ADVERTISEMENT

സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ  അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.

ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു നടിയെ സിനിമയിൽ ലിപ്‌ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ടണ്ണന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ ഇത്തരം വിഡിയോ പങ്കുവയ്ക്കുന്നത്.

നിരൂപണത്തിന്റെ മറവിൽ സിനിമാ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം. നേരത്തെ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യൂബറും ബാലയുമായുള്ള വിവാദത്തിൽ സന്തോഷ് വർക്കിയുടെ ഇടപെടൽ ഏറെ വിവാദമായിരുന്നു. തുടർന്ന് ബാല തന്നെ തടവിൽ വച്ചെന്ന ആരോപണവുമായി സന്തോഷ് വർക്കി രംഗത്തെത്തുകയും ചെയ്തു.

English Summary:

Controversial YouTuber Santhosh Varki Receives Police Warning for Obscene Film Reviews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com