ജോജു പരിഗണനയിൽ പോലും ഇല്ലാതെ പോയത് നിരാശപ്പെടുത്തി: അഖിൽ മാരാർ
Mail This Article
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജോജു ജോർജിനെ ജൂറി തഴഞ്ഞതിൽ നിരാശയുണ്ടെന്ന് സംവിധായകൻ അഖിൽ മാരാര്‍. ‘ഇരട്ട’ സിനിമയിലെ ജോജു ജോർജിന്റെ പ്രകടനം പരിഗണനയിൽപോലും ഇല്ലാതെ പോയത് നിരാശ സമ്മാനിക്കുന്നുവെന്ന് അഖിൽ കുറിച്ചു.
‘‘സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ. അവാർഡുകൾക്ക് പൂർണത ലഭിക്കുന്നത് അത് അർഹത പെട്ടവർക്കു നൽകുമ്പോൾ ആണ്. പൃഥ്വിരാജ് ഇത്തവണ 100 ശതമാനവും അർഹനാണ്.. പക്ഷേ ജോജു ജോർജ് പരിഗണനയിൽ പോലും ഇല്ലാതെ പോയത് നിരാശ സമ്മാനിക്കുന്നു.
രണ്ട് വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ള കഥാപാത്രം ആയി അഭിനയിക്കുക പ്രയാസമുള്ള കാര്യമാണ്.. ഈ രണ്ട് കഥാപാത്രങ്ങൾക്കും അതി വൈകാരികമായ നിമിഷങ്ങൾ ഉണ്ടാവുകയും അത് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങൾ ആയി തന്നെ പ്രേക്ഷകർക്ക് അനുഭവത്തിൽ എത്തിക്കുകയും എന്നത് ഏറ്റവും മികച്ച ഒരഭിനേതാവിന് മാത്രം കഴിയുന്ന ഒന്നാണ്.
ഇരട്ട സിനിമ കണ്ട എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു പിടച്ചിൽ ഉണ്ടായത് ജോജു ജോർജ് എന്ന നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആണ്.ഒന്നിലധികം പേർക്ക് അവാർഡുകൾ നൽകിയിട്ടുള്ള സംസ്ഥാന അവാർഡ് ഇത്തവണ ജോജുവിന് കൂടി നൽകിയിരുന്നെങ്കിൽ കൂടുതൽ മഹത്വവത്കരിക്കപ്പെട്ടേനെ.’’–അഖിൽ മാരാറിന്റെ വാക്കുകൾ.