‘അയൺമാൻ’ ഇനി ഡോക്ടർ ഡൂം വരവറിയിച്ച് റോബര്‍ട് ഡൗണി ജൂനിയർ
Mail This Article
‘അയൺമാൻ’ ആരാധകർക്കൊരു സന്തോഷവാർത്ത. നടൻ റോബർട് ഡൗണി ജൂനിയർ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്കു തിരിച്ചെത്തുന്നു. എന്നാൽ ഇത്തവണ അയൺമാൻ ആയല്ല ഡോക്ടർ ഡൂം ആയാണ് ഡൗണിയുടെ വരവ്. സാന്‍ഡിയാഗോയിൽ നടന്ന കോമിക്‌കോൺ പരിപാടിയിലാണ് മാർവൽ സ്റ്റുഡിയോ ഡയറക്ടർ കെവിന്‍ ഫീജും റോബർട്ടും ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇനി വരാനിരിക്കുന്ന അവഞ്ചേഴ്സ് ഡൂംസ്ഡേയിൽ റോബർട് ഡൗണി ഡോക്ടർ ഡൂം ആയി എത്തും. റൂസോ സഹോദരങ്ങളായ ജോയും ആന്റണിയുമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
‘‘ഞങ്ങൾ ഡോക്ടർ ഡൂമിനെ സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ പോകുകയാണ്. മാർവൽ കോമിക്സിലെ ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിൽ ഒന്നാണ്, ഏറ്റവും രസകരമായ കഥാപാത്രവും. അതിന് ലോകത്തിലെ ഏറ്റവും മികച്ച നടനെ ഞങ്ങൾക്ക് ആവശ്യമാണ്.’’ ഹോളിവുഡ് റിപ്പോർട്ടർക്കു നല്‍കിയ അഭിമുഖത്തിൽ ആന്റണി റൂസോ പറഞ്ഞ വാക്കുകൾ.
മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ കോമിക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സൂപ്പർ വില്ലനാണ് ഡോക്ടർ ഡൂം ( ഡോ. വിക്ടർ വോൺ ഡൂം). ഫന്റാസ്റ്റിക് 4 ഫ്രാഞ്ചൈസിയിലാണ് ഈ വില്ലന്റെ പേര് കൂടുതൽ പറഞ്ഞുകേട്ടത്. ഫന്റാസ്റ്റിക് ഫോര്‍ റൈസ് ഓഫ് ദ് സിൽവൽ സർഫര്‍ എന്ന സിനിമയിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരന്നു. ജൂലിയൻ മക്മാന്‍ ആണ് അന്ന് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.