‘കുൽസിത പ്രചാരണങ്ങൾ തിരിച്ചറിയുക’; ദുരിതാശ്വാസനിധിക്കെതിരായ വാര്‍ത്തകളിൽ ആഷിഖ് അബു
Mail This Article
സർക്കാരിനെതിരെ നടക്കുന്ന സൈബറാക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം ഒരു സർക്കാരുകൾക്കും വകമാറ്റി ചിലവഴിക്കാൻ സാധിക്കില്ലെന്ന് ആഷിഖ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അയയ്ക്കണമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് അയയ്ക്കുന്ന പണം അർഹരായ ആളുകളിലേക്ക് എത്തില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതിനെതിരെയാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്.
‘കുൽസിത പ്രചാരണങ്ങൾ തിരിച്ചറിയുക’ എന്ന അടിക്കുറിപ്പോടെയാണ് ആഷിഖ് അബു പോസ്റ്റ് പങ്കുവച്ചത്. സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ഈ ദിവസങ്ങളിൽ കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. സെലിബ്രിറ്റികൾ അടക്കമുള്ളവർ പല തരത്തിൽ ഈ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്.