ADVERTISEMENT

തങ്കലാന്റെ ക്ലൈമാക്സ് രംഗം റീഷൂട്ട് ചെയ്യേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ പാ.രഞ്ജിത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി എല്ലാവരും മറ്റു പ്രൊജക്ടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, പുനർചിത്രീകരണത്തിനായി വിക്രം അടക്കം എല്ലാ താരങ്ങളും സഹകരിച്ചെന്ന് പാ.രഞ്ജിത് പറഞ്ഞു. ഏറെ കഠിനമായ ആ സംഘട്ടനരംഗത്തിനു വേണ്ടി കഷ്ടപ്പെടുത്തിയതിന് താരത്തോട് ക്ഷമ ചോദിച്ച പാ.രഞ്ജിത്ത് താൻ മനസ്സിൽ കണ്ട പോലെ ചിത്രീകരിക്കാനാണ് അത്രയും ബുദ്ധിമുട്ടിച്ചതെന്നും തുറന്നു പറഞ്ഞു. ഷൂട്ടിന് ഇടയിൽ വിക്രത്തിന്റെ ഇടുപ്പെല്ലിന് പരുക്കേറ്റിരുന്നു. വിക്രത്തിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇംഗ്ലിഷ് താരം ഡാനിയേലിനും സംഘട്ടനചിത്രീകരണത്തിനിടെ പരിക്കേൽക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. 

പാ.രഞ്ജിത്തിന്റെ വാക്കുകൾ: ‘‘സിനിമയുടെ ചിത്രീകരണത്തിനു ശേഷം ചില ഭാഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. ആ സമയത്തിനുള്ളിൽ അദ്ദേഹം മറ്റൊരു ലോകത്തിലായിക്കഴിഞ്ഞു. എന്നിട്ടും റീഷൂട്ടിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ സമ്മതിച്ചു. ഷൂട്ടിനിടയിൽ അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് ചെയ്യുന്നതിനിടയിലായിരുന്നു അത്. സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ മോണിറ്ററിൽ മാത്രമെ നോക്കൂ. ആക്ഷൻ എന്നു പറയുമ്പോൾ ഒരു സീക്വൻസ് നടക്കും. കട്ട് വിളിച്ചാൽ ഉടനെ സെറ്റിലുള്ള എന്റെ സഹായികളെ വിളിക്കും. എന്നിട്ടും പറയും, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കി വരാൻ! അദ്ദേഹം ഓകെ പറഞ്ഞെന്നായിരിക്കും എന്നോട് അവർ വന്നു പറയുക. എന്നാൽ, എനിക്കറിയാം അദ്ദേഹത്തിന് നല്ല വേദന എടുത്തിരിക്കും എന്ന്. പക്ഷേ, ഒരു തവണ കൂടി ചെയ്യാമെന്നു പറഞ്ഞാലും അദ്ദേഹം ഓകെ പറയും. അത്രയും ഞാൻ അദ്ദേഹത്തെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിന് ഞാനിപ്പോൾ ക്ഷമ ചോദിക്കുന്നു.’’ 

തങ്കലാൻ ആയിട്ടാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. മനസിൽ കണ്ടപോലെ അതെടുക്കാനായിരുന്നു എന്റെ ശ്രമം. അതിൽ വിക്രം സാറിന്റെ പിന്തുണ വലുതാണ്. സ്വന്തം സിനിമ പോലെയാണ് അദ്ദേഹം ഈ സിനിമയെ ചേർത്തുപിടിക്കുന്നത്. ഈ സിനിമയിൽ അത്രയ്ക്കും വിശ്വാസം അദ്ദേഹത്തിനുണ്ട്. എന്റെ മേലും വലിയ വിശ്വാസം അദ്ദേഹത്തിനുണ്ട്. അത്രയും എന്നെ വിശ്വസിക്കുന്ന അദ്ദേഹത്തിന് വലിയൊരു വിജയം എനിക്കു സമ്മാനിക്കണമെന്നുണ്ട്. ഈ ചിത്രം വർക്കാകും എന്നതാണ് എന്റെ പ്രതീക്ഷയും വിശ്വാസവും.’’–രഞ്ജിത് പറഞ്ഞു. 

പാ.രഞ്ജിത് തന്റെ പ്രിയപ്പെട്ട സംവിധായകനാണെന്നും തങ്കലാൻ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണെന്നും വിക്രം പ്രതികരിച്ചു. ‘‘അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണമെന്നത് എന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു. ഇതിനു മുൻപും ഞങ്ങളൊരുമിക്കാൻ ശ്രമിച്ചിരുന്നു. പല കാരണങ്ങളാൽ അതു സംഭവിച്ചില്ല. ഒടുവിലാണ് തങ്കലാൻ സംഭവിച്ചത്. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത്. പ്രകടനത്തിന് ഒട്ടേറെ സാധ്യതകളുള്ളതാണ് ഈ സിനിമയിലെ ഓരോ സീനും.’’

മറ്റൊരു നായികയും തയാറാവാത്ത റോളാണ് മാളവിക ഈ സിനിമയിൽ ചെയ്തതെന്ന് വിക്രം വെളിപ്പെടുത്തി. ‘‘നായക നടന്മാർ പോലും അത്തരമൊരു വേഷം വന്നാൽ ചെയ്യണോ വേണ്ടയോ എന്ന് സംശയിക്കും. അത്രയും ബുദ്ധിമുട്ടേറിയ സംഘട്ടനരംഗങ്ങൾ മാളവിക ഇതിൽ ചെയ്തിട്ടുണ്ട്. മൂന്നു മാസത്തെ കഠിന പരിശീലനത്തിലൂടെയാണ് മാളവിക ആ സ്റ്റൈൽ ആർജ്ജിച്ചെടുത്തത്. ഇപ്പോൾ മാർഷ്യൽ ആർട്സിൽ മാളവിക മാസ്റ്റർ ആയി," വിക്രം പറഞ്ഞു. 

ക്ലൈമാക്സിന്റെ റീഷൂട്ട് ഏറ്റവും വെല്ലുവിളി ഉയർത്തിയത് സഹതാരം ഡാനിയേലിന് ആയിരുന്നുവെന്നും വിക്രം പറഞ്ഞു. "സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ പലപ്പോഴായി രണ്ടു കാലിനും നടുവിനും പരുക്കേറ്റു. ഷൂട്ട് കഴിഞ്ഞ ഉടൻ നാലോളം ശസ്ത്രക്രിയകൾക്കാണ് ഡാനിയേൽ വിധേയനായത്. ഷൂട്ട് കഴിഞ്ഞു പോയതിനു ശേഷം വീണ്ടും രഞ്ജിത്തിന്റെ വിളി വന്നു. ക്ലൈമാക്സിന്റെ ചില ഭാഗങ്ങൾ റീഷൂട്ട് ചെയ്യാനുണ്ടെന്നു പറഞ്ഞു‌. നടുവിന് കൈ കൊടുത്ത് മുടന്തിയാണ് ഡാനിയേൽ ഷൂട്ടിന് വന്നത്. എന്നിട്ടും ആ മുഴുവൻ സംഘട്ടനരംഗങ്ങളും അദ്ദേഹം ചെയ്തു.’’– വിക്രം വെളിപ്പെടുത്തി. 

English Summary:

Director P. Ranjith Discusses Tangalan Reshoot Featuring Injured Stars Vikram and Daniel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com