ADVERTISEMENT

ഉർവശിക്കൊപ്പം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത അറിയുമ്പോൾ ബീന ആർ. ചന്ദ്രൻ ‘അമ്മുവിന്റെ മുത്തശ്ശിയാകാനുള്ള’ യാത്രയിലായിരുന്നു. താൻ പഠിച്ച പള്ളിപ്പുറം പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഏറ്റിരുന്ന ‘ഒറ്റ ഞാവൽമരം’ എന്ന ഏകാംഗ നാടകത്തിൽ അമ്മുവിന്റെ മുത്തശ്ശി എന്ന കഥാപാത്രത്തിനു മേക്കപ്പിട്ടു. അഭിനയം കഴിഞ്ഞപ്പോഴാണ് സദസ്സിലെ കുട്ടികളോട് അവാർഡിന്റെ സന്തോഷം പങ്കുവച്ചത്.

സിനിമ കണ്ട പലരും പലവട്ടം പറഞ്ഞു കൊതിപ്പിച്ച, പക്ഷേ കിട്ടാതിരുന്നാല്‍ ഏറെ സങ്കടമാകില്ലേ എന്നോര്‍ത്ത് എന്നിട്ടും തെല്ലൊരു പ്രതീക്ഷ ബാക്കിവച്ച് മനസ്സിലൊരിടത്തൊളിപ്പിച്ചു വച്ചൊരു കാര്യം യാഥാര്‍ഥ്യമായതിന്റെ സന്തോഷം അങ്ങനെ പടര്‍ന്നു കയറുമ്പോള്‍ ടീച്ചര്‍ തട്ടില്‍ കയറി. മാധവിക്കുട്ടിയുടെ വേനലിന്റെ ഒഴിവ് എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ഒറ്റഞാവല്‍മരം എന്ന ഏകാംഗ നാടകം പഠിപ്പിക്കുന്ന കുട്ട്യോള്‍ക്കും ഒപ്പം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു മുന്നിലും ചായമിട്ട് ഏപ്പോഴത്തേയും പോലെ തന്മയത്തത്തോടെ പകര്‍ന്നാടി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഒരാള്‍ നാടകം ചെയ്തു ആത്മസംതൃപ്തിയിലേക്കിറങ്ങുന്ന കാഴ്ച ചാനലുകളും പകര്‍ത്തി. അങ്ങനെ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ട ബീന ചന്ദ്രന്‍ എന്നതാരാണാപ്പാ എന്ന ചോദ്യം തേടിയവര്‍ക്കെല്ലാം അഭിനയകലയോടുള്ള എല്ലാ സ്‌നേഹവും ചേര്‍ത്തുവച്ചൊരു മറുപടി നല്‍കി അവര്‍. 

beena-r-chandran33

ഐഎഫ്എഫ്‌കെയില്‍ ‘തടവ്’ പ്രദര്‍ശനത്തിനെത്തിയപ്പോഴേ ബീന ആര്‍. ചന്ദ്രന്റെ അഭിനയം സിനിമാ കാഴ്ചകളെ പ്രണയിക്കുന്നവരുടെ പ്രണയം നേടി. സംസ്ഥാന പുരസ്‌കാരം അവരില്‍ പലരും സോഷ്യല്‍ മീഡിയയിലും മറ്റും എഴുതുകയും നല്ല സുഹൃത്തുക്കളൊക്കെ അങ്ങനെയൊരു കാര്യം പറയാനും തുടങ്ങിയതോടെ ബീന ടീച്ചര്‍ക്കും അംഗീകരിക്കപ്പെടലിന്റെ മധുരം കിട്ടിത്തുടങ്ങി. പക്ഷേ കിട്ടിയില്ലെങ്കിലോ ആകെ സങ്കടമാകില്ലേയെന്നു ഓര്‍ത്തപ്പോള്‍ പ്രതീക്ഷകളില്‍ ചെറുതല്ലാത്തൊരു പിടുത്തം പിടിച്ചു. കിട്ടിയില്ലെങ്കിലെന്താ അഭിനയിക്കണമെന്നല്ലേ ആശിച്ചിരുന്നുള്ളൂ, അതിനോടല്ലേ ഭ്രമം, പുതിയ വേദികളിലേക്ക് ഏറ്റവും പുതിയതായി റിഹേഴ്‌സല്‍ ചെയ്തുവച്ച ഒറ്റ ഞാവല്‍മരവുമായങ്ങു പോകുമെന്നോര്‍ത്ത് മനസ്സിനെ പാകപ്പെടുത്തിയ സമയത്താണ് മലയാളം കണ്ട എക്കാലത്തേയും മികച്ച നടിമാരിലൊരാളുടെ പേരിനൊപ്പം ബീന ആര്‍ ചന്ദ്രന്‍ എന്നു കൂടി മുഴങ്ങിയത്. 

പട്ടാമ്പി പരുതൂര്‍ സിഇ യുപി സ്‌കൂളിലെ അധ്യാപികയായ ബീനയുടെ ജീവശ്വാസം നാടകമാണ്. പരുതൂര്‍ ഗ്രാമത്തിലെയും പിന്നെ പട്ടാമ്പി ഗവ.സംസ്‌കൃ കോളെജിലെയും പഠനത്തിനിടയില്‍ മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം എന്നിവയ്‌ക്കൊക്കെ കലോത്സവങ്ങളില്‍ പുരസ്‌കാരം നേടിയിട്ടുണ്ട് ബീന. കോളെജില്‍ പഠിയ്ക്കുമ്പോള്‍ അധ്യാപികയായ ഗീത ടീച്ചറുടെ ശിക്ഷണച്ചില്‍ രംഗത്തെത്തിച്ച സംസ്‌കൃതം നാടകത്തിലൂടെ യൂണിവേ#ഴ്‌സിറ്റി കലോത്സവത്തില്‍ മികച്ച നടിയുമായി. തന്നെ മാത്രമല്ല, അന്നാട്ടിലെ എല്ലാ കുട്ടികളും കലാ രംഗത്തേയ്ക്ക് കടന്നുവരണമെന്ന് ആഗ്രഹിച്ച അച്ഛന്റെയും അമ്മയുടെയും മകളിലേക്ക് അഭിനയമെന്ന ലഹരി പടരുന്നത് അങ്ങനെയൊക്കെയാണ്. പിന്നീട് അധ്യാപികയും വിവാഹിതയുമായപ്പോഴും നാടകം ആദ്യ പ്രണയിനിയെ പോലെ ഒപ്പമുണ്ടായിരുന്നു. ഭര്‍ത്താവ് വിജയകുമാറും കുടുംബവും സ്‌നേഹവും പിന്തുണയുമായി ഒപ്പം ചേര്‍ന്നതോടെ വേദികളില്‍ നിന്ന് വേദികളിലേക്ക് ബീന ടീച്ചറും ഉറച്ചകാല്‍വയ്പ്പുകള്‍ നടത്തി. ആറങ്ങോട്ടുകര കലാപാഠശാല, തൃശൂര്‍ നാടക സംഘം, പൊന്നാനി നാടക വേദി എന്നിവിടങ്ങളൊക്കെ ബീന ചന്ദ്രന്റെ സ്ഥിരം തട്ടകങ്ങളായി. അവരുടെ നാടകങ്ങളിലെ സ്ഥിരം കേന്ദ്ര കഥാപാത്രമായി. എങ്കിലും ആറങ്ങോട്ടുകര കലാപാഠശാലയാണ് ബീന ആര്‍. ചന്ദ്രന്റെ മുഖ്യ സംഘം. 

അഭിനയത്തിലെ പ്രതിഫലത്തെ കുറിച്ച് വലിയ വിചാരങ്ങളൊന്നുമില്ലാതെയാണ് ബീന ടീച്ചറും സംഘവും തട്ടില്‍ കയറാറ്്. പാട്ടും സംഘാടനവുമായി കൂടെ പോരുന്ന ചെറു സംഘത്തിന് അവരര്‍ഹിക്കുന്നതും സംഘാടകര്‍ക്കു താങ്ങാനാകുന്നതുമായ പ്രതിഫലം പറഞ്ഞുറപ്പിക്കാറാണു പതിവ്. സിനിമയിലേക്കു പോന്നപ്പോഴും അതുപോലെ തന്നെ. ചെറിയ ബജറ്റില്‍ തന്നിലെ കലയെ വളര്‍ത്തിയെടുത്ത പരുതൂര്‍ ഗ്രാമത്തിലെ അനേകം മനുഷ്യര്‍ തന്നെ അഭിനേതാക്കളായൊരു ചെറുചിത്രത്തിലാണ് അഭിനയിച്ചതും പുരസ്‌കാരം നേടിയതും എന്നതും മറ്റൊരു പ്രത്യേകത. കഥകളും നല്ല പാഠങ്ങളും വെറുതെ പഠിപ്പിക്കുകയായിരുന്നില്ല ബീന ടീച്ചര്‍. കുട്ടികളായിരുന്നു ശരിക്കും എക്കാലത്തേയും വലിയ കാണികള്‍. അഭിനേത്രിയെ വളര്‍ത്തിയെടുത്തും കുട്ടിമനസ്സുകളില്‍ ഭാവന വിരിയിക്കാന്‍ പാഠപുസ്തകങ്ങള്‍ ആസ്പദമാക്കി നടത്തിയ ചെറുതും വലുതുമായ സര്‍ഗ സൃഷടികളായിരുന്നു. 

beena-r-chandran3

നാടകങ്ങളില്‍ നിന്ന് സിനിമയിലേക്ക് ബീന ടീച്ചറെ ബന്ധിച്ച കണ്ണി ഷോര്‍ട് ഫിലിമുകളായിരുന്നു. സുദേവന്‍ പെരുങ്ങോട്, എം.ജി. ശശി എന്നിവരുടെയും അവാര്‍ഡ് നേടിക്കൊടുത്ത ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ റസാഖിന്റെയും മികച്ച ഷോര്‍ട് ഫിലിമുകളില്‍ ബീന ടീച്ചര്‍ വേഷമിട്ടു. ഫസില്‍ റസാഖിന്റം തടവിലെ അങ്ങേയറ്റം നിസഹായായ ഗീത ടീച്ചറിനെ പോലൊരാളെ ജീവിതത്തില്‍ നേരിട്ടൊന്നും കണ്ടിട്ടില്ല അല്ലെങ്കില്‍ സ്വന്തം ജീവിതത്തില്‍ അങ്ങനെയൊരാളെയും ബീന ടീച്ചറിന് അറിയില്ല. പക്ഷേ ഫസില്‍ റസാഖിന്റെ കഥ പറച്ചിലിനൊടുവില്‍, ഇരുവട്ടം വിവാഹ മോചിതയായ കുറ്റമേറ്റെടുത്ത് ജോലി നഷ്ടപ്പെട്ട് എല്ലാത്തരത്തിലും നിസഹായയാക്കപ്പെട്ട മാരക രോഗത്തിന് അടിമപ്പെട്ട ഗീതയെന്ന അംഗനവാടി ടീച്ചറെ അനായാസം അവര്‍ ഉള്‍ക്കൊണ്ടു, അവതരിപ്പിച്ചു. 

ജീവിതം മുന്നോട്ട് നീട്ടിവച്ച എല്ലാ ദുരിതങ്ങള്‍ക്കുമൊടുവിലെ അവസാനമെന്നോണം ജയിലിനെ തിരഞ്ഞെടുക്കേണ്ടി വന്ന ഗതികെട്ട ജീവിതം ഒട്ടുമേ അതിനാടകീയതില്ലാതെ ബീന ടീച്ചര്‍ പകര്‍ന്നാടി. ആദ്യമായി അഭിനയിച്ച ഫീച്ചര്‍ ഫിലിമിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടുമ്പോള്‍ അത് മുന്നോട്ട് വയ്ക്കാനിടയുള്ള അവസരങ്ങളോട് ആവേശം തെല്ലുമില്ല ടീച്ചറിന്. സിനിമയുടെ പണക്കൊഴുപ്പോ താരമൂല്യമോ ഒട്ടും വശമില്ല. പാഷന്‍ അഭിനയത്തോടാണ്. അതുകൊണ്ട് ഇതുപോലെയുള്ള കയ്യിലൊതുങ്ങുന്ന കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യുമെന്നു മാത്രമേ ബീന ടീച്ചര്‍ക്കു പറയാനുളളൂ.

English Summary:

Beena R Chandran Special Article

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com