‘സ്ഫടിക’ത്തിന്റെ ലൈഫ്ടൈം കലക്‌ഷൻ മറികടന്ന് ദേവദൂതൻ; ഇത് ചരിത്രം
Mail This Article
തിയറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോൾ തിരുത്തിയത് ചരിത്ര റെക്കോർഡ്. ചിത്രം ആഗോളതലത്തിൽ ഇതുവരെ 3.2 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മോഹൻലാലിന്റെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രമായ സ്‍ഫടികം റീ റിലീസിന്റെ കലക്‌ഷനെയാണ് ദേവദൂതൻ മറികടന്നിരിക്കുന്നത്. സ്‍ഫടികം റീ റിലീസ് ചെയ്തപ്പോൾ 3.1 കോടി രൂപയായിരുന്നു ആഗോളതലത്തിൽ നേടിയിരുന്നത്.
കേരള ബോക്സ്ഓഫിസിൽ റി റിലീസിനെത്തി ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള സിനിമയായി ദേവദൂതൻ മാറി. അതേസമയം രണ്ടാം വാരത്തിലേക്ക് കടന്ന ദേവദൂതന്റെ സ്ക്രീന്‍ കൗണ്ട് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. 100 ല്‍ നിന്ന് 143 സ്‌ക്രീനുകളിലേക്കാണ് വർധിപ്പിച്ചിരിക്കുന്നത്.
ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. യുഎഇയിലും ജിസിസിയിലും ചിത്രം വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.