സൂരജ് ചേട്ടനു ബിപി കൂടി, അസുഖം മാറാൻ പ്രാർഥിക്കാം: ജാമ്യത്തിൽ പ്രതികരണവുമായി നടി റോഷ്ന
Mail This Article
യൂട്യൂബ് വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം നൽകിയതിൽ പ്രതികരണവുമായി പരാതിക്കാരിയായ നടി റോഷ്ന ആൻ റോയ്. ഹൃദയമില്ലാത്തവർക്ക് എന്ത് ഹൃദ്രോഗമെന്നായിരുന്നു നടിയുടെ പ്രതികരണം. ഹൃദ്രോഗം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ചത്.തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുകയും മാനസിക സമാധാനം പോലും നഷ്ടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചൂണ്ടി കാണിച്ചാണ് സൂരജ് പാലക്കാരനെതിരെ നടി കേസ് കൊടുത്തത്.
‘‘പലയിടത്തും കണ്ട ഒരു കമന്റ് ‘അവൻ ഒരു ആണാണ്’ എന്നുള്ളതാണ്. അവനൊരു ആണാണെങ്കിൽ ഞാൻ എന്ത് വേണം? തിരിച്ചു പറയാൻ ഞാൻ ചങ്കൂറ്റമുള്ള പെണ്ണാണ്. ഒറ്റയ്ക്ക് പൊരുതാനും ചെറുത്തു നിൽക്കാനും ജീവിതം പഠിപ്പിച്ച പാഠങ്ങളിലൂടെ കേറി വന്നവൾ.
“ഒറ്റയ്ക്ക് വഴി വെട്ടി വന്നവളെ കേറി മേയല്ലേ … നല്ല ഒന്നാന്തരം പൂമാല ഇട്ടു വെച്ചിട്ടുണ്ട് കൊറച്ചു പേർക്ക് തരാൻ.’’ ഞാൻ ഈ ജാമ്യം സ്റ്റേഷനിൽ തന്നെ ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ റിമാൻഡ് ചെയ്യപ്പെട്ടു. നോൺ ബെയ്‌ലബിൾ ആയത് കൊണ്ട് തന്നെ ജാമ്യം കിട്ടുകയില്ലെന്ന് പലരും പറയുന്ന കേട്ടു.
അയാളുടെ ഹൈ ബിപി എനിക്ക് തന്ന പ്രഷറിനു പരിഹാരമായില്ലെങ്കിലും …, ഇത്രയും സമയമെങ്കിലും കസ്റ്റഡിയിൽ ഇരുന്നല്ലോ. ഈ അറസ്റ്റ് എന്റെ വിജയം തന്നെയാണ്. ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു. സൂരജ് ചേട്ടന് അസുഖമൊക്കെ മാറാൻ ഞാൻ പ്രാർഥിക്കാം കേട്ടോ.
ഈ കഥയോ കഥാപാത്രങ്ങളോ അവസാനിക്കുന്നില്ല … പരിഹാരം കാണും വരെ പോരാടും. ചേട്ടനു ബിപി കൂടിയതു കൊണ്ട് വിശ്രമം കൊടുക്കുന്നു. തിരികെ വരാം. അതുവരെ തൽക്കാലം വിട.’’–റോഷ്ന ആൻ റോയ്‌യുടെ വാക്കുകൾ.