെ പ്രൊഡക്‌ഷൻ കോസ്റ്റ് വെളിപ്പെടുത്തി സംവിധായകൻ വൈശാഖ്. മമ്മൂട്ടിയുടെ പ്രതിഫലമില്ലാതെ 23.5 കോടിക്കാണ് ‘ടർബോ’ പൂർത്തിയാക്കിയതെന്ന് വൈശാഖ് പറയുന്നു. സിനിമാപ്രാന്തൻ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘പ്രൊഡക്‌ഷൻ കോസ്റ്റിനെക്കുറിച്ച് എനിക്കൊരു ഐഡിയ ഉണ്ടായിരുന്നു. മമ്മൂക്കയുടെ സാലറി ഇല്ലാതെ ഇരുപത് കോടി രൂപയ്ക്ക് ഈ സിനിമ തീർക്കണമെന്നാണ് പദ്ധതിയിട്ടിരുന്നത്. ഞങ്ങൾ നിർമിക്കുകയാണെങ്കിൽ 20 കോടി രൂപയ്ക്ക് ഫസ്റ്റ് കോപ്പി തീർക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സിനിമയുടെ പ്രോസസിൽ വിചാരിക്കാത്ത ചില പ്രശ്നങ്ങളുണ്ടായി. മഴ ഒരു കാരണമായിരുന്നു.
ആക്‌ഷൻ സീക്വൻസുകളൊക്കെ ഞാൻ പ്രതീക്ഷിക്കാത്തതിലധികം ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നു. 80 ദിവസത്തിൽ സിനിമ തീർക്കണമെന്നാണ് വിചാരിച്ചിരുന്നത്. അത് 104 ദിവസം നീണ്ടുപോയി. പത്ത് പതിനാല് ദിവസത്തെ ഷൂട്ടിങ് ചെലവ് അതിൽപെടും.
എന്റെ അറിവിൽ 23.5 കോടി രൂപയാണ് മമ്മൂക്കയുടെ സാലറി ഇല്ലാതെ ഈ സിനിമയ്ക്കുണ്ടായ പ്രൊഡക്‌ഷൻ കോസ്റ്റ്. അല്ലാതെ മമ്മൂക്കയുടെ സാലറി, പ്രമോഷൻ കോസ്റ്റ് ഒക്കെ വന്നേക്കാം. റിട്ടേൺസും ലാഭവും നിർമാതാവിനു മാത്രമേ പറയാൻ പറ്റൂ. മറ്റേത് എന്റെ ഉത്തരവാദിത്തം ആയതുകൊണ്ടാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
ഓരോ ആഴ്ചയിലുള്ള അപ്ഡേഷൻസ് അവരുടെ ഭാഗത്തുനിന്നു ചോദിക്കും. ഫൈനൽ കോപ്പിയാകുന്ന സമയത്ത് എത്രയാണ് കോസ്റ്റ് വന്നതെന്ന് അന്ന് എടുക്കുകയും ചെയ്തു. നമ്മുടെ അടുത്ത് ചോദിച്ചിട്ടാണ് ഓരോ കാര്യങ്ങളും അവർ തീരുമാനിക്കുന്നത്. ബജറ്റും കൂടി നോക്കിയാകും ആ കാര്യങ്ങളെല്ലാം തീരുമാനിക്കുക.
ഉദാഹരണത്തിന് സിജി മൂന്ന് സ്ഥലത്ത് കൊടുക്കണമെങ്കിൽ മൂന്ന് എമൗണ്ട് ആകും പറയുക. എവിടെ കൊടുക്കണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. ഇതിന്റെ മേക്കിങ് കോസ്റ്റിനെ സംബന്ധിച്ചടത്തോളം സംവിധായകന് ഒരു ഐഡിയ കാണും. മറ്റ് കാര്യങ്ങൾ പറയാൻ പറ്റില്ല.’’–വൈശാഖിന്റെ വാക്കുകൾ.