ഞാൻ ദൃക്സാക്ഷി, ആസിഫിന്റെ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്ജിയോടുള്ള ബഹുമാനം: ശ്രീകാന്ത് മുരളി
Mail This Article
ആസിഫ് അലി–രമേശ് നാരായണൻ വിവാദത്തിൽ താൻ ദൃക്സാക്ഷിയെന്ന് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് രമേശ് നാരായണനോടുള്ള ബഹുമാനമാണെന്നും 'അൽപത്തം' കാട്ടിയ സംഗീതജ്ഞനോട് സഹതാപം മാത്രമാണെന്നും ശ്രീകാന്ത് മുരളി സമൂഹമാധ്യമത്തിൽ കുറിച്ചു.
ശ്രീകാന്ത് മുരളിയുടെ വാക്കുകൾ ഇങ്ങനെ: ഞാൻ ദൃക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് "ജി"യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്. "എം ടി" എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ "അല്പത്തം" കാട്ടിയ രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.
രമേശ് നാരായണനെ വിമർശിച്ച് ബിജു മോഹൻ എന്ന വ്യക്തി പങ്കുവച്ച കുറിപ്പ് ഷെയർ ചെയ്താണ് ശ്രീകാന്ത് മുരളി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സംഭവം വിവാദമായതിനെ തുടർന്ന് നിരവധി പേർ ആസിഫിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
എം.ടി ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിൽ വച്ചാണ് വിവാദ സംഭവം നടന്നത്. രമേശ് നാരായണന് ഉപഹാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണൻ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്.