'എന്റെ നാട്ടുകാർ വലിയ വേദനയിലാണ്'; വയനാടിന്റെ സങ്കടം നെഞ്ചോടു ചേർത്ത് ഫിലിംഫെയർ വേദിയിൽ മമ്മൂട്ടി
Mail This Article
വയനാടിന്റെ വേദന പങ്കുവച്ച് ഫിലിംഫെയർ പുരസ്കാര വേദിയിൽ മമ്മൂട്ടി. വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്. ഇത് 15ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുന്നത്.
വിക്രമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ മമ്മൂട്ടി വികാരഭരിതനായാണ് വയനാട്ടിലെ ജനങ്ങളെക്കുറിച്ച് സംസാരിച്ചത്. "ഇത് എനിക്കേറെ സന്തോഷം പകരുന്ന നിമിഷമാണ്. പക്ഷേ, സന്തോഷിക്കാൻ കഴിയുന്ന സമയമല്ല ഇപ്പോൾ. കാരണം, വയനാട്ടിലെ എന്റെ നാട്ടുകാർ വലിയ വേദനയിലാണ്. നിരവധി പേർക്ക് അവരുടെ ഉറ്റവരെയും അവർക്കുള്ളതുമെല്ലാം നഷ്ടപ്പെട്ടു. അവരെ ഈ നിമിഷം ഞാൻ ഓർക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരും അവരെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുകയാണ്," മമ്മൂട്ടി പറഞ്ഞു.
വലിയ കയ്യടികളോടെയാണ് സദസ് മമ്മൂട്ടിയുടെ വാക്കുകളെ സ്വീകരിച്ചത്. ആദ്യമായിട്ടാണ് അഞ്ചു ദശാബ്ദങ്ങളിൽ തുടർച്ചയായി ഒരു താരം മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുന്നത്. തനിക്ക് പുരസ്കാരം നേടിത്തന്ന സിനിമയെക്കുറിച്ചും മമ്മൂട്ടി വാചാലനായി.
"ഇതെന്റെ 15–ാമത്തെ ഫിലിംഫെയർ അവാർഡാണ്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ഈ പുരസ്കാരം എനിക്കു നേടി തന്നത്. അതിൽ ഞാൻ ഇരട്ട വേഷമാണ് ചെയ്തത്. അതിലൊരു കഥാപാത്രം തമിഴനും മറ്റൊരാൾ മലയാളിയുമായിരുന്നു. ഞാൻ തന്നെയാണ് സിനിമ നിർമിച്ചത്. ഈ പുരസ്കാരത്തിന് എന്നെ അർഹനാക്കിയ സിനിമയുടെ സംവിധായകനും മറ്റു അണിയറപ്രവർത്തകർക്കും സഹ അഭിനേതാക്കൾക്കും നന്ദി," മമ്മൂട്ടി പറഞ്ഞു.