ADVERTISEMENT

വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന റിലീസുകളും ആഘോഷങ്ങളും ഒഴിവാക്കി മലയാള സിനിമ. ജനങ്ങളുടെ താങ്ങാനാകാത്ത നഷ്ടത്തിനൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ച് ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാനിരുന്ന മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെയും ആസിഫ് അലി–സുരാജ് വെഞ്ഞാറമ്മൂട് ചിത്രം അഡിയോസ് അമിഗോയുടെയും റിലീസ് മാറ്റി.

‘‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവര്‍ക്കൊപ്പം ഹൃദയം കൊണ്ട് നില്‍ക്കുകയാണ് നമ്മള്‍. വലിയ ദു:ഖത്തിന്‍റെ ഈ സമയത്ത് ദുരന്തം ആഘാതമേല്‍പ്പിച്ചവര്‍ക്കൊപ്പമാണ് നാം. നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.’’–നിർമാതാവ് ആഷിക് ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡിയോസ് അമിഗോ. 

മഞ്ജു വാരിയരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു ഫൂട്ടേജ്. ‘‘ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കൊപ്പം പ്രാർഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിന്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവച്ചിരിക്കുന്നു.’’–സിനിമയുടെ അണിയറ പ്രവർത്തകരുടെ വാക്കുകൾ.

വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ സിനിമയുടെ അപ്‌ഡേറ്റ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ‘അജയൻ്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പോസ്റ്റ് ചെയ്യാനായിരുന്നു നിർമാതാക്കൾ ആദ്യം പദ്ധതിയിട്ടിരുന്നത്. 

English Summary:

Malayalam Cinema Release And Major Announcements Postponed Afte Wayanad Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com