രചന ഇനി പ്രഫസർ: ആ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി
Mail This Article
നടി രചന നാരായണൻകുട്ടിയെപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി. താരസംഘടനയായ ‘അമ്മ’യുടെ മേൽനോട്ടത്തിൽ നടന്ന 'അഭിനയ ഇന്റൻസീവ്' എന്ന നൃത്ത ശിൽപശാലയുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് മമ്മൂട്ടിയും രചനയും തമ്മിലുള്ള രസകരമായ ഒരു സംഭാഷണം നടന്നത്. ‘രചന നാരായണൻകുട്ടിയെ ഇനി പ്രഫസർ എന്ന് വിളിക്കണം' എന്നാണു ചടങ്ങിൽ മമ്മൂട്ടി വെളിപ്പെടുത്തിയത്. മമ്മൂട്ടി പറഞ്ഞത് വാസ്തവമാണെന്നും ബെംഗളൂരുവിലെ ഒരു കോളജിൽ ഡാൻസ് പ്രഫസറായി താൻ അടുത്തിടെ ജോലിയിൽ പ്രവേശിച്ചെന്നും രചന പറഞ്ഞു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും മമ്മൂട്ടി തന്ന ഉപദേശങ്ങൾ തനിക്ക് പാഠമായിട്ടുണ്ടെന്നും രചന നാരായണൻകുട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ വാക്കുകൾ: ‘‘രചനയെ ടീച്ചർ എന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. രചന ഡാൻസ് ടീച്ചറാണ്. സാധാരണ ടീച്ചറൊന്നുമല്ല, ഡാൻസിൽ പോസ്റ്റ്ഗ്രാജുവേഷൻ പാസ് ആയ ആളാണ്. ടീച്ചർ എന്നല്ല പ്രഫസർ എന്നു വിളിച്ചോ. ഇത് ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോൾ ആലോചിക്കുന്നത് അല്ലേ?’’
മമ്മൂട്ടിയുടെ വാക്കുകൾ ഏറെ അമ്പരപ്പോടെയാണ് രചന കേട്ടത്. മറുപടിയിൽ മമ്മൂക്ക പറഞ്ഞതിന്റെ വാസ്തവം രചന വെളിപ്പെടുത്തി.
‘‘മമ്മൂക്ക ഇത് പറഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയെന്ന് ഓർത്തത്. ഞാൻ ഒരു ഇംഗ്ലിഷ് ടീച്ചർ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ബെംഗളൂരിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഡാൻസിൽ പ്രഫസർ ആയി ജോയിൻ ചെയ്തു. മമ്മൂക്ക ഇതെങ്ങനെ അറിഞ്ഞു എന്നാണു ഞാൻ ആലോചിക്കുന്നത്. മമ്മൂക്ക വരും എന്നത് ഒരു സർപ്രൈസ് ആയിരുന്നു. അത് കേട്ടപ്പോൾ തന്നെ നമ്മുടെ വർക്‌ഷോപ്പിന്റെ ലക്ഷ്യം അതിന്റെ പൂർണതയിൽ എത്തിയതുപോലെ തോന്നി. ചില വ്യക്തികളുടെ സാന്നിധ്യം നമ്മെ പ്രചോദിപ്പിക്കും. ഒരു ആക്ടർ എന്ന നിലയിൽ മമ്മൂക്ക നമുക്ക് ഒരു അദ്ഭുതമാണ്.
ഓരോ ദിവസവും അദ്ദേഹം കൂടുതൽ കൂടുതൽ പഠിക്കുകയും അദ്ദേഹം എന്താണെന്ന് നമ്മെ സ്ക്രീനിലും പുറത്തും കാണിച്ചു തരുന്നുണ്ട്. എനിക്ക് പലപ്പോഴും മറക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ മമ്മൂക്ക പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്ക ചിലപ്പോൾ അത് ഓർക്കുന്നുണ്ടാകില്ല. ഈ പഠനം മാത്രമല്ല ജീവിതത്തിലും നമ്മൾ പല കാര്യങ്ങളും പഠിക്കും എന്ന് മമ്മൂക്ക കുറച്ചു മുൻപ് പറഞ്ഞിരുന്നു. എനിക്കും അതുപോലെ ഒരു ഉപദേശം കിട്ടിയിട്ടുണ്ട്. അത് ഞാൻ നിധിപോലെ കൊണ്ടു നടക്കുകയാണ്. ചില കാര്യങ്ങൾ നമ്മൾ നേരിടുമ്പോൾ അതൊരു പഠനമായി എടുക്കാൻ എനിക്ക് അതുകൊണ്ട് കഴിയാറുണ്ട്,’’– രചന നാരായണൻകുട്ടി പറഞ്ഞു.