'വയനാട് ഇനിയെങ്കിലും ഒരു നല്ല ആശുപത്രി വരണം' - ബേസിൽ ജോസഫ്
Mail This Article
വയനാട് ദുരന്തം ആഴത്തിൽ വേദനിപ്പിക്കുന്നുണ്ടെന്നും ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചിറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും സംവിധായകനും നടനുമായ ബേസിൽ ജോസഫ്. ‘‘വയനാട് ഇനിയെങ്കിലും ഒരു നല്ല ആശുപത്രി വരണം, എത്രയോ കാലങ്ങളായി ഒരു മെഡിക്കൽ കോളജിനായി വയനാട്ടുകാർ സമരത്തിലാണ്.’’–ബേസിൽ പറയുന്നു. പുതിയ സിനിമയായ ‘നുണക്കുഴി’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘എല്ലാവരും ടൂർ പോകാനുള്ള സ്ഥലമായി മാത്രമാണ് വയനാടിനെ കാണുന്നത്. അവിടുത്തെ തണുപ്പുമേറ്റ് സ്ഥലം കണ്ടു മടങ്ങുന്നവരാരും അവിടെയുള്ള മനുഷ്യരെ പരിഗണിക്കാറില്ല. അത്യാഹിത കേസുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടു പോകുമ്പോൾ ചുരം കടക്കുക എന്ന വലിയ പ്രതിസന്ധി വയനാട്ടുകാർക്ക് മുന്നിലുണ്ട്. മൂന്നു മണിക്കൂർ സമയം വേണം ആംബുലൻസിനു പോലും ചുരം താണ്ടാൻ, ബ്ലോക്കുണ്ടെങ്കിൽ അതു അഞ്ചും ആറും മണിക്കൂറിലേക്ക് നീളും.
ആശുപത്രിയിലെത്തുന്നതിന് മുന്നേ ആംബുലൻസിൽ കിടന്ന് രോഗി മരിക്കുന്നത് പതിവാണ്. അങ്ങനെ രക്ഷിച്ചെടുക്കാവുന്ന എത്രയോ ജീവനുകൾ നഷ്ടമായിട്ടുണ്ട്. അതിനാൽ തന്നെ വയനാടിന്റെ ഈ വലിയ ആവിശ്യം പരിഗണിക്കണമെന്നും ബേസിൽ ജോസഫ് മനോരമ ഒാൺലൈനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ദുരന്തം നടന്ന മേപ്പാടിയിൽ മുൻപ് പല തവണ പോയിട്ടുണ്ടെന്നും ഇനി വേദനയോടെയല്ലാതെ അവിടേക്ക് പോകാനാകില്ലെന്നും ബേസിൽ പറഞ്ഞു. സ്കൂളിൽ ജൂനിയറായി പഠിച്ച ഒരു പെൺകുട്ടി ഈ ദുരന്തത്തിൽ മരിച്ചതായി അറിയാൻ കഴിഞ്ഞു. പരിചയമുള്ളവരാകണമെന്നില്ല ഒരോ വിയോഗത്തിലും വേദനയുണ്ടെന്നും ബേസിൽ പറഞ്ഞു.