‘ബീന ചന്ദ്രൻ ആരാണ്’, എന്തുകൊണ്ട് മികച്ച നടിയായെന്ന് ജൂറി പറയുന്നു
Mail This Article
മികച്ച നടിക്കുള്ള ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉർവശിയോടൊപ്പം പങ്കിട്ട നടിയാണ് ബീന ആർ. ചന്ദ്രൻ. തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്കൂൾ അധ്യാപിക കൂടിയായ ബീന ചന്ദ്രൻ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോകുന്ന സ്ത്രീ ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അനായാസമായി അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രന് ഈ പുരസ്‌കാരം നൽകിയതെന്ന് ജൂറി വ്യക്തമാക്കിയിരുന്നു. എന്നാൽ ഉർവ്വശിയോടൊപ്പം പുരസ്‌കാരം പങ്കിട്ട ബീന ചന്ദ്രൻ ആരാണ് എന്നാണ് സോഷ്യൽ മീഡിയയുടെ അന്വേഷണം.
ശ്രീജിത്ത് മോഹനൻ എന്ന പ്രൊഫൈലിൽ വന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. "മികച്ച നടി ബീന ആർ ചന്ദ്രൻ, അത് ആരാണ് ആർക്കറിയാം" എന്ന കുറിപ്പിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. സിനിമ പോപ്പുലർ ആയതുകൊണ്ടാണ് അവരുടെ അഭിനയം ഉർവശിയുടെ അഭിനയത്തോട് കിടപിടിക്കുന്നതു കൊണ്ടാണ് പുരസ്‌കാരം പങ്കിട്ടുകൊടുത്തത് എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. തടവ് എന്ന സിനിമയിൽ ബീന ടീച്ചർ മികച്ച അഭിനയമാണ് കാഴ്ചവച്ചതെന്നും ചിത്രം ഐ എഫ് എഫ് കെയിൽ ഉണ്ടായിരുന്നു ഞാൻ കണ്ടതാണ് എന്തിനാണ് ഒരാളെ അവഹേളിക്കുന്നത് എന്നുമൊക്കെയാണ് കമന്റുകൾ.
രണ്ട് വിവാഹമോചനങ്ങളിലൂടെ കടന്നുപോയ ഗീത എന്ന അംഗനവാടി ടീച്ചറുടെ സംഘർഷം നിറഞ്ഞ ജീവിതത്തിന്റെ കഥപറയുന്ന ചിത്രമാണ് ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത തടവ്. ജോലിയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഗീത ശാരീരികമായ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു. ജയിൽ വാസികൾക്ക് സൗജന്യമായി ചികിത്സ കിട്ടുമെന്ന് അറിയുന്നതോടെ ജയിലിനുള്ളിൽ എത്തിപ്പെടാനുള്ള ഗീതയുടെ ശ്രമമാണ് സിനിമ പറയുന്നത്. പരൂതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് പുരസ്‌കാര ജേതാവായ ബീന ആർ ചന്ദ്രൻ. ചെറുപ്പം മുതല്‍ നാടകവേദികളില്‍ സജീവമായ ബീന രണ്ട് ഷോട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. തടവ് ആണ് ആദ്യ സിനിമ.