ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനെതിരായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായും കടുത്ത പ്രചാരണ‌വും വിമർശനവും നടത്തിയിരുന്ന അഖിൽ മാരാർ ഒടുവിൽ 1 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്നു നേരത്തെ തന്നെ പറഞ്ഞിരുന്ന  അഖിൽ മാരാർ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

‘ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി...ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്... നിങ്ങൾക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ചത് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.. അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു....വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം...ഇനി ആർക്കൊക്കെ ആണ് ലാപ്ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം. ഇനിയും ചോദ്യങ്ങൾ ഉയരും...’ അഖിൽ അദ്യം പങ്കു വച്ച് കുറിപ്പ് ഇപ്രകാരമായിരുന്നു. 

പിന്നീട് വിമർശനങ്ങൾ ഉയർന്നതോടെ ഇൗ പോസ്റ്റ് അഖിൽ എഡിറ്റ് ചെയ്തു. ‘NB : മറുപടി നൽകാൻ കാണിച്ച മാന്യതയ്ക്കും ഭാവിയിൽ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും  എന്റെ വക ഒരു ലക്ഷം ഞാൻ നൽകും. ഈ വരുന്ന തുകയിൽ സഖാക്കന്മാരുടെ കീശ വീർത്താൽ മുഖ്യമന്ത്രി കൂടുതൽ വിയർക്കും.’ ഇൗ വാചകം കൂടി കൂട്ടിച്ചേർത്താണ് തന്റെ വിമർശനങ്ങൾ ഉന്നയിക്കുന്ന വിഡിയോ അഖിൽ പങ്കു വച്ചത്. 1 ലക്ഷം എപ്പോൾ എങ്ങനെ കൊടുക്കും എന്നൊക്കെ ചോദിച്ച് വീണ്ടും പോസ്റ്റിനു താഴെ ചോദ്യങ്ങളുമുയരുന്നുണ്ട്. 

പിന്നീട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ടും അഖിൽ പ്രതികരിക്കുകയുണ്ടായി. ‘‘അഹങ്കാരവും ധാർഷ്ട്യവും തൻപ്രമാണിത്തവും മറ്റുള്ളവരോടും സ്വന്തം പാർട്ടിക്കാരോടും ജനങ്ങളോടും കാണിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ശാന്തസ്വരൂപനായി പത്രസമ്മേളനം നടത്തുന്നതുകണ്ടപ്പോൾ വിഷമം തോന്നി. ദുരിതാശ്വാസ നിധിയിലേക്ക് പണം വരുന്നതു തടയാൻ കേരളത്തിലെ ചില ഗൂഢ ശക്തികൾ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം വരുന്നത് തടയാൻ ആരും ശ്രമിച്ചിട്ടില്ല. വ്യക്തിപരമായി ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ആഗ്രഹിച്ചത്, ഇന്നലെകളിൽ നിങ്ങളുടെ അക്കൗണ്ടിലേക്കു വന്ന പണത്തിന്റെ സുതാര്യത എവിടെ? കണക്കുകൾ‍ എവിടെ ? എന്ന ചോദ്യത്തിന് ഉത്തരം നൽകാതിരുന്നതുകൊണ്ടാണ്.

വെബ്സൈറ്റിൽ വിവരങ്ങള്‍ ലഭ്യമാണ് എന്ന പല അന്തംകമ്മി സൈബർ ഗ്രൂപ്പുകൾ പറയുമ്പോഴും വിവരാവകാശ രേഖകൾ പ്രകാരം കണക്കുകൾ കിട്ടുമെന്ന് പറയുമ്പോഴും ഇതൊന്നും ലഭ്യമല്ല എന്ന പച്ച പരമാർഥം മുഖ്യമന്ത്രിയുടെ ഓഫിസിന് അറിയാമായിരിക്കെയാണ് എന്റെ ചോദ്യത്തിന് പ്രസക്തി ഉയരുന്നത്. വെബ്സൈറ്റിലെ വിവരപ്രകാരം കെഎസ്എഫ്ഇക്ക് 81 കോടി രൂപ നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയുകയുണ്ടായി. 47000 കുട്ടികൾക്ക് പഠിക്കാനായി നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ 47000 കുട്ടികള്‍ എവിടെ ഏതൊക്കെ അതിന്റെ കണക്കുകൾ കൂടി പുറത്തുവിടണം. പക്ഷേ എന്നിരുന്നാലും സോഷ്യൽമീഡിയയിൽ ഉയർന്നുകേട്ട പ്രതിഷേധ സ്വരങ്ങൾക്കു മറുപടി നൽകാനുള്ള മാന്യത നിങ്ങൾ കാണിച്ചത് സ്വാഗതാർഹമാണ്.’’–അഖിൽ മാരാറുടെ വാക്കുകൾ.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി പ്രചാരണം നടത്തിയതിന് അഖിൽ മാരാർക്കെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലെന്നും പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണെന്നും വ്യക്തിപരമായി അദ്ദേഹത്തെ വിശ്വാസമില്ലെന്നുമാണ് അഖിൽ മാരാർ അന്ന് പറഞ്ഞത്. 

English Summary:

Akhil Marar Announces Rs 1 Lakh Donation to Chief Minister’s Relief Fund Following Social Media Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com