പാഠം രണ്ട് ഒരു സല്ലാപം: മീര ജാസ്മിനുമൊത്ത് ഇർഷാദ്
Mail This Article
മീര ജാസ്മിനെ ചേർത്തുപിടിച്ച് നടൻ ഇർഷാദ് അലി പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രണ്ടു ദശാബ്ദങ്ങൾ പോവുകയും തമ്മിൽ തമ്മിൽ മറന്നുപോവുകയും ചെയ്തിട്ടും ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം മറന്നിട്ടേയില്ല എന്നാണ് ‘പാഠം രണ്ട് ഒരു സല്ലാപം’ എന്ന തലക്കെട്ടുമായി മീര ജാസ്മിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഇർഷാദ് അലി കുറിച്ചത്. 2003ൽ പുറത്തിറങ്ങിയ മീര ജാസ്മിനെ ദേശീയ പുരസ്‌കാരത്തിന് അർഹയാക്കിയ 'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമ കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്.
‘‘പാഠം രണ്ട് ഒരു സല്ലാപം. രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി. അഭ്രപാളി തന്നെയും അടർന്നു പോയ്. ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല. ഒരു വേള ഓർത്തുമില്ല. ഷാഹിനയുടെ നിലവിളിയും റസാഖിന്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല.’’–ഇർഷാദിന്റെ വാക്കുകൾ.
സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ചിത്രമായിരുന്നു ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം. ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായി അഭിനയിച്ച മീര ജാസ്മിനു 2003-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും കേരള ചലച്ചിത്രപുരസ്കാരവും ലഭിച്ചിരുന്നു. മീരയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ സിനിമയിൽ ഇർഷാദ് അലി ആയിരുന്നു നായക വേഷം ചെയ്തത്.
അതേസമയം ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് മലയാളത്തിലെ മീര ജാസ്മിൻ. അടുത്തിടെ എം. പദ്മകുമാറിന്റെ ക്വീൻ എലിസബത്ത് എന്ന ചിത്രത്തിൽ മീര നായികയായി പ്രത്യക്ഷപ്പെട്ടിരുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'പാലും പഴവും' എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.