ADVERTISEMENT

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ‘ആടുജീവിതം’ തിളങ്ങുമ്പോൾ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം കെ.ആര്‍. ഗോകുലിന് ലഭിക്കുകയുണ്ടായി.  തന്‍റെ ആദ്യ സിനിമയില്‍ തന്നെ അത്രത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ഏറ്റവും മികച്ചതാക്കി അവതരിപ്പിക്കുകയും ചെയ്ത ഗോകുലിനെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്.

ആടുജീവിതത്തിലെ ഹക്കീമായി മാറാന്‍ ഗോകുലെടുത്ത പ്രയത്നങ്ങൾ വലിയ കയ്യടി നേടിയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയായി ശരീരഭാരം കുറച്ചാണ് ഗോകുല്‍ ചിത്രത്തില്‍ അഭിനയിച്ചത്.  ഗോകുല്‍ തന്നെ ‘ആടുജീവിത’ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. 

തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ പറയുന്നു. ‘‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ആത്മസമർപ്പണമാണ്. 2004ൽ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം കുറച്ചത് 28 കിലോയാണ്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്‌ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിനു വേണ്ടിയുള്ള എന്റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു ഹക്കിം.’’–ഗോകുലിന്റെ വാക്കുകൾ.

ഹക്കീമായി വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു തന്റെ ആദ്യ ചിത്രത്തിൽ കെ.ആർ. ഗോകുൽ കാഴ്ചവച്ചത്. ചിത്രത്തിനായി കഠിനമായ ഡയറ്റിങ്ങാണ് നടത്തിയത്. ഭക്ഷണം കഴിക്കാതെ പോലും ദിവസങ്ങളോളം കഴിഞ്ഞെന്ന് ഗോകുൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

ചിത്രത്തിന്റെ ഷൂട്ടുതുടങ്ങുന്നതിന് 15 ദിവസം ശേഷിക്കേ, ആദ്യത്തെ മൂന്നുദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചാണ് കഴിഞ്ഞതെന്ന് ഗോകുൽ പറയുകയുണ്ടായി. ഒഡിഷനിലൂടെയാണ് ബ്ലെസി ഹക്കിമായി ഗോകുലിനെ തിരഞ്ഞെടുക്കുന്നതും.

English Summary:

Aadujeevitham" Triumphs at State Film Awards: K.R. Gokul's Debut Performance Earns Special Jury Mention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com