ADVERTISEMENT

ഇക്കഴിഞ്ഞ ജൂൺ 28ാം തിയതി മലയാള മനോരമ പത്രത്തിൽ ‘ജയഭാരതി സപ്തതി നിറവിൽ’ എന്ന വാർത്ത കണ്ടപ്പോൾ എന്റെ മനസ്സിൽ അറിയാതെ ഒരു സന്ദേഹം വിടരുകയായിരുന്നു.  ഇങ്ങനെ ഒരു വാർത്ത കണ്ടതിന് എന്തിനാണിത്രയ്ക്ക് സന്ദേഹമെന്ന  ചോദിക്കുന്നവരുണ്ടാവും.  ചോദ്യം ന്യായമാണ്. 

ജയഭാരതിക്ക് എഴുപത് വയസ്സായിക്കാണുമോ എന്നുള്ള സന്ദേഹം കൊണ്ടുണ്ടായ അതിസന്ദേഹമോ, അവരുടെ സപ്തതി ഇതിനു മുൻപു കഴിഞ്ഞതാണെന്നുള്ള അപഥചിന്തയിൽ നിന്നുണ്ടായ സന്ദേഹം കൊണ്ടൊന്നുമല്ല, ജയഭാരതിയുടെ സപ്തതി എന്നിൽ അദ്ഭുതം വിടർത്തിയത്.  എന്റെ കാഴ്ചപ്പാടിൽ അവർക്ക് ഷഷ്ഠിപൂർത്തിയും സപ്തതിയുമൊന്നുമായിട്ടില്ല.  അവർ മധ്യവയസ്സിന്റെ വേനലിലൂടെ സഞ്ചരിച്ചു കൊണ്ട് യൗവ്വനം ചോർന്നു പോകാത്ത മുഖശ്രീയും ശരീരലാവണ്യവുമായി ചെന്നൈയിലെ കോളജ് റോഡിലുള്ള ഐശ്വര്യം കളിയാടുന്ന വീട്ടിൽ സസുഖം കഴിയുകയാണെന്നാണ് എന്റെ ബോധധാരാ മനസ്സിലുള്ളത്.  എന്നാൽ ജയഭാരതിയുടെ ആയുസ്സിൽ നിന്നും കാലം നീണ്ട എഴുപതുവർഷങ്ങളാണ് അപഹരിച്ചു കൊണ്ടു പോയതെന്ന് അറിയാമെങ്കിലും എന്റെ മനസ്സെന്നു പറയുന്ന പ്രതിബിംബത്തിന് അത് ഉൾക്കൊള്ളാനാവുന്നില്ല. 

നമ്മൾ ഓരോ സ്ഥലങ്ങളിലും വച്ച് ഓരോ വ്യക്തിത്വങ്ങളെ കണ്ടുമുട്ടാറുണ്ട്. സൗഹൃദം കൂടാറുണ്ട്. അവരുടെ സൗന്ദര്യവും സംസാരവും ചിരിയും ബിഹേവിയറും മാനറിസവുമൊക്കെ പിന്നീട് നമ്മുടെ മനസ്സിൽ ഒരു രൂപരേഖയായിട്ട് അങ്ങനെ കിടക്കും, പിന്നീട് അവരെ ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലും അവരിലുണ്ടായ മാറ്റങ്ങൾ നമ്മള്‍ അറിയുന്നില്ലല്ലോ. ഞാൻ  ജയഭാരതിയെ അവസാനമായി കാണുന്നത് 1998 ൽ പി.ജി. വിശ്വംഭരന്‍ സംവിധാനം െചയ്ത ‘എഴുപുന്നതരക’ന്റെ ഷൂട്ടിങ് നടക്കുന്ന തോപ്പുംപടിയിലെ നെറ്റോ ബംഗ്ലാവിൽ വച്ചാണ്.  എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കൊന്നും പോകാതെ നേരേ ലൊക്കേഷനിലേക്കായിരുന്നു അവർ വന്നത്. 

ഒത്തിരി വർഷങ്ങൾക്കു ശേഷം ഒരു ഷൂട്ടിംഗ് യൂണിറ്റിലെത്തുന്ന ജയഭാരതിയെ കാണാൻ മമ്മൂട്ടി, രാജൻ പി. ദേവ്, ജഗദീഷ്, ക്യാപ്റ്റൻ രാജു നായിക നമ്രതാ ശിരോദ്കർ തുടങ്ങിയ താരസന്നാഹങ്ങൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു മമ്മൂട്ടി ജയഭാരതിയുടെ കൂടെ ആദ്യമായിട്ടഭിനയിക്കാൻ പോവുകയാണ്. പി.ജി. വിശ്വംഭരന്റെയും എന്റെയും ആദ്യ ചിത്രങ്ങളിലെ നായികയായതു കൊണ്ട് ഞങ്ങളിലും ആകാംക്ഷയുടെ കൗതുകം നിറഞ്ഞു നിന്നിരുന്നു. താൻ കോളജിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ജയഭാരതിയുടെ കടുത്ത ആരാധികനായിരുന്നു എന്ന മമ്മൂട്ടിയുടെ ആദ്യ വാമൊഴി കേട്ടപ്പോൾ ജയഭാരതിയുടെ വിനയാന്വിതമായ ആ വിടർന്ന പുഞ്ചിരിക്ക് ഇന്നും സൗരഭ്യമുള്ളതുപോലെ എനിക്ക് തോന്നാറുണ്ട്.  

ജയഭാരതിക്ക് എഴുപുന്നതരകനില്‍ മമ്മൂട്ടിയുടെ ആന്റിയുടെ വേഷമായിരുന്നു. ആകെ അഞ്ചാറു സീനുകളേയുളളുവെങ്കിലും കഥയിലെ മർമപ്രധാനമായ ഒരു വേഷമായിരുന്നത്. അവർ ലൊക്കേഷനിലുണ്ടായിരുന്ന ദിവസങ്ങളിൽ എന്റെ ആദ്യ സിനിമയായ ‘അനുഭവങ്ങളെ നന്ദി’യെക്കുറിച്ചും ഞാൻ തിരക്കഥ എഴുതിയിരുന്ന ജനുവരി ഒരു ഓർമയിലെ കൊടൈക്കനാലിലെ ലൊക്കേഷൻ വിശേഷങ്ങളെക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. 

പഴയ കാലത്തെക്കുറിച്ച് പറഞ്ഞപ്പോൾ ജയഭാരതി ഏതോ ഓർമ്മയിലെന്നവണ്ണം ഉരുവിട്ട വാചകങ്ങൾ ഇന്നും എന്റെ ഓർമ്മയിലുണ്ട്.

‘‘എല്ലാം കണ്ടുപിടിച്ച മനുഷ്യന് അവന്റെ മനസ്സ് മാത്രം കണ്ടുപിടിക്കാനായില്ല. ചിരിക്കുന്ന മുഖങ്ങളിൽ കരയുന്ന ഓർമകളുമായി നടക്കുന്നവരാണ് നമ്മളിൽ പലരും.’’ 

naseer-jayabharathi

അങ്ങനെ ഓർമകൾ  നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് മുൻപുള്ള കാലങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നൊരു ഫോൺവിളി കേട്ട് ഞാൻ ഉണർന്നത്.  എന്റെ അടുത്ത സുഹൃത്തും കവിയും ഗാനരചയിതാവുമായ ആർ. കെ ദാമോദരന്റെ ഫോൺ ആയിരുന്നത്. 

‘‘എടോ ഡെന്നിസേ ഇന്ന് തന്റെ ആദ്യ സിനിമയിലെ നായിക ജയഭാരതിയുടെ സപ്തതിയല്ലേ? താൻ വിളിച്ച് വിഷ് ചെയ്തില്ലേ? മനോരമ പത്രത്തിൽ വാർത്തയുണ്ട്.’’

‘‘ഞാൻ കണ്ടു. നീ സ്പതതിയെന്നു പറഞ്ഞ് അവരെ വയസ്സിയാക്കാൻ നോക്കണ്ട. എഴുപതാം പിറന്നാൾ എന്നു പറഞ്ഞാൽ മതി. എന്റെ മനസ്സിൽ അവരിപ്പോഴും നാൽപത്തി നാലു വയസ്സുള്ള പ്രൗഢയായ ഒരു സ്ത്രീസാന്നിധ്യമാണ്.’’

എന്റെ വിശേഷണം കേട്ട് ആർ.കെ. ചിരിച്ചപ്പോൾ ഞാൻ‍ അതിന്റെ സാംഗത്യത്തെക്കുറിച്ച് വാചാലനായപ്പോൾ അവന്റെ മനസ്സിലെ കവി അതിന് പുതിയൊരു വ്യാഖ്യാനം നൽകി എന്റെ ചെവിയിലേക്ക് നാലുവരി കവിത ചൊല്ലിയിട്ട് ജയഭാരതിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടു പറഞ്ഞു. 

"തന്റടുത്ത് ജയഭാരതിയുടെ നമ്പറില്ലേ? താൻ ഒന്നു വിളിച്ചിട്ട് ജന്മദിനാശംസകൾ നേരടോ."

"ഞാൻ ഇതുവരെ അവരെ വിളിച്ച് അങ്ങനെ ജന്മദിനാശംസകളൊന്നും നേർന്നിട്ടില്ല.  അവരെ ഞാൻ വിളിച്ചിട്ടു തന്നെ വളരെ കാലമായി. എന്റെ കയ്യിലുള്ള നമ്പറും ശരിയാണോന്ന് അറിയില്ല." 

"എന്തായാലും താൻ ഒന്നു വിളിക്ക്.  ജയഭാരതിയെ കിട്ടുകയാണെങ്കിൽ നമ്പർ എനിക്കൊന്നു തന്നാൽ മതി. ‘അനുഭവങ്ങളെ നന്ദി’യിൽ അവർക്കു വേണ്ടി ഞാൻ ഒരു പാട്ടെഴുതിയിട്ടുള്ളതല്ലേ?"

jayabharathi-2

ഞാൻ അപ്പോൾ തന്നെ ഫോണിൽ ഫീഡ് ചെയ്തിരിക്കുന്ന ജയഭാരതിയുടെ നമ്പറെടുത്തു വിളിച്ചു.  ബെൽ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല. ബർത്ഡേ ആയിട്ട് ഇനി വല്ല പള്ളിയിലോ ക്ഷേത്രത്തിലോ പോയിക്കാണുമായിരിക്കും?

പിന്നീട് ഒരു മണിക്കൂർ ഇടവിട്ട് രണ്ടു പ്രാവശ്യം കൂടി ഞാൻ വിളിച്ചു നോക്കി. ബെൽ അടിക്കുന്നതല്ലാതെ പ്രതികരണമൊന്നുമില്ല. പിന്നെ ഞാൻ വിളിക്കാൻ പോയില്ല. 

വൈകുന്നേരമായപ്പോൾ എന്റെ ഫോണിലേക്ക് അവരുടെ ഫോൺ വന്നു. 

ഫോൺ എടുത്ത പാടെ തന്നെ ഞാൻ ജന്മദിനാശംസകൾ നേർന്നു. ‘‘ഹാപ്പി ബർത്ഡേ’’.

മറുതലയ്ക്കൽ നിന്നുള്ള സ്ത്രീശബ്ദം ഇങ്ങനെയായിരുന്നു. 

‘‘എന്റെ ബർത്ഡേ ഇന്നല്ല. ഓഗസ്റ്റ് അഞ്ചിനാണ്. റോങ് നമ്പർ.’’

ഞാൻ പെട്ടെന്നു ചമ്മി വേഗം തന്നെ ഫോൺ വച്ചുകൊണ്ട് അപ്പോൾ തന്നെ ദാമോദരനെ വിളിച്ചു.  വിവരം പറഞ്ഞ ശേഷം പിആർഒ എ.എസ്. ദിനേശിനേയും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയേയും വിളിച്ച് ജയഭാരതിയുടെ പുതിയ ഫോൺ നമ്പറുണ്ടെങ്കിൽ അയച്ചു താൻ പറഞ്ഞു. രണ്ടു പേരും ഉടനെ തന്നെ പുതിയ നമ്പർ അയച്ചു തന്നു. എന്റെ കയ്യിലുള്ള നമ്പർ പഴയ നമ്പറായിരിക്കാം. ഞാൻ ഉടനെ തന്നെ ആ നമ്പറിൽ വിളിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളില്‍ തന്നെ ഫോൺ എടുത്തു.  ജയഭാരതിയാണ് സംസാരിക്കുന്നതെന്ന് ഉറപ്പു വരുത്തിയപ്പോഴാണ് സപ്തതിയെന്നുള്ള ഒരു വാക്കു പോലും ഉരിയാടാതെ ഞാൻ ജന്മദിനാശംസകൾ നേർന്നത്. ഞാൻ വിളിച്ചതിൽ ജയഭാരതിക്ക് ഒത്തിരി സന്തോഷമായി. അവർ വാചാലയായപ്പോൾ എഴുപത് വയസ്സായതിന്റെ ശബ്ദവ്യത്യാസമോ ആ ചിരിയിലെ നിറം മങ്ങലോ ഒന്നും എനിക്കനുഭവപ്പെട്ടില്ല. 

കൃഷ്ണചന്ദ്രൻ, ജയഭാരതി, ശ്വേത മേനോൻ, ശ്രീജിത് വിജയ്. ചിത്രത്തിന് കടപ്പാട്: www.facebook.com/krishna.chandran.54
കൃഷ്ണചന്ദ്രൻ, ജയഭാരതി, ശ്വേത മേനോൻ, ശ്രീജിത് വിജയ്. ചിത്രത്തിന് കടപ്പാട്: www.facebook.com/krishna.chandran.54

1978 ൽ എന്റെ ആദ്യ ചിത്രമായ ‘അനുഭവങ്ങളെ നന്ദി’യിൽ അഭിനയിക്കാൻ വന്നപ്പോൾ കണ്ട ആ നിറഞ്ഞ ചിരിക്കും സംസാരത്തിനും ഒരു മാറ്റവുമില്ല.  ഞങ്ങൾ കുറച്ചു നേരമിരുന്ന് പഴയതും പുതിയതുമായ വിശേഷങ്ങൾ പറഞ്ഞതിനു ശേഷമാണ് ഫോൺ മൊഴികൾക്കു വിരാമമിട്ടത്.  ഫോൺ വച്ചു കഴിഞ്ഞപ്പോൾ  നീണ്ട നാൽപത്തിയാറു വർഷങ്ങളുടെ മങ്ങിയ ഓർമകൾ ഓരോന്നായി എന്റെ മനസ്സിൽ തെളിഞ്ഞു വരികയായിരുന്നു. 

എന്റെ ആദ്യ സിനിമാ കഥയിലെ ആദ്യ നായിക, മലയാള സിനിമയിലെ നായികാ സങ്കൽപത്തിന് പുതിയ ഭാവതലങ്ങൾ നൽകിയ, ഏതു വേഷമണിഞ്ഞാലും ആ കഥാപാത്രത്തിന്റെ രൂപചാരുതയ്ക്കിങ്ങിയ  ശരീരശാസ്ത്രമുള്ള മലയാള സിനിമയിലെ ഏക നായിക വസന്തമായിരുന്ന ജയഭാരതി എങ്ങനെയാണ് എന്റെ 'അനുഭവങ്ങളെ നന്ദി'യിലേക്ക് വന്നതെന്ന് നോക്കാം. ഞാനും എന്റെ സുഹൃത്ത് കിത്തോയും കൂടി ചിത്രപൗർണമി സിനിമാ വാരിക നടത്തിക്കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം ചിത്രപൗർണമിയുടെ ഓഫിസിലേക്ക് ഞങ്ങൾ രണ്ടു പേരുടേയും സുഹൃത്തായ സി. സി. ആന്റണി കടന്നു വന്നിട്ട് ഒരു പ്രഖ്യാപനം പോലെ പറഞ്ഞു. 

‘‘ഡെന്നിസേ താൻ ചിത്രകൗമുദി വാരികയിൽ എഴുതിയ അനുഭവങ്ങളെ നന്ദി എന്ന നോവൽ ഞങ്ങൾ സിനിമയാക്കുന്നു. 

‘ഞങ്ങളോ?’

ഞാനും കിത്തോയും ഒരു പോലെ ചോദിച്ചു. 

‘‘ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ മാനേജരായി ജോലി നോക്കുന്ന പൂർണശ്രീ കെമിക്കൽസിന്റെ രാമഭദ്രന്‍ തമ്പുരാൻ.’’

ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കിയപ്പോൾ ആന്റണി ആധികാരിമായി പറഞ്ഞു.

‘‘ഞങ്ങൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. നമ്മൾക്ക് ഐ.വി. ശശിയെക്കൊണ്ട് സംവിധാനം ചെയ്യിക്കാം. ശശി തന്റെ സുഹൃത്തല്ലേ? താൻ നാളെ രാവിലെ പോയി ശശിയെ കണ്ടോന്ന് സംസാരിക്ക്’’

പിന്നെ എല്ലാം ധൃതഗതിയിലാണ് നടന്നത്. അപ്പോൾ എറണാകുളത്ത് ഐ.വി. ശശി സംവിധാനം ചെയ്യുന്ന ‘ഈ മനോഹരതീര'ത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളുമായി കിത്തോ സൗഹൃദം കൊണ്ട് ഞങ്ങൾ അവരോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. 

പിറ്റേന്ന് രാവിലെ ഞാനും കിത്തോയും സി. സി ആന്റണിയും കൂടി ശശിയെ പോയി കണ്ടു സംസാരിച്ച് കഥയും പറഞ്ഞു കേൾപ്പിച്ചിട്ടാണ് അവിടെനിന്ന് പോന്നത്.   എന്റെ ആരാധനാ പാത്രമായ മധു എന്ന അഭിനയപ്രതിഭയെ നായകനായും ഉർവശി ശാരദയെ നായികയായും അഭിനയിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷീലയും, പഴയ നായിക അംബികയുമൊക്കെ കളം നിറഞ്ഞാടുമ്പോഴാണ് ശാരദ എന്ന അഭിനേത്രിയുടെ കടന്നു വരവുണ്ടായത്.  നമ്മുടെ നാട്ടിൻ പുറത്തു കാണുന്ന ശാലീനവതിയായ പെൺകുട്ടികളുടെ രൂപഭംഗിയും അതിഭാവുകത്വമില്ലാത്ത സ്വാഭാവികമായ അഭിനയവും കൊണ്ട് ഞങ്ങളെപ്പോലുള്ള യുവാക്കളുടെ മനസ്സിൽ ശാരദയ്ക്ക് വലിയൊരു ഇമേജ് തന്നെയായിരുന്നു അന്നുണ്ടായിരുന്നത്.  വിവാഹകമ്പോളത്തിൽ വരെ ശാരദയ്ക്ക് വലിയ മാർക്കറ്റുണ്ടായിരുന്ന ഒരു കാലമായിരുന്നത്. 

പെണ്ണു കാണാൻ കൊണ്ടു പോകുന്ന ബ്രോക്കറോട് ശാരദയെ പോലെ ശാലീനതയുള്ള പെണ്ണായിരിക്കണമെന്ന് പറയുന്നത് പലപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്. എന്തിനു പറയുന്നു. എന്റെ മനസ്സിലെ ഭാര്യാ സങ്കൽപവും ശാരദയെപോലെ ഒരു പെണ്ണായിരുന്നു.  

ഞങ്ങൾ ‘അനുഭവങ്ങളെ നന്ദി’യുടെ ഡിസ്കഷനിലായിരുന്നപ്പോൾ ശശിയാണ് ശാരദയെ വെട്ടിയത്. 

‘‘എടാ, ശാരദ നല്ല നടിതന്നെയാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.  പക്ഷേ നിന്റെ കഥയിലെ നായിക അൽപം കൂടി യങ്ങായിരിക്കണം. പാവാടയും ബ്ലൗസുമിട്ട തുള്ളിച്ചാടി നടക്കുന്ന ഒരു കുസൃതിപ്പെണ്ണാകാൻ നല്ലത് ജയഭാരതിയാണ്. നമുക്കു ഭാരതിയെ വയ്ക്കാം."

കേട്ടപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി. ശാരദയോടുള്ള എന്റെ ഇഷ്ടം കൊണ്ടാണ് ഞാൻ ആ കഥാപാത്രത്തിന്റെ പ്രായവും പരിചരണരീതികളുമൊക്കെ ഓർക്കാതിരുന്നതെന്ന് എനിക്കു മനസ്സിലായി.  അങ്ങനെയാണ് ശാരദയ്ക്കു പകരം ജയഭാരതി അനുഭവങ്ങളെ നന്ദിയിൽ നായികയായത്. സിനിമ റിലീസായപ്പോൾ ഞാനും കിത്തോയും ജോൺപോളും സെബാസ്റ്റ്യൻ പോളും എല്ലാവരും കൂടി പോയാണ് മാറ്റിനി ഷോ കണ്ടത്. എന്റെ നായികാ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റായ അഭിനേത്രി ജയഭാരതിയാണെന്ന് എനിക്ക് അപ്പോൾ തോന്നുകയും ചെയ്തു. 

ജയഭാരതി
ജയഭാരതി

‘അനുഭവങ്ങളെ നന്ദി’ നന്നായിട്ട് പോയതു കൊണ്ട് എന്റെ കയ്യിൽ നല്ല കഥ വല്ലതു ഉണ്ടോയെന്ന് ചോദിച്ചുകൊണ്ട് സംവിധായകൻ പി.ജി. വിശ്വംഭരൻ ഒരുദിവസം എന്നെ കാണാൻ വന്നു. ഞാൻ ചിത്രകൗമിദിയിൽ എഴുതിയിരുന്ന "യമുനേ നീ ഒഴുകൂ" എന്ന നോവലായിരുന്നത്.  അതിലും ജയഭാരതിയായിരുന്നു നായിക.  'ഇവിടെ കാറ്റിനു സുഗന്ധം' എന്നു പേരിട്ടിരുന്ന സിനിമയിൽ സോമനും ജയനുമായിരുന്നു നായകന്മാർ. ആ ചിത്രവും വിജയമായി മാറി. 

വർഷങ്ങൾക്ക് ശേഷം ഞാൻ തിരക്കഥാകാരനായി മാറിയപ്പോൾ ജയഭാരതി സത്താറിനെ വിവാഹം കഴിച്ചു കുടുംബജീവിതത്തിലേക്കു കടന്നിരുന്നു. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷമാണ് ഞാൻ തിരക്കഥ എഴുതിയ ജനുവരി ഒരു ഓർമയിൽ അവരെ അഭിനയിപ്പിക്കാൻ എനിക്കു കഴിഞ്ഞത്.  അതും ആദ്യം അവർ വിസമ്മതം പറഞ്ഞെങ്കിലും കഥയും കഥാപാത്രങ്ങളും വളരെ ഇഷ്ടപ്പെട്ടതുകൊണ്ടും ജോഷിയുടെ സിനിമയാണെന്ന ഒരു പരിഗണനയും കൂടി അവരുടെ ആ വരവിനുണ്ടായിരുന്നു.  കൊടൈക്കനാലിൽ വച്ചായിരുന്നു ഷൂട്ടിങ്.  അന്ന് കൈക്കുഞ്ഞായ ക്രിഷ് സത്താറിനെയും കൊണ്ടാണ് ജയഭാരതി വന്നത്. ഒരു കു‍ഞ്ഞിന്റെ അമ്മയായിട്ടും ജയഭാരതിയുടെ സൗന്ദര്യത്തിനോ രൂപഭാവങ്ങൾക്കോ ഒരു മാറ്റവും ഉണ്ടായതായി തോന്നിയിരുന്നില്ല. 

ജയഭാരതിയുടെ ആദ്യ സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ അവരുടെ അഭിനയം കാണാനായി മോഹൻലാലും എത്തി.  സ്കൂളിലും കോളേജിലുമൊക്കെ പഠിച്ചു കൊണ്ടിരിക്കുമ്പോൾ യുവ ഹൃദയങ്ങളുടെ രോമാഞ്ചമായിരുന്ന താരറാണിയുടെ അഭിനയം ആസ്വദിച്ച് എന്റെ തോളിൽ പിടിച്ചു കൊണ്ട് ലാൽ പറഞ്ഞതിങ്ങനെയാണ്. 

‘‘ഡെന്നിസ് ചേട്ടാ ഞങ്ങൾ സ്റ്റുഡന്റ്സിന്റെ സൂപ്പർ ഹീറോയിനായിരുന്നു ജയഭാരതി ചേച്ചി.  ചേച്ചി അഭിനയിച്ച രണ്ടു സിനിമകൾ വരെ കണ്ടിട്ടുള്ള പല ദിവസങ്ങളുമുണ്ട്.’’ 

ലാലിന്റെ ആരാധനാ പാത്രമായിരുന്ന താരറാണിക്ക് 'ജനുവരി ഒരു ഓർമ'യിൽ ലാലിന്റെ അമ്മയുടെ വേഷമായിരുന്നു. ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന വളരെയധികം അഭിനയ മുഹൂര്‍ത്തങ്ങളുള്ള കഥാപാത്രത്തിനു തന്റെ അഭിനയ മികവു കൊണ്ട് പുതിയ മാനങ്ങൾ നൽകുകയായിരുന്നു ജയഭാരതി. 

അടുത്ത ലക്കത്തിൽ ഷീലയും ശാരദയും.

English Summary:

Kaloor Dennis About Jayabharathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com