ഭർത്താവും മക്കളും നഷ്ടപ്പെട്ട കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മയും യാത്രയായി
Mail This Article
നടി കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മ രുഗ്മിണിയും യാത്രയായി. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം.
ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ലീലയുടെ വാക്കുകൾ: ‘‘വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഞാനാണ് അമ്മയുടെ ആദ്യത്തെ കുട്ടി. അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ നാടുവിട്ടു പോയതാണ്. അമ്മയെ വേറെ വിവാഹം കഴിപ്പിച്ചു. അത് അങ്ങനെയൊരു കഥ. എന്തായാലും ഇപ്പോൾ അമ്മ എന്നോടൊപ്പമുണ്ട്. നാടകരംഗത്തെ എന്റെ സുഹൃത്തും ഒരു കൂടപ്പിറപ്പിനെപ്പോലെ ഞാൻ കരുതുകയും ചെയ്യുന്ന കൂനത്തറ രാജലക്ഷ്മിയും ഞാനുമാണ് അമ്മയെ നോക്കുന്നത്.
ദൈവം എല്ലാം മുൻകൂട്ടി കാണുന്നുണ്ട്. എനിക്ക് എന്റെ വയസാംകാലത്ത് യാതൊരു നിവൃത്തിയും ഉണ്ടാകില്ലെന്ന് ദൈവം മുൻകൂട്ടി കണ്ടു. ഭർത്താവോ മക്കളോ ആരും എനിക്കൊപ്പം ഇല്ലല്ലോ. അതുകൊണ്ട് ഒരു മുൻകൂർ അനുഗ്രഹമായി എനിക്ക് കിട്ടിയതാണ് ഈ സിനിമകളും അഭിനയവും. അല്ലായിരുന്നെങ്കിൽ, ഈ ലോക്ഡൗൺ കാലത്ത് ഞാനെന്തു ചെയ്യുമായിരുന്നു? പ്രായമായ എന്റെ അമ്മയും ഞാനും വേറൊരു നിവൃത്തിയില്ലാത്ത അവസ്ഥയിൽ ആയിപ്പോകില്ലായിരുന്നോ? അമ്മ സംഘടനയെക്കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർ തന്ന 5000 രൂപയായിരുന്നു ഈ സമയത്ത് എനിക്ക് ആകെയുണ്ടായിരുന്ന ആശ്വാസം. പിന്നെ, അമ്മയുടെ ക്ഷേമനിധി പെൻഷനായി കിട്ടുന്ന മൂവായിരം രൂപയും. യാതൊരു വർക്കും ഇല്ലെങ്കിലും എനിക്കും അമ്മയ്ക്കും ജീവിക്കാൻ ഇതു പോരെ? ആ ഒരൊറ്റ ധൈര്യത്തിലാണ് ഇപ്പോഴത്തെ എന്റെ ജീവിതം.
അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്. ആരുടേയും എതിര്‍പ്പ് അമ്മ വക വച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയില്‍ ഞാനെത്തി. അമ്മയ്ക്ക് ഇപ്പോഴിപ്പോള്‍ ഓര്‍മ്മ കുറവാണ്. ഇടയ്ക്ക് സരിഗമ പധനിസ പാടുന്നത് കേള്‍ക്കാം. അതും മുഴുമിപ്പിക്കില്ല. പണ്ടൊക്കെ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്റ്റേജില്‍ എന്തെങ്കിലും തമാശപരിപ്പാടികള്‍ അവതരിപ്പിക്കും. ഇപ്പോള്‍ അമ്മയെക്കുറിച്ച് ഞാന്‍ എഴുതിയ പാട്ടുകള്‍ പാടും.
എനിക്ക് രണ്ട് ആണ്‍മക്കളായിരുന്നു. ഒരാളുടെ പേര് രാധാകൃഷ്ണന്‍. അവന് ഗുരുവായൂരില്‍ കൊണ്ടു പോയാണ് ചോറു കൊടുത്തത്. എന്തു പറയാനാ. ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു. ഒരാള്‍ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരിച്ചു. ദൈവം അങ്ങനെ വിചാരിച്ചു കാണും. അല്ലാതെ എന്ത് പറയാനാ? ഇപ്പോള്‍ മക്കളില്ലാത്ത വിഷമം ഞാന്‍ അറിയാറില്ല. എനിക്ക് നാട്ടില്‍ കുറേ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെ പോലൊരു അമ്മയുണ്ട്. എന്റെ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം ഞാന്‍ കുട്ടിയായിരിക്കും.’’
ലീല കൃഷ്ണകുമാർ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാർഥ പേര്. പരേതനായ കൃഷ്ണകുമാർ ആണ് നടിയുടെ ഭർത്താവ്. രുഗ്മിണിയും വേർപിരിഞ്ഞതോടെ ഇനി ലീലയുടെ ജീവിതം ഒറ്റയ്ക്കായി.