ADVERTISEMENT

ഒരു കാലത്ത് ബോക്സ് ഒാഫിസ് ഭരിച്ചിരുന്ന ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രങ്ങളെ പ്രേക്ഷകർ കൈവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘സർഫിര’ റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോൾ തിയറ്ററുകളിൽ നിന്നും ലഭിച്ചത് വെറും 24 കോടി രൂപ മാത്രമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കലക്‌ഷനാണിത്. സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ആയിട്ടു കൂടി പ്രേക്ഷകർ ചിത്രത്തെ പൂർണമായും കൈവിട്ട അവസ്ഥയാണ്. 

സിനിമയുടെ പരാജയത്തില്‍ ഹൃദയം തകരുന്നുവെന്ന് നിര്‍മാതാവ് മഹാവീര്‍ ജെയന്‍ പ്രതികരിച്ചു. ‘‘നല്ല സിനിമകള്‍ക്ക് അര്‍ഹമായ വിജയം ലഭിക്കുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ സര്‍ഫിറാ ബോക്‌സ് ഓഫിസില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാത്തത് കാണുമ്പോള്‍ ഹൃദയം തകരുന്നു. സിനിമ കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സര്‍ഫിര വിജയം അർഹിക്കുന്ന ചിത്രമായിരുന്നു.’’–മഹാവീർ ജെയ്ന്റെ വാക്കുകൾ.

സുധ കൊങ്കാര തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ 150ാം സിനിമയെന്ന വിശേഷണവുമായാണ് ‘സർഫിര’ എത്തിയത്. 80 കോടിയാണ് ബജറ്റ്. 

ഇതിനു മുമ്പ് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം ബഠേ മിയാൻ ചോട്ടേ മിയാന് ആദ്യദിനം പതിനാറ് കോടിയാണ് കലക്‌ഷനായി ലഭിച്ചത്. എന്നാൽ സിനിമയുടെ ആജീവനാന്ത കലക്‌ഷൻ 59 കോടിയായിരുന്നു. 350 കോടി മുതൽ മുടക്കിയ ചിത്രത്തിന് അതിന്റെ നാലിലൊന്ന് കലക്‌ഷൻ പോലും നേടാനായില്ലെന്നു മാത്രമല്ല നിർമാതാക്കൾ വലിയ കടക്കെണിയിൽ അകപ്പെടുകയും ചെയ്തു. 

അതേസമയം വിക്കി കൗശൽ നായകനായെത്തിയ ബാഡ് ന്യൂസ് എന്ന സിനിമ മൂന്ന് ദിവസം കൊണ്ട് വാരിയത് 30 കോടി രൂപയാണ്. 70 കോടിയാണ് സിനിമയുടെ ബജറ്റ്.

English Summary:

'Bad Newz' box office day 3: Vicky-Triptii's film beats 'Sarfira' with Rs 30 crore: See Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com