വിനേഷ് ഫോഗാട്ട് തനി തങ്കം: പിന്തുണച്ച് പ്രീതി സിന്റയും ആലിയ ഭട്ടും
Mail This Article
പാരിസ് ഒളിംപിക്സിൽ അവസാന നിമിഷം മെഡൽ നഷ്ടമായ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് പിന്തുണയുമായി ബോളിവുഡ് താരം പ്രീതി സിന്റ. ഓരോ ഇന്ത്യക്കാർക്കും വിനേഷ് ഫോഗാട്ട് തനി തങ്കമാണെന്ന് പ്രീതി സിന്റ കുറിച്ചു. ഇന്ത്യയിലെ എല്ലാവർക്കും വിനേഷ് ഒരു ഹീറോ ആണെന്നു പറഞ്ഞ പ്രീതി, കൂടുതൽ കരുത്തോടെ വിനേഷിന് തിരിച്ചു വരാൻ കഴിയട്ടെയെന്നും ആശംസിച്ചു.
സമൂഹമാധ്യമത്തിൽ വിനേഷ് ഫോഗാട്ടിന്റെ ചിത്രം പങ്കുവച്ചാണ് പ്രീതി സിന്റ ഹൃദയസ്പർശിയായ വാക്കുകൾ കുറിച്ചത്. ‘‘പ്രിയ വിനേഷ് ഫോഗാട്ട്, ഓരോ ഇന്ത്യക്കാർക്കും നിങ്ങൾ തങ്കമാണ്. ചാമ്പ്യൻമാരുടെ ഒരു ചാമ്പ്യൻ! ഇന്ത്യയിലെ എല്ലാ വനിതകൾക്കും നിങ്ങൾ ഹീറോ ആണ്. നിങ്ങൾക്ക് നേരിട്ട നിർഭാഗ്യകരമായ സംഭവങ്ങളിൽ ഞാൻ ഖേദിക്കുന്നു. തല ഉയർത്തി ശക്തയായിരിക്കൂ. ജീവിതം എല്ലായ്‌പ്പോഴും ന്യായമല്ല . വിഷമകരമായ സമയങ്ങൾ അധിക കാലം നിലനിൽക്കില്ല. പക്ഷേ, കരുത്തരായ മനുഷ്യർ നിലനിൽക്കും. ഇപ്പോൾ നിങ്ങളെ ഇറുക്കി ആലിംഗനം ചെയ്ത് ഒരു കാര്യ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെക്കുറിച്ചോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ശക്തിയായി തിരികെ വരൂ. കൂടുതൽ കരുത്തുണ്ടാകട്ടെ!’’
വിനേഷ് ഫോഗട്ട് രാജ്യത്തിനാകെ പ്രചോദനമാണെന്ന് ആലിയ ഭട്ട് പറഞ്ഞു. ‘‘വിനേഷ് ഫോഗട്ട് നിങ്ങൾ രാജ്യത്തിനാകെ പ്രചോദനമാണ്. ഒന്നിനും നിങ്ങളുടെ ധൈര്യം ഇല്ലാതാക്കാൻ കഴിയില്ല, ചരിത്രം സൃഷ്ടിക്കാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ കഴിയില്ല. നീ സ്വർണമാണ്- ഇരുമ്പും നീ ഉരുക്കും! നിങ്ങളിൽ നിന്ന് അത് എടുത്തുകളയാൻ ഒന്നിനും കഴിയില്ല! കാലങ്ങളായി ഒരു ചാമ്പ്യൻ! നിന്നെപ്പോലെ ആരുമില്ല.’’–ആലിയ ഭട്ടിന്റെ വാക്കുകൾ.
ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് ഫോഗട്ടിനെ ഗുസ്തിയുടെ ഫൈനലിൽ അയോഗ്യയായി പ്രഖ്യാപിച്ചിരുന്നു. പുനഃപരിശോധനയ്ക്കുള്ള ഇന്ത്യയുടെ ആവശ്യവും രാജ്യാന്തര ഒളിംപിക് അസോസിയേഷൻ നിരാകരിച്ചു.