ADVERTISEMENT

2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. 2012ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വീണ്ടും ഇതേ അംഗീകാരം ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ആടുജീവിതത്തിലെ സമാനതകളില്ലാത്ത അഭിനയത്തികവിന് മൂന്നാം തവണയും സംസ്ഥാനബഹുമതി സ്വന്തമാക്കുകയാണ് അദ്ദേഹം.

വളരെ സവിശേഷമായ ഒരു കരിയര്‍ ഗ്രാഫാണ് പൃഥ്വിയുടേത്. വലിയ പ്രതീക്ഷകളോടെയുളള ചലച്ചിത്ര പ്രവേശമായിരുന്നില്ല അത്. കാരണം ജ്വലിച്ചു നിന്ന പല നടീനടന്‍മാരുടെ മക്കള്‍ സിനിമയില്‍ വരുന്നതും ദയനീയമായ പരാജയം ഏറ്റുവാങ്ങൂന്നതുമാണ് അതുവരെയുളള സിനിമാ ചരിത്രം നമ്മെ ബോധ്യപ്പെടുത്തിയിട്ടുളളത്. പ്രേമഗീതം എന്ന ബാലചന്ദ്രമേനോന്‍ ഹിറ്റിലുടെ തുടക്കം കുറിച്ച ഷാനവാസ് (പ്രേംനസീറിന്റെ മകന്‍) ക്രമേണ സിനിമയില്‍ നിന്നും മാഞ്ഞു പോകുകയും സീരിയല്‍ രംഗത്ത് പോലും ചുവടുറപ്പിക്കാന്‍ കഴിയാതെ നിഷ്പ്രഭനാകുന്ന കാഴ്ച നാം കണ്ടു. കെ.പി.ഉമ്മറിന്റെയും എം.ജി.സോമന്റെയും രാഘവന്റെയും ഷീലയുടെയുമെല്ലാം മക്കള്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും എവിടെയും എത്തിയില്ല. മകളെ നായികയാക്കി ഐ.വി.ശശി എന്ന അതികായന്‍ തന്നെ സിനിമ സംവിധാനം ചെയ്‌തെങ്കിലും അതെല്ലാം വൃഥാ വ്യായാമങ്ങളായി.

Aadujeevitham poster

ഈ ദുസ്ഥിതിയുടെ മൂര്‍ദ്ധന്യത്തിലാണ് 2002 ല്‍ നന്ദനം എന്ന രഞ്ജിത്ത് സിനിമയിലൂടെ അദ്ദേഹം സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ പൃഥ്വി കാര്യമായ ബാലാരിഷ്ടകളൊന്നുമില്ലാതെ വെടിപ്പും വൃത്തിയുമുളള പ്രകടനം :കാഴ്ചവച്ചെങ്കിലും നടന്‍ എന്ന നിലയില്‍ അദ്ദേഹം അത്രകണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ല. സിനിമയുടെ വിപണനവിജയവും നല്ല സിനിമ എന്ന അഭിപ്രായവും അതോടൊപ്പം നവ്യാ നായരുടെ ഉജ്ജ്വല അഭിനയവുമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും ആ സിനിമ നവ്യയ്ക്ക് നേടിക്കൊടുക്കുകയുണ്ടായി. 

ഒരു വിജയമൊക്കെ ആര്‍ക്കും സാധിക്കും എന്ന തരത്തില്‍ പൃഥ്വിയുടെ ആദ്യഹിറ്റിനെ എഴുതി തളളാന്‍ ചിലരെങ്കിലും ശ്രമിക്കുകയുണ്ടായി. മാത്രമല്ല ഒരു പയ്യന്‍ ഇമേജില്‍ ചെമ്മീന്‍ തുളളിയാല്‍ മൂട്ടോളം എന്ന തലത്തില്‍ ലഘൂകരിക്കാനും ചില ശ്രമങ്ങളുണ്ടായി. ഈ ഘട്ടത്തില്‍ സംവിധായകന്‍ വിനയനാണ് പൃഥ്വിക്ക് ഒരു കൈ കൊടുത്തത്. സത്യം തുടങ്ങിയ ആക്ഷന്‍ പാക്ക്ഡ് സിനിമകളില്‍ പോലും പൃഥ്വിയെ നായകനായി പരീക്ഷിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടി. ഈ സിനിമകളൊക്കെ തെറ്റില്ലാത്ത വിജയം നേടിയെങ്കിലും പൃഥ്വിരാജ് എന്ന മോസ്റ്റ് വാണ്ടഡ് ആക്ടറിലേക്ക് പിന്നെയും ഒരുപാട് ദൂരം ബാക്കി നിന്നു.

ക്ലാസ്‌മേറ്റസ് പൃഥ്വിയിലെ അഭിനേതാവിന് പക്വമായ മുഖം സമ്മാനിച്ച സിനിമയായിരുന്നു. അതിലെ വിദ്യാര്‍ത്ഥി നേതാവിന്റെ ശരീരഭാഷയും മറ്റും അതുവരെയുളള പെര്‍ഫോമന്‍സില്‍ നിന്നും വേറിട്ടു നിന്നു. ആ ചിത്രം മെഗാഹിറ്റായതോടെ പൃഥ്വിയുടെ നാളുകള്‍ വരാനിരിക്കുന്ന എന്ന പ്രതീതി ജനിപ്പിക്കപ്പെട്ടു.

പൃഥ്വിരാജ് സുകുമാരൻ, ബ്ലെസി
പൃഥ്വിരാജ് സുകുമാരൻ, ബ്ലെസി

എതിര്‍പ്പുകള്‍ മറികടന്ന് കൈപ്പിടിയിലാക്കിയ വിജയം

എന്നാല്‍ ഏതൊരു വലിയ നടനെയും പോലെ അദ്ദേഹത്തെയും സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്ക് നയിച്ചത് പുതിയ മുഖം എന്ന ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരുന്നു. സമാനതകളില്ലാത്ത വിപണനവിജയമാണ് ഈ സിനിമ നേടിയത്. അതുവരെയുളള പൃഥ്വിരാജ് സിനിമകള്‍ക്കൊന്നും ഇത്ര വലിയ കളക്ഷന്‍ ലഭിച്ചതായി അറിവില്ല. ക്ലാസ്‌മേറ്റ്‌സ് വന്‍ഹിറ്റായിരുന്നെങ്കിലും അതൊരു കളക്ടീവ് എഫര്‍ട്ടായാണ് പരിഗണിക്കപ്പെട്ടത്. പൃഥ്വിയുടെ അക്കൗണ്ടിലേക്ക് പൂര്‍ണ്ണമായും ആ വിജയം രേഖപ്പെടുത്തപ്പെട്ടില്ല. ജയസൂര്യ, നരേന്‍, ഇന്ദ്രജിത്ത്, കാവ്യ എന്നിങ്ങനെ പല താരങ്ങളിലേക്ക് ചിതറിപ്പോയ വിജയം. എന്നാല്‍ പുതിയ മുഖം പൃഥ്വിയുടെ മാത്രം ക്രെഡിറ്റില്‍ എഴുതിചേര്‍ക്കപ്പെട്ടു. അനൗപചാരികമായ ഒരു വിവരം കൂടി ചേര്‍ത്തു വായിച്ചാല്‍ പുതിയ മുഖം അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഇരട്ട വഴിത്തിരിവ് കൂടിയായിരുന്നു. ഒന്ന് നടനെന്ന നിലയില്‍ വലിയ താരപദവിയിലേക്കുളള വളര്‍ച്ച. രണ്ട് സംവിധായകനാവുക എന്ന സ്വപ്നം മനസില്‍ സുക്ഷിച്ചിരുന്ന പൃഥ്വി മറ്റൊരു സംവിധായകനെ മുന്നില്‍ നിര്‍ത്തി സിനിമയുടെ എ ടു ഇസഡ് കാര്യങ്ങള്‍ സ്വയം പരീക്ഷിച്ച സിനിമ കൂടിയായിരുന്നു അതെന്നും പറയപ്പെടുന്നു. താരം എന്ന നിലയിലും ക്രിയേറ്റര്‍ എന്ന നിലയിലും വലിയ ദൂരം താണ്ടാന്‍ തനിക്ക് പ്രാപ്തിയുണ്ടെന്ന് പൃഥ്വിയെ സ്വയം ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു പുതിയ മുഖം. ആ ബോധ്യം പ്രേക്ഷകര്‍ക്കും ഒപ്പം ഫിലിം ഇന്‍ഡസ്ട്രിക്കുമുണ്ടായി എന്നതാണ് വാസ്തവം. പൃഥ്വിരാജിനെ വച്ച് വലിയ ബജറ്റ് സിനിമകള്‍ പരീക്ഷിക്കാമെന്നും ഹെവി റോളുകള്‍ അദ്ദേഹത്തെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്നും ഷാജി കൈലാസിനെ പോലെ അന്നത്തെ വലിയ ഹിറ്റ് മേക്കേഴ്‌സിന് ഈ സിനിമ ധൈര്യം നല്‍കി. താന്തോന്നി പോലുളള സിനിമകള്‍ രൂപപ്പെടുന്നത് അങ്ങിനെയാണ്. 

പൃഥ്വിയുടെ ഈ വളര്‍ച്ച ഇന്‍ഡസ്ട്രിയില്‍ തന്നെയുളള ചില പുഴുക്കുത്തുകള്‍ക്ക് ദഹിച്ചില്ലെന്ന് മാത്രമല്ല അവര്‍ തലങ്ങൂം വിലങ്ങും അദ്ദേഹത്തെ ആക്രമിക്കാനും തുടങ്ങി. കൂലിക്ക് ആളെ നിയോഗിച്ച് തീയറ്ററില്‍ വിട്ട് കൂവിക്കുക, പോസ്റ്ററുകറും ഹോര്‍ഡിംഗ്‌സും വലിച്ചു കീറുക, ഇന്റര്‍നെറ്റിലൂടെ ഹേറ്റ് ക്യാംപയിന്‍ നടത്തുക ഇത്തരം മൃഗയാ വിനോദങ്ങളില്‍ ഇടതടവില്ലാതെ അവര്‍ ഏര്‍പ്പെട്ടു. 

ഉളള കാര്യം നേരെ ചൊവ്വേ പറയുന്ന ശീലമുളള സ്ട്രയിറ്റ് ഫോര്‍വേഡായ പൃഥ്വിയുടെ അഭിമുഖങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഇദ്ദേഹം ഒരു അഹങ്കാരിയെന്ന് വ്യാപകമായി പ്രചരിപ്പിക്കാനും ശ്രമം തുടങ്ങി. രാജപ്പന്‍ എന്നൊരു ഇരട്ടപ്പേര് പോലും അവര്‍ സൈബറിടങ്ങളില്‍ അദ്ദേഹത്തിന് നല്‍കി.

ഈ മാഫിയാ സംഘത്തിന്റെ കുതന്ത്രങ്ങളില്‍ സമകാലികരായ മറ്റ് പല താരങ്ങളും ഒന്ന് പതറിയപ്പോള്‍ പൃഥ്വിരാജ് കൂസിയില്ല. അന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ മാതാവ് മല്ലികാ സുകുമാരന്‍ പറഞ്ഞു.

'അത്രയെളുപ്പത്തില്‍ ആര്‍ക്കും രാജുവിനെ ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം അവന്‍ സുകുമാരന്റെ മകനാണ്. ആ തന്റേടവും ധൈര്യവും സത്യസന്ധതയും അപ്പാടെ അവനിലുമുണ്ട്'

പൃഥ്വിയുടെ മൂന്നോട്ടുളള വഴികളും അങ്ങനെ തന്നെയായിരുന്നു. അടിച്ചവരെ തിരിച്ചടിക്കുന്നതിന് പകരം സ്വയം മെച്ചപ്പെടുത്തി മുന്നേറാനായി അത്യദ്ധ്വാനം ചെയ്യുന്ന ഒരു രാജുവിനെ ഫിലിം ഇന്‍ഡസ്ട്രി കണ്ടു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ആ മൂന്നേറ്റം ചെന്നെത്തി. ഐശ്വര്യറായ് യുടെ വരെ നായകനായ അദ്ദേഹം മണിര്തനത്തെ പോലുളള അതികായന്‍മാരുടെ സിനിമകളുടെ ഭാഗമായി.

നടന്‍ എന്ന നിലയില്‍ പൃഥ്വിയുടെ സിദ്ധികള്‍ പരമാവധി ഊറ്റിപ്പിഴിഞ്ഞെടുത്ത രണ്ട് സിനിമകളായിരുന്നു സെല്ലുലോയിഡും അയാളും ഞാനും തമ്മില്‍ എന്നിവ. ആടുജീവിതം അതിന്റെ പരമകാഷ്ഠയില്‍ എത്തി.

സിനിമാ ബിസിനസിലും ക്രിയേറ്റീവ് സൈഡിലും മന്നന്‍..

കലാകാരന്‍മാര്‍ പൊതുവെ ബിസിനസില്‍ പരാജയപ്പെടുകയാണ് പതിവ്. ഇക്കാര്യത്തില്‍ സ്വന്തം പരിമിതികള്‍ തുറന്നു പറഞ്ഞ മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ വന്ന ശേഷമാണ് തന്റെ പ്രൊഡക്ഷന്‍ ഹൗസ് ഇന്ന് കാണുന്ന തലത്തിലെത്തിയതെന്ന് പലപ്പോഴും ആവര്‍ത്തിച്ചു. മറ്റ് പല താരങ്ങള്‍ക്കും നിര്‍മ്മാണക്കമ്പനികള്‍ ഉണ്ടെങ്കിലും അതിന്റെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രം മറ്റ് പലരുമായിരുന്നു. എന്നാല്‍ പൃഥ്വിരാജും ഭാര്യ സൂപ്രിയയും ചേര്‍ന്ന് നയിക്കുന്ന നിര്‍മ്മാണക്കമ്പനിയുടെ അമരത്ത് അവര്‍ തന്നെയാണ്. ജനഗണമനയും ഡ്രൈവിംഗ് ലൈസന്‍സും  മുതല്‍ ഗുരുവായുരമ്പലനടയില്‍ അടക്കം അനവധി ഹിറ്റ് സിനിമകള്‍ ഇത് ശരിവച്ചു.

വിതരണക്കാരന്‍ എന്ന നിലയില്‍ പൃഥ്വിയുടെ കഴിവ് ബോധ്യപ്പെടാന്‍ ഒറ്റ ഉദാഹരണം മതി. കന്നട സിനിമകള്‍ മലയാളത്തില്‍ വിജയിക്കുക പതിവില്ല. എന്നാല്‍ കാന്താര എന്ന പടം കാണാനിടയായ രാജു അത് മലയാളത്തിലേക്ക് മൊഴിമാറ്റി കേരളത്തിലെ തീയറ്ററുകളില്‍ റിലീസ് ചെയ്തു. ഒരു ഒറിജിനല്‍ മലയാള പടം പോലെ അത് കേരളത്തില്‍ വന്‍ഹിറ്റായി തീരുകയും കോടികളുടെ ഷെയര്‍ വരികയും ചെയ്തു.

ഇതൊക്കെയാണെങ്കിലം മറ്റ് താരങ്ങളെ പോലെ കാണുന്ന ബിസിനസുകളിലൊന്നും തലവച്ചു കൊടുക്കുന്ന കൂട്ടത്തിലല്ല പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഇന്‍വസ്റ്റ്‌മെന്റ് മുഴുവനും സിനിമയില്‍ തന്നെയാണ്. 

ഇതിനിടയില്‍ സിനിമയുടെ ക്രിയാത്മക തലത്തിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. 

സംവിധായകന്‍ എന്ന നിലയിലെ ആദ്യസംരംഭമായ ലൂസിഫര്‍ മഹത്തരമായ സിനിമയൊന്നുമായിരുന്നില്ല. പക്കാ മാസ് മസാല. എന്നാല്‍ സിനിമ അറിയുന്നവര്‍ ലൂസിഫര്‍ കണ്ട് പൃഥ്വിയെ മനസാ നമിച്ചു. കാരണം ജോഷിയും പ്രിയദര്‍ശനും ഷാജി കൈലാസും  അടക്കമുളള അതികായന്‍മാര്‍ നിരവധി  പടങ്ങള്‍ ചെയ്ത് വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച സാങ്കേതികത്തികവും സംവിധാന മികവും കന്നിചിത്രത്തില്‍ തന്നെ പൃഥ്വിരാജ് പ്രകടിപ്പിച്ചു. നല്ല കൈത്തഴക്കമുളള പതം വന്ന ഒരു സംവിധായകന്റെ ചിത്രം എന്ന പ്രതീതി ജനിപ്പിച്ചു ലൂസിഫര്‍. ബോക്‌സ് ആഫീസില്‍ വന്‍ഹിറ്റായി മാറിയ ലൂസിഫറിന് പിന്നാലെ വന്ന ബ്രോ ഡാഡിയും മികച്ച വിജയം നേടി. ആക്ഷന്‍ ഓറിയന്റഡ് മെഗാ സിനിമകള്‍ മാത്രമല്ല ഹ്യുമര്‍ ബേസുളള ഫാമിലി എന്റര്‍ടൈനറുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 

ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുക്കുകയാണ് ഈ സംവിധായകന്‍. ഇത് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണെന്ന് പറയപ്പെടുന്നു. 

സിനിമയോടുളള സമര്‍പ്പണമാണ് രാജുവിന്റെ ഏറ്റവും വലിയ മികവായി വിലയിരുത്തപ്പെടുന്നത്. ദിവസങ്ങള്‍ക്ക് ലക്ഷങ്ങളുടെ മൂല്യമുളള നടനാണ് അദ്ദേഹം. ഒരു വര്‍ഷം തുടര്‍ച്ചയായി അഭിനയിച്ചാല്‍ കോടാനുകോടികള്‍ പോക്കറ്റിലേക്ക് പോരും. ആ സിനിമകള്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് വഴി നിര്‍മ്മിച്ചാല്‍ അതിന്റെ പത്തിരട്ടി കയ്യില്‍ വരും. ഈ സാധ്യതകളെല്ലാം മാറ്റി വച്ചാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യാനായി എത്രയോ അധികസമയം നീക്കി വച്ചത്. മലയാളത്തില്‍ ഒരു നടനെ അപേക്ഷിച്ച് സംവിധായകന് ലഭിക്കുന്ന പ്രതിഫലം വളരെ പരിമിതമാണ്. 

കരിയര്‍ മാറ്റി മറിച്ച ആടുജീവിതം
 

പണത്തേക്കാള്‍ സിനിമയെ സ്‌നേഹിക്കുന്ന പൃഥ്വി ഇതേ സമീപനമാണ് ആടുജീവിതം എന്ന സിനിമയിലും സ്വീകരിച്ചത്. എത്രയോ പടങ്ങള്‍ ചെയ്യാനുളള സമയം അദ്ദേഹം ഒറ്റ സിനിമയ്ക്കായി നീക്കിവച്ചു. ശാരീരികമായും മാനസികമായും ഒരുപാട് യാതനകള്‍ സഹിച്ചു. പലപ്പോഴും ശരീരം മെലിയാനായി പട്ടിണി കിടന്നു. ഈ കഷ്ടപ്പാടുകള്‍ക്ക് ലഭിച്ച പ്രതിഫലമായിരുന്നു ആടുജീവിതത്തിന്റെ വിപണനവിജയം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരം അദ്ദേഹത്തെ സംബന്ധിച്ച് ഒരു അധികനേട്ടമാണ്. അതിലുപരി നടന്‍ എന്ന നിലയിലെ സമാനതകളില്ലാത്ത പ്രകടനത്തിന് ലഭിച്ച ബഹുമതിയും.

ആടുജീവിതം നാളിതുവരെയുളള പൃഥ്വിരാജ് കഥാപാത്രങ്ങളില്‍ നിന്നും ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സിനിമ കണ്ട ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. ആത്മസംഘര്‍ഷങ്ങളുടെ പാരമ്യതയിലുടെ കടന്നു പോകുന്ന നജീബിനെ അവതരിപ്പിക്കുമ്പോള്‍ വിശപ്പും വേദനയും നിരാശയും പ്രണയവും കാമവും മോഹഭംഗവും പ്രതീക്ഷയും ആഹ്‌ളാദവും ദുഖവും അടക്കം എല്ലാത്തരം വൈകാരികാവസ്ഥകളും മാറി മാറി പ്രതിഫലിപ്പിക്കേണ്ടതുണ്ട്. തികഞ്ഞ കയ്യടക്കത്തോടെ പൃഥ്വി അതൊക്കെ തന്നെ നിര്‍വഹിച്ചിരിക്കുന്നു. 

പൃഥ്വിരാജ് എന്ന നടന് ഇത്രയധികം പൊട്ടന്‍ഷ്യലുണ്ടോയെന്ന് വിസ്മയം തോന്നും വിധമാണ് അദ്ദേഹം ആ കഥാപാത്രത്തെ ഇംപ്രൊവൈസ് ചെയ്തിട്ടുളളത്. 

സംസ്ഥാന അവാര്‍ഡ് ഒരു തുടക്കം മാത്രമാണ് ഇതിനേക്കാള്‍ വലിയ ബഹുമതികള്‍ ഈ കഥാപാത്രത്തെ തേടി വരാനിരിക്കുന്നതേയുളളുവെന്നാണ് ചലച്ചിത്ര നിരീക്ഷകര്‍ വിലയിരുത്തുന്നത് അത് എന്തായാലും സ്വന്തം നാട്ടില്‍ ലഭിക്കുന്ന അംഗീകാരത്തിന് തിളക്കം ഏറെയുണ്ട്. 42 വയസിനുളളില്‍ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ എന്നത് ചെറിയ കാര്യമല്ല. ഒരു നടനെ സംബന്ധിച്ച് അപുര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടം തന്നെയാണിത്. സമാനതകളില്ലാത്ത ഈ വിജയത്തിളക്കത്തില്‍ പൃഥ്വിരാജ് ഹാര്‍ദ്ദവമായ അഭിനന്ദനം അര്‍ഹിക്കുന്നു. സബാഷ് പൃഥ്വീീീീീ....

അനുബന്ധം :

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരങ്ങളുടെ ഒരു മീറ്റിംഗില്‍ വച്ച് സുകുമാരന്‍ പറഞ്ഞു.

'നീയൊക്കെ നോക്കിക്കോടാ...എന്റെ മക്കള്‍ വരും. അവര്‍ മലയാള സിനിമ പിടിച്ചടക്കുന്ന കാലം വരും'

അക്ഷരാര്‍ത്ഥത്തില്‍ അത് ശരിവയ്ക്കുകയാണ് കാലം. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍.. ഈ നിലകളിലെല്ലാം കേരളത്തിനകത്തും പുറത്തും വേരുകള്‍ സ്ഥാപിച്ച പൃഥ്വിരാജ് സംസ്ഥാന പുരസ്‌കാരത്തിനപ്പുറം ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരത്തികവിലേക്ക് നടന്നടുക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. എ.ആര്‍.റഹ്‌മാനും കീരവാണിക്കും റസൂല്‍ പൂക്കുറ്റിക്കും ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഒരു ഓസ്‌കാര്‍ പ്രതീക്ഷിക്കുന്നവരും കുറവല്ല. അതിനു മാത്രം എഫര്‍ട്ട് ആടുജീവിതം എന്ന സിനിമയ്ക്കായി പൃഥ്വി എടുത്തിട്ടുണ്ട്. അതിനപ്പുറം അഭിനയത്തിന്റെ സമാനതകളില്ലാത്ത തലങ്ങളിലേക്ക് അനായാസം നടന്നു കയറുന്ന ഒരു നടനെയും ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com