സൈനിക യൂണിഫോമിൽ മോഹൻലാൽ വയനാട്ടിൽ; വിഡിയോ
Mail This Article
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിലെത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും അദ്ദേഹം കാണും. ആർമി യൂണിഫോമിലാണ് മോഹൻലാൽ സൈന്യത്തിനൊപ്പം എത്തിയത്. മുണ്ടക്കൈ, മേപ്പാടി എന്നീ ദുരന്ത സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കും.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ ഇന്ന് സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് നടന്‍ നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. വയനാട് ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഓരോ വ്യക്തിയെയും അഭിനന്ദിച്ചും സമൂഹ മാധ്യമങ്ങളിൽ വൈകാരിക കുറിപ്പും താരം പങ്കുവച്ചിരുന്നു.
ഇതിന് മുന്‍പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തവരാണ് നമ്മള്‍ മലയാളികളെന്ന് മോഹന്‍ലാല്‍ കുറിച്ചു. അപകടം പതിയിരിക്കുന്ന ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയ സേനാംഗങ്ങള്‍, പൊലീസ്, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെയുളള എല്ലാവര്‍ക്കും താരം തന്‍റെ കുറിപ്പിലൂടെ അഭിനന്ദനവും അറിയിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണമനോഭാവത്തിന് ബിഗ് സല്യൂട്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ കുറിപ്പ് പങ്കുവച്ചത്.
‘‘വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എന്‍റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്‍റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്‍റെ കരുത്ത് കാട്ടാനും ഞാൻ പ്രാർഥിക്കുന്നു. ജയ് ഹിന്ദ്.’’–മോഹൻലാലിന്റെ വാക്കുകൾ.