അവാർഡ് ഏതുമാകട്ടെ, അവിടെയും ഇവിടെയും മത്സരത്തിന് ഒരേയൊരു മമ്മൂട്ടി
Mail This Article
സംസ്ഥാന–ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെ രണ്ടിടങ്ങളിലും ഒരേയൊരാളുടെ പേര് മാത്രമാണ് മുഴങ്ങി കേട്ടത്. മമ്മൂട്ടി. ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കാൻ ഇരിക്കെ, മികച്ച നടനുള്ള മൽസരത്തിൽ മമ്മൂട്ടിയും കന്നട താരം ഋഷഭ് ഷെട്ടിയും ഒപ്പത്തിനൊപ്പം. മമ്മൂട്ടിയിലൂടെ വീണ്ടും ദേശീയ പുരസ്കാര തിളക്കം മലയാളത്തിൽ എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. സംസ്ഥാന പുരസ്കാരത്തിൽ മമ്മൂട്ടിക്കൊപ്പം മത്സരിക്കുന്നത് പൃഥ്വിരാജും.
ദേശീയ പുരസ്കാരത്തിൽ മമ്മൂട്ടിക്കുള്ളത് രണ്ട് സിനിമകളാണ്. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനൊപ്പം റോഷാക്കും. മികച്ച നടനുള്ള നാലാമത് ദേശീയ പുരസ്കാരം സ്വന്തമാക്കാനുള്ള മലയാളത്തിന്റെ കളത്തിൽ മമ്മൂട്ടി ഇക്കുറി മുന്നിലാണ്. എന്നാൽ അവസാന റൗണ്ടിൽ എത്തിയ മെഗാ സ്‌റ്റാറിന് വെല്ലുവിളി ഉയർത്തുന്നത് കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയാണ്. കാന്താരയിൽ നടനായും സംവിധായകനായും തിളങ്ങിയ ഋഷഭ് ഷെട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ ഇന്ന് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിച്ചു. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറി ആയിരുന്നു വിധിനിര്‍ണയം.
പൃഥിരാജ് നായകനായ ആടുജീവിതം, മമ്മൂട്ടിയുടെ കാതല്‍ ദ് കോര്‍, കണ്ണൂർ സ്ക്വാഡ്, പാര്‍വതി തിരുവോത്ത്, ഉര്‍വശി എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ച ഉള്ളൊഴുക്ക്, മഹാപ്രളയം പ്രമേയമാകുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ, കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ തുടങ്ങിയ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ അവസാന പരിഗണനയില്‍ എത്തിയിരുന്നു.
പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ട 160 ചിത്രങ്ങളില്‍ പകുതിയിലേറെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താത്തവയാണ്.
അടുത്ത കാലത്തായി ദേശീയ നേട്ടം ഒട്ടേറെ തവണ വഴുതി മാറിയെങ്കിലും പരീക്ഷണ ചിത്രങ്ങൾ ഇത്തവണ മമ്മൂട്ടിയെ തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്.
സായ് പല്ലവി പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം ഗാർഗി, റൺബീർ കപൂർ - ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര, വിക്രം നായകനായ മഹാൻ, മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ, കെജിഎഫ് - 2 തുടങ്ങിയവ വിവിധ വിഭാഗങ്ങളിലേക്ക് മൽസരിക്കുന്നു. വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.