ADVERTISEMENT

ആടുജീവിതത്തിന് കിട്ടിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ തനിക്ക് ഏറ്റവുമധികം സന്തോഷം തോന്നിയത് ഹകീമായി അഭിനയിച്ച കെ ആർ ഗോകുലിന് കിട്ടിയ പ്രത്യേക ജൂറി പരാമർശമാണെന്ന് സംവിധായകൻ ബ്ലെസ്സി.  ഈ സിനിമയ്ക്ക് വേണ്ടി സമീപിച്ചപ്പോൾ ഗോകുൽ പ്ലസ് ടൂ കഴിഞ്ഞ പയ്യനായിരുന്നു സിനിമയിൽ അഭിനയിച്ചതുകൊണ്ട് ഡിഗ്രി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പൃഥ്വിരാജിനെ പോലെ ഗോകുലും ശരീരഭാരം കുറക്കുകയും പട്ടിണികിടക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോകുന്ന വിധത്തിൽ സിനിമയുമായി സഹകരിച്ച ഗോകുലിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും  സിനിമയ്ക്കും അണിയറപ്രവർത്തകർക്കും ഇത്രയധികം പുരസ്‌കാരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബ്ലെസ്സി പറഞ്ഞു. ആടുജീവിതത്തിന് കിട്ടിയ അംഗീകാരങ്ങളിൽ സന്തോഷം തോന്നുന്നതിനൊപ്പം കേരളം മുഴുവൻ പാടിനടക്കുന്ന പാട്ടുകളുടെ സംഗീതത്തെ ജൂറി പരിഗണിക്കാതെ പോയതിലുള്ള ദുഃഖവും ബ്ലെസ്സി പങ്കുവച്ചു. ആടുജീവിതത്തിലെ പാട്ടുകൾ പരിഗണിക്കാതെ പോയതിൽ ദുഃഖമുണ്ടെങ്കിലും ജൂറിയുടെ തീരുമാനത്തോടൊപ്പം നിൽക്കുന്നുവെന്ന് ബ്ലെസ്സി പറഞ്ഞു. 

"സംസ്ഥാന സർക്കാർ നൽകുന്ന ഒരു അംഗീകാരം എന്ന നിലയിൽ വളരെയധികം സന്തോഷമുണ്ടാകുന്ന കാര്യമാണ്.  ഒമ്പതോളം അവാർഡുകൾ ലഭിച്ചു.  എനിക്ക് മൂന്നാം തവണയാണ് മികച്ച സംവിധായകാൻ എന്ന പുരസ്‌കാരം ലഭിക്കുന്നത്, ഹാട്രിക് എന്ന് വേണമെങ്കിൽ പറയാം. അതിനു മുൻപേ നവാഗത സംവിധായകനും ലഭിച്ചു. എട്ടു സിനിമകൾ ചെയ്തപ്പോൾ നാല് അവാർഡുകൾ സംവിധാനത്തിന് കിട്ടി എന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ചില കാര്യങ്ങൾ എന്നെ അതിശയിപ്പിക്കുന്നുണ്ട്. പക്ഷെ ജൂറിയുടെ തീരുമാനങ്ങൾക്ക് എതിരെ സംസാരിക്കുന്നതിൽ അര്ഥമില്ലാത്തതുകൊണ്ടു ഒന്നും പറയുന്നില്ല.  പ്രധാനപ്പെട്ട അവാർഡുകൾ എല്ലാം ആടുജീവിതത്തിനുണ്ട് എന്നത് വളരെ സന്തോഷം തരുന്നു.  മികച്ച നടൻ, ക്യാമറ, ശബ്ദം, തിരക്കഥ, രഞ്ജിത്ത് അമ്പാടി എന്നിങ്ങനെ നിരധി പുരസ്കരം ലഭിച്ചു. എനിക്ക് ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു എന്നതാണ്. വളരെ മികച്ച രീതിയിൽ അഭിനയിച്ച ഗോകുലിനെ പരിഗണിച്ചതാണ് എനിക്ക് ഈ പുരസ്കാരങ്ങളിൽ ഏറ്റവും മനോഹരമായി തോന്നിയത്. ഒരു സിനിമയെ നമ്മൾ സമീപിക്കുമ്പോൾ അവാർഡ് അല്ല നമ്മുടെ മനസ്സിൽ എത്തുന്നത്.  പ്രേക്ഷകനോട് എങ്ങനെ മികച്ച രീതിയിൽ ആശയവിനിമയം നടത്താം എന്നതാണ്. ഏറ്റവും വലിയ ചലഞ്ച് എന്നത് ഏറെ വായിക്കപ്പെട്ട ഒരു കഥ തിരക്കഥയാകുമ്പോൾ അതാണ്.  ഈ സിനിമയുടെ തിരക്കഥ എഴുതിയപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് 43 അധ്യായങ്ങളിലൂടെ നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തിയ ഈ കഥയെ എങ്ങനെ സിനിമയ്ക്കും എന്നതാണ് .  ഈ കഥ ഇങ്ങനെ തന്നെ കാണണം എന്നതാണ് പക്ഷേ ഇത് സിനിമയാണ് അത് വേറെയാണ്, അതിനെക്കുറിച്ച് കൂടുതൽ ഡിബേറ്റുകൾ നടക്കുന്നുണ്ട്.  ലോകത്തിലുള്ള ക്ലാസിക്കുകൾ സിനിമയാക്കിയപ്പോൾ മിക്കതും വിജയിച്ചിട്ടില്ല. തിരക്കഥാ എഴുത്തുകാരന്റേതായ ഒരു മാറ്റം സിനിമക്ക് കൊണ്ടുവന്നപ്പോൾ അതൊക്കെ പ്രേക്ഷകരും ജൂറിയും അംഗീകരിച്ചത് തിരക്കഥക്ക് കിട്ടിയ ഒരു അംഗീകാരത്തെ ഞാൻ ഒരുപാട് മാനിക്കുന്നു.  

ഇത് എന്റെ എട്ടാമത്തെ സിനിമയാണ്. ഈ സിനിമയിൽ ഏറ്റവും മികച്ച പെർഫോമൻസ് ഞാൻ കണ്ടത് ഇതിന്റെ റീ റെക്കോർഡിങ്ങിൽ ആണ്. സംഗീതത്തിന്റെ ഭാഗം. പല ഭാഷയിൽ ഉള്ള പാട്ടുകൾ ചേർത്ത് വച്ചിട്ട് ചെയ്തതാണ്. അത് പരിഗണിക്കാതെ പോയതിൽ ഖേദമുണ്ട്. ഓരോന്നും ചെയ്യുന്നതിന്റെ വേദന നമുക്ക് അറിയാം.  അത് ആര് ചെയ്തു എന്നതിൽ അല്ല.  കേരളം മുഴുവൻ പാടിക്കൊണ്ട് നടക്കുന്ന പാട്ടുകളുടെ സംഗീതം ജൂറി പരിഗണിക്കാതെ പോയോ എന്ന് സംശയമുണ്ട്. വലിയൊരു ലെജന്റിനെ നമ്മൾ എങ്ങനെ കണ്ടു എന്ന ഒരു ചോദ്യമുണ്ട്.  ഇത് എന്റെ വിഷമം മാത്രമാണ്. ഓരോ ആർട്ടിസ്റ്റുകളെ നമ്മൾ ഒരു സിനിമയിലേക്ക് കൊണ്ടുവരുമ്പോൾ സംവിധായകന്റെ വർക്ക് ബേസ്ഡ് ആകുന്നത് അതിൽ പ്രവർത്തിച്ച ഓരോന്നും ബേസ്ഡ് ആകുമ്പോഴാണ്. ഏറ്റവും കൂടുതൽ ഞാൻ വർക്ക് ചെയ്ത ഏരിയ ഇതിലെ സംഗീതമാണ്. അതിനെ പരിഗണിക്കാതെ പോയത് എന്നെ ആശ്ചര്യപ്പെടുത്തി.  

ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞു ഗോകുൽ എന്ന പുതിയ കുട്ടിയെപ്പറ്റി. ഈ സിനിമയ്ക്ക് വേണ്ടി അവൻ നൽകിയ സമർപ്പണം വലുതാണ്. അയാളുടെ ജീവിതത്തിന്റെ ഒഴുക്ക് തന്നെ മാറിപ്പോയി . ഞാൻ അവനെ പരിചയപ്പെട്ടപ്പോൾ അവൻ പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് ചേരാൻ നിൽക്കുകയാണ്.  ഡിഗ്രിക്ക് ചേർന്നിട്ട് അത് പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.  ഇതുപോലെ തന്മാത്രയിൽ അഭിനയിച്ച അർജുനും ഇതുപോലെ തന്നെ ആയിരുന്നു.  അദ്ദേഹത്തിനും സ്‌പെഷ്യൽ ജൂറി അവാർഡ് കിട്ടിയിരുന്നു.  ഗോകുൽ പൊതുവെ മെലിഞ്ഞ ആളായതുകൊണ്ടായിരിക്കും എന്നാലും അവനും ഇതുപോലെ പട്ടിണി കിടന്നിട്ടുണ്ട്.  അവൻ ഭ്രാന്തൻ ആയിപോകുന്ന ചില അവസ്ഥകൾ കണ്ടിട്ടുണ്ട്.  ഹക്കീമിനെ അവനങ്ങു  ഭാവനയിൽ കൊണ്ടുപോവുകയാണ്    .  ചിലപ്പോഴൊക്കെ ഞാൻ അതിൽ നിന്ന് അവനെ ഇറക്കി കൊണ്ടുപോകേണ്ടി വന്നു.  വീട്ടിൽ പോലും അവൻ അങ്ങനെ പെരുമാറി തുടങ്ങി.  അത്തരത്തിൽ അവന്റെ ജീവിതത്തെ ഒരു കഥാപാത്രം സ്വാധീനിക്കുന്ന വിധത്തിൽ വലിയ ഒരു ശ്രമം നടത്തിയ ഒരു കുട്ടിയാണ് അവൻ. അവനെ നമ്മുടെ സംസ്ഥാനം അംഗീകാരം നൽകി എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.  അതാണ് ഞാൻ ആദ്യം പറഞ്ഞത് ഈ പുരസ്‌കാര വേളയിൽ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഗോകുലിന് കിട്ടിയ പരാമർശമാണ്.  അത് കെട്ടിടത്തിരുന്നെങ്കിൽ ചിലപ്പോൾ ഈ സന്തോഷം ഉണ്ടാകില്ലായിരുന്നു.

ദേശീയ പുരസ്കാരത്തിന്റെ കാറ്റഗറിയിൽ അടുത്ത വർഷമേ ആടുജീവിതം വരികയുള്ളൂ.  സംസ്ഥാനത്തിന്റെ അംഗീകാരം വലിയ കാര്യം തന്നെയാണ്. " ബ്ലെസി പറയുന്നു.

English Summary:

Blessy Elated as KR Gokul Bags Special Jury Award for 'Aadujeevitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com