ADVERTISEMENT

നിർമാതാക്കൾ പണം മുടക്കി പ്രേക്ഷകരെ തിയറ്ററുകളിലേക്ക് കൊണ്ടുവരുന്ന പ്രവണതയാണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നതെന്ന് അനൂപ് മേനോൻ. ഓൺലൈൻ ബുക്കിങ് നോക്കുമ്പോള്‍ തിയറ്റർ ഫുൾ ആണെന്നു കാണിക്കുമെങ്കിലും സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ 12 പേരെ കാണാനാകൂ എന്നായിരുന്നു സ്വന്തം അനുഭവം പങ്കുവച്ച് അനൂപ് മേനോൻ പറഞ്ഞത്. സിനിമയ്ക്കായി ചെലവഴിക്കുന്നത്ര തുകയാണ് പല നിർമാതാക്കളും ടിക്കറ്റ് ബുക്കിങിനായി മുടക്കുന്നതെന്നും താരം പറയുന്നു. ‘ചെക്ക്മേറ്റ്’ എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മലയാള സിനിമയിൽ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണത എന്താണെന്ന് വച്ചാൽ ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തിയറ്ററുകളിലേക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ്. ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തിയറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നിർമാതാക്കൾ മുടക്കേണ്ടി വരുന്നത്. എന്നാൽ ഇങ്ങനെ പണം മുടക്കുന്നതിലൂടെ തിയറ്ററിൽ ആളുകൾ എത്തുന്നുണ്ടോ! ഇല്ല.

അകത്തുകയറി നോക്കുമ്പോൾ 12 പേരേ കാണൂ. ബുക്കിങ്ങ് മാത്രമേ പലപ്പോഴും നടക്കുന്നുളളു. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു. പ്രേക്ഷകർ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാൻ മറ്റൊരുവിധ മാർ​ഗവുമില്ല. കഴിഞ്ഞ നാലു വർഷങ്ങൾ ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കൻ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്മേറ്റ് എന്ന സിനിമയ്ക്കു പിന്നിൽ.

അവർ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാൻ തയാറായില്ല. ട്രെയിലർ ലോഞ്ച് ചെയ്യാൻ പോലും ഒരു വലിയ പേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. പ്രദർശനത്തിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. പക്ഷേ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതിൽ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്.

ചെക്ക്മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമയ്ക്കു ഒരു പൂർവ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അം​ഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാ​ഗത്ത് ഉണ്ടാകും. അത് എത്രയും വേ​ഗം അവസാനിച്ച് പ്രേക്ഷകർ തീയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.”–അനൂപ് മേനോന്റെ വാക്കുകൾ.

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത ‘ചെക്ക്മേറ്റ്’ തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. മൈൻഡ് ഗെയിം ത്രില്ലർ ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്.

English Summary:

Anoop Menon Exposes Shocking Trend: Why Malayalam Cinema's 'Full Theatres' Are Often Empty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com