ADVERTISEMENT

ബോളിവുഡിന്റെ ആക്‌ഷൻ കില്ലാഡി അക്ഷയ് കുമാറിന് ഇതെന്തുപറ്റി ? ഹിന്ദി സിനിമ ലോകത്തെ ചൂടുള്ള ചർച്ച ഇതാണ്. അടുപ്പിച്ച് 11 ചിത്രങ്ങൾ, ആകെ നഷ്ടം 1000 കോടിക്ക് മീതെ. തമിഴ് സൂപ്പർഹിറ്റ് ‘സൂററൈ പോട്രൂവിന്റെ’ ഹിന്ദി റിമേക്ക് ഈച്ചക്കോപ്പി എന്നു പറയും പോലെ സംവിധായിക സുധ കൊങ്കാര തന്നെ സംവിധാനം ചെയ്തിട്ടും ‘സാർഫിറ’ ബോക്സോഫിസിൽ ദയനീയ പ്രകടനമാണ് നടത്തുന്നത്. പുറത്തിറങ്ങി 15 ദിവസം പിന്നിടുമ്പോൾ വെറും 21 കോടി രൂപമാത്രമാണ് ചിത്രം നേടിയത്. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബോളിവുഡിലെ ‘ഖാൻമാർ’ പോലും പരാജയം രുചിച്ച ഒരു സമയത്ത് അടുപ്പിച്ച് ഹിറ്റുകൾ കൊയ്ത് ബോളിവുഡിലെ ഭാഗ്യനക്ഷത്രമായ താരത്തിന് ഇത് മോശം സമയമാണെന്നാണ് ആരാധകർ പറയുന്നത്.

∙ ബോക്സ്ഓഫിസ് കില്ലാഡി ടൂ ബോംബ് കില്ലാഡി

‘കില്ലാഡി’, ‘കില്ലാഡിയോംകാ കില്ലാഡി’, ‘ഇന്റർനാഷനൽ കില്ലാഡി’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അക്ഷയ് കുമാറിന് ബോളിവുഡിലെ ആക്ഷൻ കില്ലാഡി എന്ന പേരു വീഴുന്നത്. മണിച്ചിത്രത്താഴ്, ബോയിങ് ബോയിങ്, റാംജിറാവു സ്പീക്കിങ് തുടങ്ങിയ മലയാള ചിത്രങ്ങളുടെ ഹിന്ദി റിമേക്കിലൂടെയാണ് അക്കി എന്ന അക്ഷയ്‌യെ കേരളക്കര അറിയുന്നത്. ഇതെല്ലാം സൂപ്പർഹിറ്റുകളായി. ആക്ഷൻ ചിത്രങ്ങൾ തുടങ്ങി കോമഡിയും പിന്നീട് ദേശഭക്തി നിറയുന്ന ചിത്രങ്ങളിലൂടെയും അക്ഷയ് ബോക്സ്ഓഫിസിൽ കോടികൾ കൊയ്തു. ‘ബേബി’, ‘കേസരി’, ‘മിഷൻ മംഗൾ‌’, ‘എയർലിഫ്റ്റ്’ തുടങ്ങി തുടർ 100 കോടി ചിത്രങ്ങൾ. എന്നാൽ തമിഴ് സൂപ്പർഹിറ്റ് ‘ജിഗർതാണ്ടയുടെ’ ഹിന്ദി റിമേക്ക് 2022ൽ പുറത്തിറങ്ങിയ ‘ബച്ചൻ പാണ്ഡെ’ മുതലാണ് അക്കിയുടെ മോശം സമയം തുടങ്ങിയത്. 180 കോടി മുടക്കിയ ചിത്രം ആകെ കലക്ട് ചെയ്തത് 70 കോടി മാത്രം. നിർമാതാവിന്റെ നഷ്ടം 110 കോടിക്ക് മുകളിൽ. പിന്നീട് തുടരെത്തുടരെ അക്ഷയ് കുമാർ ബോക്സോഫിസിന് ബോംബിട്ടു. സാമ്രാട്ട് പൃഥിരാജ് (ബജറ്റ് 200 കോടി, നഷ്ടം 160 കോടി), രക്ഷാ ബന്ധൻ (ബജറ്റ് 70 കോടി, നഷ്ടം 60 കോടി), രാക്ഷസൻ റീമേക്ക് കട്പുട്‌ലി (ബജറ്റ് 60 കോടി, നഷ്ടം 45 കോടു), റാം സേതു(ബജറ്റ് 150 കോടി, നഷ്ടം 110 കോടി), ബെൽ ബോട്ടം (ബജറ്റ് 150 കോടി, നഷ്ടം 100 കോടി), മലയാള ചിത്രം ഡ്രൈവിങ് ലൈസൻസ് റീമേക്ക് ‘സെൽഫി’ (ബജറ്റ് 100 കോടി, നഷ്ടം 80 കോടി), ഓ മൈ ഗോഡ് 2 (ബജറ്റ് 60 കോടി, നഷ്ടമില്ല), മിഷൻ റാണിഗൻജ് (ബജറ്റ് 55 കോടി, നഷ്ടം 40 കോടി), ബഡേമിയാൻ ഛോട്ടാ മിയാൻ (ബജറ്റ് 350 കോടി, നഷ്ടം 250 കോടി), സാർഫിറ (ബജറ്റ് 100 കോടി, നഷ്ടം 80 കോടി) എന്നിങ്ങനെയാണ് അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ ചിത്രങ്ങളുടെ ബോക്സ്ഓഫിസ് പ്രകടനം.

∙ പ്രതിഫലം 145 കോടി വരെ

പരാജയങ്ങൾ ബോളിവുഡ് കില്ലാഡിക്ക് പുത്തരിയല്ല. 1990ൽ ആക്ഷൻ ഹീറോ പട്ടം ലഭിച്ച സമയത്ത് 16 ചിത്രങ്ങളാണ് അക്ഷയ്‍യുടേതായി ഇറങ്ങി അടുപ്പിച്ച് പരാജയമായത്. അന്ന് തന്റെ കരിയർ അവസാനിച്ചെന്നു കരുതി താരം കാനഡയിലേക്ക് കുടിയേറി. കനേഡിയൻ പൗരത്വം സ്വീകരിച്ചു. എന്നാൽ മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ 2 ചിത്രങ്ങൾ പ്രതീക്ഷിക്കാതെ ഹിറ്റ് ആകുകയും അക്ഷയ് തിരികെയെത്തി വീണ്ടും അഭിനയം തുടരുകയുമായിരുന്നു. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ‘കാക്കി’ ആയിരുന്നു അന്ന് കച്ചിത്തുരുമ്പായത്. ഇന്ന് ചിത്രത്തിന്റെ ബജറ്റ് അനുസരിച്ച് 60 കോടി രൂപ മുതൽ 145 കോടി രൂപ വരെയാണ് അക്ഷയ് കുമാറിന്റെ പ്രതിഫലം. ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് അക്കിയുടെ സ്ഥാനം. ഷാരൂഖ് ഖാനാണ് ഒന്നാം സ്ഥാനത്ത്, 250 കോടി രൂപ വരെയാണ് പ്രതിഫലം. 

∙ ക്വോട്ട് ബോക്സ്

‘‘ഓരോ സിനിമയ്ക്കും പിന്നിൽ ഒരുപാട് വിയർപ്പും ചോരയും കഠിനാധ്വാനവും ഉണ്ട്. ഓരോ ചിത്രം പരാജയമാകുമ്പോഴും ഹൃദയം നുറുങ്ങും. എന്നാൽ അവയിൽ നിന്ന് ഓരോ പാഠം നമ്മൾ പഠിക്കും. ഓരോ പരാജയവും വിജയത്തിനുവേണ്ടിയുള്ള ശ്രമത്തിന് ആക്കം കൂട്ടുന്നതാണ്. എനിക്ക് മുൻപും ഇതുപോലുള്ള അവസ്ഥ ഉണ്ടായിട്ടുണ്ട്. പരാജയങ്ങൾ തീർച്ചയായും നിങ്ങളെ വേദനിപ്പിക്കുകയും ആഘാതമേൽപ്പിക്കുകയും ചെയ്യും. എന്നാൽ അതൊന്നും ചിത്രത്തിന്റെ വിധി മാറ്റില്ല. അത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. എന്നാൽ വിജയത്തിനായി ശ്രമിക്കുക, കഠിനധ്വാനം ചെയ്യുക എന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമാണ്. അതിലേക്ക് എന്റെ മുഴുവൻ ഊർജവും തിരിച്ചുവിടുകയാണ് ഞാനിപ്പോൾ’’– തുടർ പരാജയങ്ങളെക്കുറിച്ച് അക്ഷയ് കുമാർ പറയുന്നതിങ്ങനെ. 

English Summary:

career failures of actor Akshay Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com